റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ സ്ഥിരമായ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം, റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു.ഇന്ത്യൻ സർക്കാറിന്റെ നയത്തിന് അനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങൾ തുടരും.’ റഷ്യ ഔദ്യോഗികമായി വ്യക്തമാക്കി.
‘ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ‘ഊർജ്ജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ഊർജ്ജ നയത്തിന്റെ ലക്ഷ്യങ്ങളാണ്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വിപുലീകരിക്കുന്നതും വൈവിധ്യവൽക്കരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.വർഷങ്ങളായി ഞങ്ങളുടെ ഊർജ്ജ സംഭരണം വികസിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ദശകത്തിൽ ഇത് സ്ഥിരമായി പുരോഗമിച്ചു. ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ നിലവിലെ യുഎസ് ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ്.’ പ്രസ്താവനയിൽ പറയുന്നു.
