ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും വ്യാപക ക്രമക്കേടുകൾ; ആക്ഷേപം ഉയർന്നിരിക്കുന്നത് മുരാരി ബാബുവിനെതിരെ

ശബരിമല സ്വർണപ്പാളിത്തട്ടിപ്പിനു പിന്നാലെ ദേവസ്വം ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും വ്യാപക ക്രമക്കേടുകൾ എന്ന് റിപ്പോർട്ടുകൾ.സസ്പെൻഷനിൽ കഴിയുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഏറ്റുമാനൂരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, എറ്റുമാനൂർ ഉൾപ്പെടുന്ന വൈക്കത്തെ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ, തിരുനക്കരയിൽ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഉത്സവ എഴുന്നള്ളിപ്പിനു തിടമ്പേറ്റാൻ സാധാരണ ഒരു കൊമ്പനാണുണ്ടാവുക. ഇതേ ആനയ്ക്കുള്ള പ്രതിഫലത്തുക നൽകാൻ പല സ്പോൺസർമാർ ഉണ്ടാകും. അവരിൽനിന്ന് വെവ്വേറെ പണം കൈപ്പറ്റും. അതേസമയം സ്പോൺസർമാർ പരസ്പരം അറിയുകയുമില്ല. മാത്രമല്ല എഴുന്നള്ളിപ്പിൽ എതിരേൽപിന് ഉപയോഗിക്കുന്ന ആനകളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് അരങ്ങേറും.ഉത്സവ കാലയളവിൽ വൈക്കത്ത് 83 ആനകളെ എഴുന്നള്ളത്തുകളിൽ ഉപയോഗിക്കാറുണ്ട്. ഏറ്റുമാനൂരിലും തിരുനക്കരയിലും കുറഞ്ഞത് 58 ആനകളെയും ഉപയോഗിക്കുന്നു. ഒരേ ആനകളെയാവും ആദ്യാവസാനം എഴുന്നള്ളിക്കുക.

പക്ഷേ, ഓരോ എഴുന്നള്ളത്തിനും സ്പോൺസർമാർ മാറിവരും. ഈ സ്പോൺസർമാരിൽ നിന്ന് വലിയ തുക വാങ്ങും. ആന ഉടമകൾക്കാകട്ടെ, കുറഞ്ഞ തുകയേ നൽകാറു‌ള്ളൂ.മുരാരി ബാബുവിന്റെ നേതൃത്വത്തിലാണു മിക്ക വർഷങ്ങളിലും മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പുകൾ നടന്നിരുന്നത്. ഉത്സവ കാലയളവിൽ മിക്കപ്പോഴും ‘സ്പെഷൽ ഓഫിസർ’ ആയി പ്രവർത്തിച്ചിരുന്ന മുരാരി ബാബു, ദേവസ്വം ബോർഡിന്റെ മൗനാനുവാദത്തോടെ ആന എഴുന്നള്ളിപ്പിനും ‘കരാറുകാരനാ’യി പ്രവർത്തിച്ചെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *