കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമായി. തലസ്ഥാന നഗരിയിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വഴിയിൽ കുടുങ്ങി പരീക്ഷാർത്ഥികൾ
ഹർത്താൽ ഏറ്റവും കൂടുതൽ ബാധിച്ചത് പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളെയാണ്. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് ദേശീയപാത ഉപരോധിച്ചതോടെ വി.ഐ.ടി (VIT) എൻട്രൻസ് പരീക്ഷ എഴുതാൻ പോകേണ്ടിയിരുന്ന നിരവധി വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസ്സുകളിൽ കുടുങ്ങി. കൃത്യസമയത്ത് പരീക്ഷാ സെന്ററുകളിൽ എത്താൻ കഴിയാത്തതിനെ തുടർന്ന് പലർക്കും പരീക്ഷ നഷ്ടമാകുന്ന സാഹചര്യമുണ്ടായി.
ഡോക്ടർമാരും ആംബുലൻസുകളും ബ്ലോക്കിൽ
അടിയന്തര സർവീസുകളെ തടയില്ലെന്ന് സമരക്കാർ അറിയിച്ചിരുന്നെങ്കിലും, വലിയ വാഹനങ്ങളുടെ നീണ്ട നിര കാരണം ആംബുലൻസുകൾക്കും ഡോക്ടർമാർക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കൊല്ലം മെഡിസിറ്റിയിൽ അടിയന്തര ശസ്ത്രക്രിയക്കായി പോകേണ്ടിയിരുന്ന ഡോക്ടർ അടക്കമുള്ളവർ മണിക്കൂറുകളോളം കഴക്കൂട്ടത്ത് കുടുങ്ങിക്കിടന്നു.
മറ്റ് ജില്ലകളിലെ സ്ഥിതി:
തൃശ്ശൂർ: മാളയിൽ ഹർത്താൽ അനുകൂലികൾ ബാങ്കുകൾ നിർബന്ധിപ്പിച്ചു അടപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി: കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികളുടെ വാഹനങ്ങൾ തടഞ്ഞു.
കൊല്ലം: കൊട്ടാരക്കരയിൽ തുറന്നു പ്രവർത്തിച്ച കടകൾ സമരക്കാർ അടപ്പിച്ചു. എം.സി റോഡിൽ വാഹനങ്ങൾ തടഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
നിതിൻ രാജിന്റെ മരണത്തിന് പിന്നിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, 18 ദിവസം പിന്നിട്ടിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് സമരക്കാരുടെ ആരോപണം. എന്നാൽ, മുൻകൂട്ടി അറിയിച്ച ഹർത്താലായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
നിതിൻ രാജിന് നീതി വേണം; സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹർത്താൽ: പരീക്ഷാ ജിതികളും രോഗികളും വലഞ്ഞു;
