സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷാ ക്യാമറകൾ കൂട്ടത്തോടെ പണിമുടക്കുന്നു. നഗരത്തിലെ സുരക്ഷയ്ക്കായി സ്ഥാപിച്ച 108 ക്യാമറകളിൽ 40-ലധികം ക്യാമറകളാണ് നിലവിൽ പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുന്നത്. സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പോലും പ്രവർത്തിക്കുന്നില്ലെന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ക്യാമറകൾ തകരാറിലായതോടെ കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ ലഭിക്കാതെ പൊലീസും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി പൊലീസ് ആവർത്തിച്ച് കത്തുകൾ അയച്ചിട്ടും സ്മാർട്ട് സിറ്റി അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തുക സ്മാർട്ട് സിറ്റി മുടക്കിയതാണ് നിലവിലെ വൻ പ്രതിസന്ധിക്ക് പ്രധാന കാരണം. പദ്ധതിക്ക് ഇന്റർനെറ്റ് സേവനം നൽകുന്ന എംഎസ്പി എന്ന കമ്പനിക്ക് പണം ലഭിക്കാതായതോടെ അവർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതോടെയാണ് സെക്രട്ടറിയേറ്റ് പരിസരത്തെയടക്കം ഭൂരിഭാഗം നിരീക്ഷണ ക്യാമറകളുടെയും പ്രവർത്തനം പൂർണ്ണമായി സ്തംഭിച്ചത്.
