അഞ്ച് വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് വൈകിട്ട് നാലുമണിക്ക് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര മന്ത്രിമാരോടും തലസ്ഥാനത്ത് തുടരാൻ പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധിയും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്താൻ സാധ്യതയുള്ള ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. ആഗോള വിപണിയിലെ ഇന്ധനവില വർദ്ധനവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പണപ്പെരുപ്പം എന്നിവ നേരിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല മന്ത്രിസഭാ സമിതിയെ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.
