മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

മദ്യപിക്കാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് വിരലടിച്ചൊടിച്ച മകൻ പോലീസ് പിടിയിൽ. റാന്നി കരികുളം പഴവങ്ങാടി സ്വദേശി ജോബി ജേക്കബ് ജോർജ് (43) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് 9 ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി പണത്തിനായി അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മുൻപും സമാനമായ പരാതികളിൽ പോലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചിരുന്നു.

എന്നാൽ ഞായറാഴ്ച വീണ്ടും പണം ആവശ്യപ്പെട്ട ജോബി, അമ്മ പണം നൽകാൻ വിസമ്മതിച്ചതോടെ പശുത്തൊഴുത്തിൽ നിന്ന് വലിച്ചിറക്കി തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കമ്പുകൊണ്ട് അടിച്ചതിനെ തുടർന്നാണ് അമ്മയുടെ കൈവിരലിന് പൊട്ടലേറ്റത്. കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്‌പെക്ടർ സിബി എസ്., പോലീസ് ഉദ്യോഗസ്ഥരായ നിതിൻ, അസീബ് അസീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *