സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി

രാജ്യത്ത് സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തുന്നത് അവർക്ക് തൊഴിൽ വിപണിയിൽ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെയുള്ള തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആർത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകും. “തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും,” എന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. ബോധവൽക്കരണവും നിയമപരമായ നിർബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. ആർത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹർജിക്കാരന്‍റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *