മോദിയുടെ സന്ദർശന ലക്ഷ്യം ഇതായിരുന്നു!ഇന്ത്യയുടെ വമ്പൻ നീക്കം!

ലോകം മുഴുവൻ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ, യുദ്ധഭീതിയും ആഗോള വിപണിയിലെ തകർച്ചയും വൻകിട ശക്തികളെപ്പോലും ഉലയ്ക്കുമ്പോൾ… അവിടെയിതാ ഭാരതം ചരിത്രത്തിലെ ഏറ്റവും വലിയൊരു സാമ്പത്തിക-തന്ത്രപ്രധാന കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണ്!
ഈ കഴിഞ്ഞ മെയ് 15 മുതൽ മെയ് 20 വരെയുള്ള ആ ദിവസങ്ങൾ… ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട ദിവസങ്ങളായിരുന്നു. , ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അത്യന്തം നിർണ്ണായകമായ അഞ്ച് വിദേശ രാജ്യങ്ങളുടെ സന്ദർശനമായിരുന്നു ആ ദിവസങ്ങളിൽ നടന്നത്.
വെറുമൊരു സൗഹൃദ സന്ദർശനമല്ലിത്. ആഗോള രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട്, ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമഴുതാൻ പോകുന്ന വമ്പൻ നീക്കങ്ങളാണ് ഈ മെയ് 15 മുതൽ 20 വരെയുള്ള യാത്രയിലുടനീളം സംഭവിച്ചത്.
യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി… കേൾക്കുമ്പോൾ വെറും രാജ്യങ്ങളുടെ പേരുകളായി തോന്നാം. പക്ഷേ, ഈ 5 രാജ്യങ്ങൾ ഭാരതത്തിന് എന്തിനാണ് ഇത്രയധികം പ്രാധാന്യമുള്ളതാകുന്നത്?
ഒറ്റയടിക്ക് ഏകദേശം 40 ബില്യൺ ഡോളറിന്റെ… അതായത് നമ്മുടെ ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണ് ഈ ഒരൊറ്റ സന്ദർശനം വഴി ഇന്ത്യ ഉറപ്പാക്കിയിരിക്കുന്നത്! പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യ, ഊർജ്ജ പ്രതിസന്ധി പരിഹരിക്കൽ തുടങ്ങി ഇന്ത്യക്ക് ചുറ്റും സാമ്പത്തികമായും തന്ത്രപരമായും വലിയൊരു സുരക്ഷാകവചം തീർക്കാൻ ഈ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയെ വരും ദശാബ്ദങ്ങളിൽ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ കെല്പുള്ള എന്തൊക്കെ തന്ത്രപ്രധാനമായ തീരുമാനങ്ങളാണ് ഈ യാത്രയിലുടനീളം ഉണ്ടായത്?? അവിടെ വെച്ച് ഒപ്പുവെച്ച ആ വിപ്ലവകരമായ കരാറുകൾ എന്തൊക്കെയാണ്? നമുക്ക് വിശദമായി തന്നെ പരിശോധിക്കാം.

പ്രധാനമന്ത്രി തന്റെ ചരിത്രപ്രധാനമായ സന്ദർശനത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഇന്ത്യയുടെ ഏറ്റവും അടുത്ത സൌഹൃദരാജ്യങ്ങളിലൊന്നായ യു.എ.ഇ ആണ്. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ തന്ത്രപ്രധാന പങ്കാളിയായ യു.എ.ഇയുമായി ഊർജ്ജ-പ്രതിരോധ സുരക്ഷാ മേഖലകളിലാണ് നമ്മൾ കൈകോർത്തത്. നരേന്ദ്ര മോദി എന്ന ഭരണാധികാരിക്ക് ഗൾഫ് നാടുകളിൽ ലഭിക്കുന്ന വമ്പൻ സ്വീകാര്യത നമ്മൾ വീണ്ടും കണ്ട നിമിഷങ്ങളായിരുന്നു അത്.
ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലും ധനകാര്യ മേഖലയിലുമായി 5 ബില്യൺ ഡോളറിന്റെ, അതായത് ഏകദേശം 41,000 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് യു.എ.ഇ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ എന്നിവയുടെ വികസനത്തിന് വലിയൊരു തുക തന്നെയാണ്.
ഇതിനെല്ലാം പുറമെ, ലോകവിപണിയിൽ ഇന്ധനവിലയും എണ്ണ വിതരണവും വലിയ രീതിയിൽ അസ്ഥിരമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ‘സ്ട്രാറ്റജിക് പെട്രോളിയം റിസർവ്’ ശക്തമാക്കാനും എൽ.പി.ജി വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള അതിപ്രധാനമായ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതായത്, അന്താരാഷ്ട്ര തലത്തിൽ എന്ത് യുദ്ധമുണ്ടായാലും ഇന്ത്യയിലെ സാധാരണക്കാരന് ഇന്ധനവും പാചകവാതകവും മുടങ്ങില്ലെന്ന് ഈ കരാറിലൂടെ പ്രധാനമന്ത്രി ഉറപ്പുവരുത്തി.
പ്രതിരോധ രംഗത്തും വലിയൊരു ചുവടുവെപ്പാണ് ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ-സുരക്ഷാ സഹകരണം ശക്തമാക്കാൻ ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്’ കരാർ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ നിർമാണത്തിനും അതിന്റെ അറ്റകുറ്റപ്പണികൾക്കുമായി ഒരു വൻ ക്ലസ്റ്റർ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. നമ്മുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കീഴിൽ യുദ്ധക്കപ്പലുകൾ വരെ ഇന്ത്യയിൽ നിർമിക്കാൻ ഇത് വഴിയൊരുക്കും.

യു.എ.ഇയിലെ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി അടുത്തതായി സന്ദർശിച്ചത് യൂറോപ്പിലെ സാങ്കേതിക വിദ്യയുടെ ഹബ്ബായ നെതർലൻഡ്‌സ് ആണ്. ഈ സന്ദർശനത്തോടെ നെതർലൻഡ്‌സുമായുള്ള ഇന്ത്യയുടെ ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന ഉന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഭാവി ലോകത്തെ നിയന്ത്രിക്കാൻ പോകുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലാണ് ഇവിടെ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്.
വരുംകാലങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡ് വരാൻ പോകുന്ന സെമികണ്ടക്ടർ അഥവാ കമ്പ്യൂട്ടർ ചിപ്പ് നിർമാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), , സൈബർ സുരക്ഷ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നെതർലൻഡ്‌സ് പൂർണ്ണ സമ്മതം അറിയിച്ചു കഴിഞ്ഞു.
നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഫോണുകൾ, കാറുകൾ, മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ചിപ്പുകൾ നിർമിക്കാനുള്ള മെഷീനുകൾ ലോകത്ത് ഏറ്റവും കൂടുതൽ നിർമിക്കുന്നത് നെതർലൻഡ്‌സിലാണ്. അവരുമായി ഈ മേഖലയിൽ കൈകോർക്കുന്നത് വഴി ഇന്ത്യയെ ഒരു ആഗോള ടെക്നോളജി ഹബ്ബാക്കി മാറ്റാൻ നമുക്ക് സാധിക്കും. ഇത് വഴി ലക്ഷക്കണക്കിന് പുതിയ ഐടി, എഞ്ചിനീയറിംഗ് ജോലികളാണ് ഇന്ത്യയിലെ യുവാക്കളെ തേടി വരാൻ പോകുന്നത്.

നെതർലൻഡ്‌സിന് ശേഷം പ്രധാനമന്ത്രി യാത്ര തിരിച്ചത് ഡിജിറ്റൽ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച സ്വീഡനിലേക്കാണ്. ഡിജിറ്റൽ പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡനുമായി ചേർന്ന് 2026-2030 കാലയളവിലേക്കുള്ള ഒരു സംയുക്ത കർമ്മപദ്ധതിക്ക് രൂപം നൽകി. അതായത് അടുത്ത നാല് വർഷം കൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വരുംദിവസങ്ങളിൽ നമ്മൾ കേൾക്കാൻ പോകുന്ന 6G ടെലികമ്മ്യൂണിക്കേഷൻ ഗവേഷണം, കൂടുതൽ വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ, ഹരിത ഊർജ്ജ മാറ്റം അഥവാ ഗ്രീൻ ട്രാൻസിഷൻ, വലിയ തോതിലുള്ള അത്യാധുനിക ഉൽപ്പാദന മേഖലകൾ എന്നിവയിലാണ് സ്വീഡനുമായുള്ള കരാർ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇന്റർനെറ്റ് സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് ഏറ്റവും വേഗതയിലും കുറഞ്ഞ ചിലവിലും എത്തിക്കാൻ ഈ കൂട്ടുകെട്ട് ഇന്ത്യയെ സഹായിക്കും. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് ലോകരാജ്യങ്ങൾ നൽകുന്ന വലിയൊരു അംഗീകാരം കൂടിയാണിത്.

സ്വീഡനിലെ ചർച്ചകൾ പൂർത്തിയാക്കി പ്രധാനമന്ത്രി നേരെ പോയത് നോർവേയിലേക്കാണ്. നോർവേയിൽ വെച്ച് നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. യൂറോപ്പിലെ അഞ്ച് നോർഡിക് രാജ്യങ്ങളുമായി ഇന്ത്യയുടെ തന്ത്രപ്രധാനമായ വലിയൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ നരേന്ദ്ര മോദിയുടെ വ്യക്തിപരമായ സ്വാധീനം കൊണ്ട് ഈ സന്ദർശനം വഴി സാധിച്ചു.
നോർവേയുമായി പ്രധാനമായും ‘ബ്ലൂ ഇക്കോണമി’ അഥവാ സമുദ്ര സമ്പദ്‌വ്യവസ്ഥയെക്കുറിച്ചാണ് ഇന്ത്യ ചർച്ചകൾ നടത്തിയത്. സമുദ്രവിഭവങ്ങളുടെ ശരിയായ ഉപയോഗം, വിദേശ രാജ്യങ്ങളിലേക്ക് വലിയ രീതിയിലുള്ള കയറ്റുമതി സാധ്യമാക്കൽ, പുനരുപയോഗ ഊർജ്ജം, വരുംകാലങ്ങളിൽ ലോകം നേരിടാൻ പോകുന്ന കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കൽ തുടങ്ങിയ മേഖലകളിൽ നോർഡിക് രാജ്യങ്ങളുടെ അത്യാധുനിക സാങ്കേതിക സഹായവും വലിയ തോതിലുള്ള വിദേശ നിക്ഷേപവും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഈ സന്ദർശനത്തിലൂടെ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ഹരിത ഊർജ്ജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത നേടുന്നതിൽ ഇത് നിർണ്ണായകമാകും.

ഈ ചരിത്രപ്രധാനമായ വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി എത്തിയത് ഇറ്റലിയിലാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ‘സ്പെഷ്യൽ സറ്റ്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന സവിശേഷ പദവിയിലേക്ക് ഉയർത്താൻ തീരുമാനമായി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കും മോദിക്കും ലഭിക്കുന്ന വലിയൊരു ബഹുമാനത്തിന്റെ തെളിവായിരുന്നു ഈ കൂടിക്കാഴ്ച.
പ്രതിരോധ നിർമാണ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുന്ന ‘ഡിഫൻസ് ഇൻഡസ്ട്രിയൽ റോഡ്മാപ്പ്’ ഇരുരാജ്യങ്ങളും ചേർന്ന് തയ്യാറാക്കി. ഇത് കൂടാതെ ഭാവിയിലെ സ്മാർട്ട്ഫോണുകൾക്കും പ്രതിരോധ ഉപകരണങ്ങൾക്കും അത്യാവശ്യമായി വേണ്ട ലിഥിയം, കോബാൾട്ട് തുടങ്ങിയ നിർണായക ധാതുക്കളുടെ (Critical Minerals) ഖനനത്തിൽ സഹകരിക്കാനും ധാരണയായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, ഇന്ത്യയുടെ സ്വന്തം ആയുർവേദം ലോകമെമ്പാടും വ്യാപിപ്പിക്കൽ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ കൈകോർക്കുന്ന വലിയ കരാറുകളിലാണ് ഒപ്പുവെച്ചത്. പ്രതിരോധ രംഗത്തും ആരോഗ്യ രംഗത്തും ഇന്ത്യക്ക് വലിയൊരു കുതിച്ചുചാട്ടത്തിനുള്ള വഴിയാണ് ഇറ്റലിയിൽ ഒരുങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *