യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു . ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചൂക് ആണ് സെലെൻസ്കി വൈകാതെ ഇന്ത്യയിലെത്തുമെന്ന് വ്യക്തമാക്കിയത്. റഷ്യയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ മാറ്റംവരുത്താൻ ഉന്നമിട്ടായിരിക്കും സെലെൻസ്കിയുടെ വരവെന്നും സൂചനകളുണ്ട് .
റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിലും 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിച്ചതും പോളിഷ്ചൂക് എടുത്തുപറഞ്ഞു.ധീരമായ നീക്കമായിരുന്നു മോദിയുടേത്. സെലെൻസ്കിയുടെ ഇന്ത്യാ സന്ദർശനം അന്നേ തീരുമാനിച്ചതാണെന്നും പോളിഷ്ചൂക് പറഞ്ഞു. സ്വതന്ത്ര യുക്രെയ്ൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടവും അന്ന് മോദി സ്വന്തമാക്കിയിരുന്നു.യുദ്ധപശ്ചാത്തലത്തിലും യുക്രെയ്ൻ സന്ദർശിക്കാൻ സന്നദ്ധരായ ചുരുക്കം ലോകനേതാക്കളിലൊരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ബിസിനസ് സഹകരണ പദ്ധതികളായിരിക്കും യുക്രെയ്ൻ ആസൂത്രണം ചെയ്യുകയെന്ന സൂചനയും പോളിഷ്ചൂക് നൽകി.
യുദ്ധസമയത്ത് യുക്രെയ്നിലെത്തിയ നയതന്ത്രം ; ധൈര്യം കാണിച്ച ചുരുക്കം നേതാക്കളിൽ ഒരാളാണ് മോദിയെന്ന് യുക്രെയ്ൻ
