ശരീരസൗന്ദര്യവും കായികക്ഷമതയും നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെൻഡ് മാത്രമല്ല, അനിവാര്യത കൂടിയാണ്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെന്നോ വ്യത്യാസമില്ലാതെ ജിംനേഷ്യങ്ങൾ ഇന്ന് സജീവമാണ്. എന്നാൽ, ആരോഗ്യം മെച്ചപ്പെടുത്താൻ ജിമ്മിലെത്തുന്ന യുവാക്കൾ വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിക്കുന്ന വാർത്തകൾ സമീപകാലത്തയി നമ്മെ ഭീതിയിലാഴ്ത്തുന്നു. കശ്മീരിലെ യുവാവിന്റെ ആകസ്മിക മരണം മുതൽ നാഗ്പൂരിൽ അമിത വ്യായാമത്തെത്തുടർന്ന് തലച്ചോറിലെ രക്തധമനി പൊട്ടിയ 23കാരന്റെ അവസ്ഥ വരെ വിരൽ ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്, വ്യായാമം അമൃതാണ്, പക്ഷേ അളവ് തെറ്റിയാൽ അത് വിഷവുമാണ്. ജിമ്മുകളിൽ തളർന്നുവീണു മരിക്കുന്ന യുവാക്കൾ! വില്ലൻ അമിതവേഗമോ അതോ അറിവില്ലായ്മയോ?
ആഘാതമായി മാറുന്ന വർക്ക്ഔട്ടുകൾ.
കശ്മീരിലെ ഒരു യുവാവ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചകളാണ് ഉയരുന്നത്. കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ, ഹാസ്യനടൻ രാജു ശ്രീവാസ്തവ തുടങ്ങി പ്രമുഖരുടെ മരണങ്ങളും ജിമ്മിലെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തിയിരുന്നു.ശാരീരികക്ഷമത ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന പരമ്പരാഗത വിശ്വാസത്തെ ഇത്തരം സംഭവങ്ങൾ വെല്ലുവിളിക്കുന്നു .എന്തുകൊണ്ടാണ് ഫിറ്റ്നസ് ഉള്ളവരിലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത്? വ്യായാമത്തിനിടയിലുണ്ടാകുന്ന പെട്ടെന്നുള്ള ഹൃദയസ്തംഭനം ഒരു കാരണത്താലല്ല സംഭവിക്കുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഹൃദയത്തിന്റെ പേശികളിലുണ്ടാകുന്ന അസ്വാഭാവികമായ വളർച്ചയോ ഹൃദയമിടിപ്പിലെ താളപ്പിഴകളോ ഇതിന് കാരണമാകാം. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ രക്തം ആവശ്യമായി വരുന്നു. ഈ സമയത്ത് രക്തധമനികളിലെ ചെറിയ തടസ്സങ്ങൾ പോലും വില്ലനായേക്കാമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്.
∙ ഭക്ഷണക്രമവും കൊളസ്ട്രോളും, നിശബ്ദ കൊലയാളികൾ
ജിമ്മിൽ പോകുന്നതുകൊണ്ട് മാത്രം ഒരാൾ പൂർണ ആരോഗ്യവാനാകണമെന്നില്ല.ഭക്ഷണരീതിയിൽ വരുത്തുന്ന പിഴവുകൾ വലിയ വില നൽകേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.പ്രത്യേകിച്ച് എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര, മൈദ, ഉപ്പ് എന്നിവയുടെ അമിത ഉപയോഗം രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിയാൻ കാരണമാകുന്നു. തീവ്രമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയം വേഗത്തിൽ രക്തം പമ്പ് ചെയ്യാൻ ശ്രമിക്കുന്നു. . രക്തക്കുഴലുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയോ ഇടുങ്ങിയിരിക്കുകയോ ആണെങ്കിൽ ഈ മർദം താങ്ങാനാവാതെ ധമനികൾ പൊട്ടിപ്പോകാം. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനം വഴി രക്തം കട്ടപിടിക്കുന്നതിനും തൽഫലമായി ഹൃദയാഘാതത്തിലേക്കോ സ്ട്രോക്കിലേക്കോ നയിക്കുകയും ചെയ്യുന്നു.
∙ തലച്ചോറിലെ പരുക്കുകൾ
നാഗ്പൂരിലെ 23 വയസ്സുകാരനായ ഓം ഭോയറുടെ അനുഭവം അതിഭീകരമാണ് .കഠിനമായ വർക്ക്ഔട്ടിന് ശേഷം തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ട ഇദ്ദേഹത്തിന് സ്ട്രോക്ക് സംഭവിക്കുകയായിരുന്നു.അമിത വ്യായാമം കാരണം തലച്ചോറിലെ രക്തധമനി പൊട്ടിയതായിരുന്നു കാരണം..ഭാഗ്യം കൊണ്ടും കൃത്യസമയത്ത് ചികിത്സ ലഭിച്ചത് കൊണ്ടുമാണ് ആ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചത്.അമിതമായി ആയാസം അനുഭവപ്പെട്ടാൽ അത് അവഗണിക്കരുത് എന്നതിന്റെ വലിയൊരു പാഠമാണിത്.
∙ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വ്യായാമം ചെയ്യുമ്പോൾ ചില ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത, അമിതമായ കിതപ്പ്, തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരക്കുറവ് അനുഭവപ്പെടുക കഠിനമായ തലവേദനയോ ഛർദ്ദിയോ, കൈകാലുകളിലോ പുറത്തോ അനുഭവപ്പെടുന്ന അസ്വാഭാവികമായ വേദന തുടങ്ങി ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
∙ സുരക്ഷിതമായ വ്യായാമത്തിന് ചില നിർദേശങ്ങൾ
ഒരു വിദഗ്ധനായ ട്രെയിനറുടെ മേൽനോട്ടത്തിൽ മാത്രം വ്യായാമം ആരംഭിക്കുക…
സ്വാഭാവികമായ ഭക്ഷണരീതിയിലൂടെ പോഷകങ്ങൾ കണ്ടെത്താൻ ശ്രമിക്കുക….
നിങ്ങളുടെ ശരീരം നൽകുന്ന സിഗ്നലുകൾ കേൾക്കുക. ക്ഷീണമോ വേദനയോ അനുഭവപ്പെട്ടാൽ വ്യായാമം നിർത്താൻ മടിക്കരുത്…
വ്യായാമം ആരോഗ്യത്തിനാണ്, ആവേശത്തിനല്ല. ദിവസേന 30-45 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം
ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ വ്യായാമം അത്യാവശ്യമാണ്. എന്നാൽ അത് ശാസ്ത്രീയവും മിതവുമാകണം.ശരിയായ ഭക്ഷണക്രമം, കൃത്യമായ വിശ്രമം, ശാസ്ത്രീയമായ വ്യായാമം – ഈ മൂന്ന് കാര്യങ്ങളാണ് യഥാർഥ ആരോഗ്യത്തിന്റെ താക്കോൽ.
