സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഈ വര്‍ഷം; 20,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും അനുയോജ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും.

ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കും, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓരോന്നിലും 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി.

2022-ല്‍ ആരംഭിച്ച സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഇതിനകം 6,500 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്‌കില്‍ ഇന്ത്യയും, ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തിന്റെ ഡിജിറ്റല്‍ മാറ്റത്തിന് യുവാക്കളെ സജ്ജമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ ബി പാര്‍ക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *