മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്;.

കോഴിക്കോട്ടെ മാറാട് കടലോരഗ്രാമത്തിലെ കടല്‍ക്കാറ്റിന് ഇന്നും ചോരയുടെ മണമുണ്ട്. ആ കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസാകുന്നു. മത്സ്യത്തൊഴിലാളികളായ എട്ട് പേരാണ് 2003 മെയ് രണ്ട് വെള്ളിയാഴ്ച സായംസന്ധ്യയില്‍ മാറാട്ടെ കടല്‍ക്കരയില്‍ ഒരുപറ്റം മുസ്ലിം തീവ്രവാദികളുടെ വാളുകള്‍ക്കിരയായത്. മാറാട്ടെ പരമ്പരാഗത മത്സ്യതൊഴിലാളി സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത പദ്ധതിയുമായാണ് അക്രമിസംഘമെത്തിയത്. എട്ടുപേരുടെ ജീവനെടുത്താണ് അവര്‍ തിരിച്ചുപോയത് .

കൂട്ടക്കൊലയ്‌ക്ക് പിന്നില്‍, പിന്നീട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് പേരുമാറിയ ഭീകരസംഘടനയായ എന്‍ഡിഎഫ് അടക്കമുള്ള സംഘടനകള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2008-ലാണ് മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആദ്യത്തെ കോടതിവിധി വരുന്നത്. 63 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വിചാരണകോടതി ശിക്ഷ ശരിവെച്ചുകൊണ്ട് മറ്റ് 22 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ കേരളത്തിലെ അത്യപൂര്‍വ്വ നിയമപോരാട്ടമായി അത് മാറി. ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്ക് കൂടി മാറാട് പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത് ഈ കേസിലെ സുപ്രധാന വഴിത്തിരിവായിരുന്നു. പ്രതികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം കൊടുക്കുന്ന നിലപാടായിരുന്നു ഇടത് വലത് മുന്നണികള്‍ എടുത്തതെങ്കിലും ഹിന്ദു സംഘടനകളുടെ ശക്തമായ പിന്തുണയോടുകൂടിയാണ് നിയമ പോരാട്ടം മുന്നേറിയത്.സംഭവത്തെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ സംഭവത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. സിബിഐ അന്വേഷണം വേണമെന്നായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സിബിഐ അന്വേഷണത്തെ ഏത് വിധേനയും ഒഴിവാക്കാനുള്ള ഇരുമുന്നണികളുടെയും നിഗൂഢ അജണ്ടയുടെ ഭാഗമായി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. പിന്നീട് ഹൈക്കോടതിയില്‍ നിരന്തര നിയമപോരാട്ടം നടന്നു. 2016ലാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് 2017 ജനുവരി 19 ന് സിബിഐ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. സിബിഐ സംഘത്തിന്ആവശ്യമായ രേഖകള്‍ നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

കേരളത്തില്‍ മതഭീകരതയെ പിന്തുണയ്‌ക്കുന്ന ഇരുമുന്നണികളുടെയും തനിനിറമാണ് മാറാട് കൂട്ടക്കൊലയുടെ ചരിത്രം വിളിച്ചുപറയുന്നത്. ആരാധനാലയങ്ങള്‍ പോലും ആയുധപ്പുരകളാക്കി മാറ്റി നിരപരാധികളെ ഉന്മൂലനം ചെയ്യാനുള്ള മുസ്ലിം ഭീകരതയുടെ കേരളത്തിലെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണിത്. നിയമ, നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഹിന്ദുസമൂഹത്തിന്റെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ കഥ കൂടിയാണ് മാറാട് കൂട്ടക്കൊലയുടെ ചരിത്രത്തിലുള്ളത്.രാഷ്‌ട്രവിരുദ്ധതയുടെയും ഭീകരവാദത്തിന്റെയും കരിനിഴല്‍ ഇന്നും നിലനില്‍ക്കുന്ന കേരളത്തില്‍ മാറാട് കൂട്ടക്കൊല നടന്ന മെയ് രണ്ട് ഒരു ഓര്‍മ്മപ്പെടുത്തലാണ്, ഒപ്പം ജീവന്‍ നഷ്ടപ്പെട്ട മാറാട്ടെ എട്ട് മത്സ്യത്തൊഴിലാളികള്‍ക്കുള്ള ശ്രദ്ധാഞ്ജലിയും. നാളെ രാവിലെ 7.30ന് മാറാട് കടപ്പുറത്ത് ശ്രദ്ധാഞ്ജലി ചടങ്ങ് നടക്കും. വൈകിട്ട് 5ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭീകരവിരുദ്ധ ദിനാചരണത്തില്‍ കെ.പി. ശശികല ടീച്ചര്‍, എ.പി. അഹമ്മദ്, ആരിഫ് ഹുസൈന്‍, ശശി കമ്മട്ടേരി എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *