മാധ്യമങ്ങൾക്ക് മുമ്പിൽമിണ്ടാട്ടം മുട്ടി പിണറായി

ഇന്ന് നമ്മൾ സംസാരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പുതിയ ‘മെഡിക്കൽ ക്ലിനിക്കിനെ’ കുറിച്ചുമാണ്. അതെ, നിങ്ങൾ കേട്ടത് ശരിയാണ്. ഇത്രയും കാലം നമ്മൾ കരുതിയത് അദ്ദേഹം ഭരണം നടത്തുകയാണെന്നാണ്, എന്നാൽ മലപ്പുറത്ത് എത്തിയപ്പോൾ അദ്ദേഹം ഒരു ‘സൈക്യാട്രിസ്റ്റ്’ ആയി മാറിയിരിക്കുകയാണ്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് എന്ത് അസുഖമാണെന്ന് നോക്കി നോക്കി കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. എങ്ങനെയുണ്ട് നമ്മുടെ ഒരു മുഖ്യമന്ത്രി?മലപ്പുറത്ത് ഒരു വാർത്താസമ്മേളനം നടക്കുന്നു. സാധാരണ ഗതിയിൽ മുഖ്യമന്ത്രി വരുമ്പോൾ നമ്മൾ വിചാരിക്കും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ഒക്കെ സംസാരിക്കുമെന്ന്. എന്നാൽ അവിടെ നടന്നത് ഒരു ഒന്നൊന്നര ‘ഇൻവെസ്റ്റിഗേഷൻ’ ആയിരുന്നു. മാധ്യമപ്രവർത്തകർ ചില ചോദ്യങ്ങൾ ചോദിച്ചു. അതും വലിയ അന്യായമായ ചോദ്യങ്ങളൊന്നുമല്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന സി.പി.എം – എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ച്. വോട്ട് കച്ചവടം നടക്കുന്നുണ്ടോ, ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചത് എന്തിനാണ് എന്നൊക്കെ അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ടാകില്ലേ? പക്ഷേ, നമ്മുടെ മുഖ്യമന്ത്രിക്ക് ആ ചോദ്യം തീരെ അങ്ങോട്ട് പിടിച്ചില്ല.
ഉടനെ വന്നു മറുപടി—”ഇയാൾക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ!” എന്ന്. ആഹാ, എന്ത് മനോഹരമായ ജനാധിപത്യം! ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചാൽ അയാൾക്ക് സൂക്കേടാണെന്ന് പറയുന്ന ഈയൊരു ശൈലി നമ്മൾ മുൻപും കണ്ടിട്ടുണ്ട്. ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ച ആ പഴയ പിണറായിസം അതിന്റെ എല്ലാ തീവ്രതയോടും കൂടി മലപ്പുറത്ത് പുനർജനിച്ചു എന്ന് പറയുന്നതാകും ശരി. ചോദ്യം അപ്രിയമാണെങ്കിൽ മറുപടി അധിക്ഷേപം എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ലോജിക് അനുസരിച്ച്, അദ്ദേഹം പറയുന്ന കാര്യങ്ങൾ മാത്രം കേട്ട് മിണ്ടാതെ തലയാട്ടി മടങ്ങുന്നവരാണ് നല്ല മാധ്യമപ്രവർത്തകർ. മറിച്ച് വല്ല ചോദ്യവും ചോദിച്ചാൽ അവർക്ക് ഒന്നുകിൽ ‘അജണ്ട’ ഉണ്ടാകും, അല്ലെങ്കിൽ ‘സൂക്കേട്’ ഉണ്ടാകും. എസ്.ഡി.പി.ഐ വോട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നത് അത് അവരോട് തന്നെ ചോദിക്കണമെന്നാണ്. ശരിയാണ്, പക്ഷേ വോട്ട് സ്വീകരിക്കുന്ന പാർട്ടിയുടെ നേതാവ് എന്ന നിലയിൽ മറുപടി പറയേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനില്ലേ? യു.ഡി.എഫിന് വർഗീയ ബന്ധമുണ്ടെന്ന് പറയാൻ നൂറ് നാവുള്ള മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടിക്കെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് മുന്നിൽ മാത്രം എന്തിനാണ് ഇത്ര അസഹിഷ്ണുത?
നേരത്തെ ഒരു പാർട്ടി പ്രവർത്തകൻ ചോദ്യം ചോദിച്ചപ്പോൾ ‘വീട്ടിൽ പോയി ചോദിക്കാൻ’ പറഞ്ഞ അതേ ആവേശം തന്നെയാണ് ഇവിടെയും കണ്ടത്. ഇത് ശരിക്കും ‘ഇരട്ടച്ചങ്കല്ല’, മറിച്ച് ചോദ്യങ്ങളെ നേരിടാനുള്ള പേടിയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ഒരു മുഖ്യമന്ത്രിയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് മാന്യമായ മറുപടിയാണ്, അല്ലാതെ വ്യക്തിഹത്യയല്ല. ‘ചെറ്റ’ പ്രയോഗം മുതൽ ഇങ്ങോട്ട് രാഷ്ട്രീയ അന്തസ്സിന് നിരക്കാത്ത പദപ്രയോഗങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്.
വാർത്താസമ്മേളനം എന്നത് ഒരു സംവാദ വേദിയാക്കരുത് എന്ന് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതായത്, അദ്ദേഹം പറയുന്നത് മാത്രം റെക്കോർഡ് ചെയ്ത് പോയാൽ മതി എന്ന്. ജനാധിപത്യത്തിൽ മാധ്യമങ്ങൾ എന്നത് ചോദ്യങ്ങൾ ചോദിക്കാൻ ഉള്ളതാണ്. അത് തടയാൻ നോക്കുന്നത് സൂര്യനെ മുറം കൊണ്ട് മറയ്ക്കാൻ നോക്കുന്നതുപോലെയാണ്. മലപ്പുറത്ത് കണ്ടത് അസഹിഷ്ണുതയുടെ ആൾരൂപത്തെയാണ്. ചോദ്യം ചോദിക്കുന്നവരെ രോഗികളാക്കുന്ന ഈ പുതിയ ‘പിണറായിസം’ കേരള രാഷ്ട്രീയത്തിന് ഒട്ടും ഗുണകരമല്ല.
നമ്മൾ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്! പണ്ട് ‘കടക്ക് പുറത്ത്’ എന്ന് കേട്ടപ്പോൾ നമ്മൾ വിചാരിച്ചു അത് ഒരു ആവേശത്തിന് പറഞ്ഞുപോയതാണെന്ന്. പക്ഷേ ഇപ്പോൾ മനസ്സിലായില്ലേ, അത് അദ്ദേഹത്തിന്റെ ഒരു ‘സ്റ്റൈൽ’ ആണെന്ന്. ചോദ്യം ചോദിക്കുന്നവനെ ശത്രുവായി കാണുന്ന, അവർക്ക് ‘സൂക്കേട്’ ഉണ്ടെന്ന് വിധിക്കുന്ന ഈ ഒരു രീതി ശരിക്കും ഒരു പ്രത്യേക തരം ‘പിണറായിസം’ തന്നെയാണ്.
ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്ന് പറയാൻ അദ്ദേഹം ആരാണ്? വാർത്താസമ്മേളനം എന്നത് മുഖ്യമന്ത്രിയുടെ ‘മൻ കി ബാത്ത്’ അല്ലല്ലോ? അദ്ദേഹം പറയുന്നത് മാത്രം കേട്ട് തലയാട്ടി മടങ്ങാൻ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ പാർട്ടി കേഡർമാരല്ല.
എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോൾ ‘അത് അവരോട് പോയി ചോദിക്കണം’ എന്ന് പറയുന്നതിലെ ലോജിക് ഒന്ന് ആലോചിച്ചു നോക്കൂ. ഒരു രാഷ്ട്രീയ പാർട്ടിക്ക് കിട്ടുന്ന പിന്തുണയെക്കുറിച്ച് ആ പാർട്ടിയുടെ നായകനോടല്ലാതെ പിന്നെ ആരോടാണ് ചോദിക്കേണ്ടത്? മുൻപ് കെ.പി.സി.സി പ്രസിഡന്റിനെ ‘ചെറ്റ’ എന്ന് വിളിച്ച അതേ നാവുതന്നെയാണ് ഇപ്പോഴും അധിക്ഷേപങ്ങൾ ചൊരിയുന്നത്. ഇത് കാണിക്കുന്നത് അധികാരം തലയ്ക്കു പിടിച്ച ഒരാളുടെ ധിക്കാരമാണോ അതോ ചോദ്യങ്ങളെ നേരിടാനുള്ള പേടിയാണോ?”
മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട് പണ്ടേ ഒരു പ്രത്യേക തരം ‘അലർജി’ ഉണ്ട്. ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് തുടങ്ങിയ ആ ശത്രുത ഇപ്പോൾ ‘സൂക്കേട്’ പരിശോധനയിൽ എത്തി നിൽക്കുന്നു. തന്റെ അപ്രീതി പിടിച്ചുപറ്റുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് അജണ്ട ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ സ്ഥിരം പല്ലവി.
സത്യത്തിൽ, സ്വന്തം ഭരണത്തിലെ വീഴ്ചകളെക്കുറിച്ചോ, വിവാദങ്ങളെക്കുറിച്ചോ ചോദ്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ പ്രകോപിതനാകുന്നത്? വർഗീയതയെ എതിർക്കുന്നു എന്ന് ഗിരിപ്രഭാഷണം നടത്തുന്ന അതേ മുഖ്യമന്ത്രിയാണ്, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം ഓർക്കുന്നത് നന്നായിരിക്കും.”മുഖ്യമന്ത്രിക്ക് ഈ ‘സൂക്കേട്’ കണ്ടുപിടിക്കാൻ ഇത്ര വലിയ കഴിവുണ്ടെങ്കിൽ നമുക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു ബോർഡ് വെക്കാം—’മുഖ്യമന്ത്രിയുടെ രോഗനിർണ്ണയ കേന്ദ്രം’. ചോദ്യം ചോദിക്കുന്നവർക്ക് സൗജന്യ ചികിത്സ! കേരളം ഭരിക്കുന്ന തിരക്കിനിടയിൽ ഈ പാവം മാധ്യമപ്രവർത്തകരുടെ ആരോഗ്യം കൂടി നോക്കുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു വലിയ കൈയ്യടി കൊടുക്കാതെ പറ്റില്ലല്ലോ?”ഒരു കാര്യം കൂടി എടുത്തു പറയണം. ഇങ്ങനെയൊരു മുഖ്യമന്ത്രിയെ കിട്ടാൻ നമ്മൾ മലയാളികൾ ശരിക്കും പുണ്യം ചെയ്തവരാണ്. ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇതുപോലെ ഒരു ഭരണാധികാരി? ചോദ്യം ചോദിക്കുന്നവന്റെ മൈക്ക് ഓഫ് ചെയ്യുകയോ, അവനെ നോക്കി ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുകയോ, അല്ലെങ്കിൽ അവന്റെ മാനസികനില പരിശോധിച്ച് അവന് ‘സൂക്കേട്’ ഉണ്ടെന്ന് വിധി എഴുതുകയോ ചെയ്യുന്ന ഇത്രയും ‘കരുണയുള്ള’ ഒരു മുഖ്യമന്ത്രി നമുക്ക് മാത്രം സ്വന്തം!
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പാവം മാധ്യമപ്രവർത്തകരുടെ ആരോഗ്യത്തെക്കുറിച്ച് ഇത്രയും ആശങ്കയുണ്ടോ? ഇല്ലേയില്ല! പക്ഷേ നമ്മുടെ മുഖ്യമന്ത്രി അങ്ങനെയല്ല. അദ്ദേഹം ഒരു വാർത്താസമ്മേളനം വിളിച്ചാൽ അത് വെറും വാർത്തകൾക്ക് വേണ്ടിയല്ല, മറിച്ച് അവിടെ ഇരിക്കുന്നവരുടെ ‘രോഗനിർണ്ണയത്തിന്’ വേണ്ടിക്കൂടിയാണ്. ഒരു ചോദ്യം ചോദിക്കുമ്പോഴേക്കും ഇയാൾക്ക് എന്ത് അസുഖമാണ്, ഏത് ഹോസ്പിറ്റലിൽ കാണിക്കണം എന്നൊക്കെ കൃത്യമായി പറഞ്ഞുതരുന്ന ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളപ്പോൾ നമുക്ക് എന്തിന് വേറെ ഡോക്ടർമാർ?

Leave a Reply

Your email address will not be published. Required fields are marked *