കോൺഗ്രസ്സിൽ വീണ്ടും ട്വിസ്റ്റ്

ജനങ്ങളെ സേവിക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഡൽഹിയിലെ കൊടും ചൂടിൽ തപസ്സ് ചെയ്യുകയാണ്. എന്തിനാണെന്നല്ലേ? തപസ്സിന്റെ ലക്ഷ്യം മോക്ഷമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി കസേരയാണ്! കേരളത്തിൽ ഭരണം കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആർക്കും വലിയ ഉറപ്പൊന്നുമില്ല, പക്ഷേ മുഖ്യമന്ത്രി കുപ്പായം അടിച്ചു വെക്കാൻ നമ്മുടെ നേതാക്കൾ കാണിക്കുന്ന ഈ ഒരു ആവേശം ഉണ്ടല്ലോ… അത് സമ്മതിച്ചു കൊടുക്കണം. ഐക്യമത്യം മഹാബലം എന്നൊക്കെ നമ്മൾ പണ്ട് പഠിച്ചിട്ടുണ്ട്, പക്ഷേ കോൺഗ്രസിലേക്ക് വരുമ്പോൾ അത് ‘ഗ്രൂപ്പിസം മഹാബലം’ എന്നായി മാറിയിരിക്കുകയാണ്.
ഒരേ സമയം മൂന്ന് പേരാണ് മുഖ്യമന്ത്രി പദത്തിനായി വടംവലി നടത്തുന്നത്. ഹൈക്കമാൻഡിന്റെ വിശ്വസ്തൻ കെ.സി. വേണുഗോപാൽ ഒരു വശത്ത്, പ്രതിപക്ഷ നേതാവിന്റെ കസേരയിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ഷോർട്ട് കട്ട് നോക്കുന്ന വി.ഡി. സതീശൻ മറുവശത്ത്. ഇതിനിടയിൽ ‘അനുഭവസമ്പത്തിന്റെ’ കെട്ടുമായി രമേശ് ചെന്നിത്തലയും. കാലങ്ങളായി എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ കൊമ്പുകോർത്ത ചരിത്രമേ നമുക്കറിയൂ. എന്നാൽ ഇപ്പോൾ കഥ മാറി. കെ.സിയെ തടയാൻ വേണ്ടി ചെന്നിത്തലയുടെ കീഴിൽ ഉപമുഖ്യമന്ത്രിയാകാൻ പോലും സതീശൻ റെഡി! എന്തൊരു വിട്ടുവീഴ്ചാ മനോഭാവം! സ്വന്തം ശത്രുവിനെ തോൽപ്പിക്കാൻ ശത്രുവിന്റെ ശത്രുവിനെ കെട്ടിപ്പിടിക്കുന്ന ഈ രാഷ്ട്രീയ തന്ത്രം കണ്ടാൽ ചാണക്യൻ പോലും തോറ്റുപോയിട്ടുണ്ടാകും.
പക്ഷേ സീൻ അവിടെയും തീരുന്നില്ല. കേരളത്തിലെ രാഷ്ട്രീയ പോര് ഇപ്പോൾ ഡൽഹിയിലെ തെരുവുകളിലേക്ക് പറന്നിരിക്കുകയാണ്. കേരള ഹൗസിന് മുന്നിൽ നേതാക്കളെ കൂവി വിളിക്കുന്ന അണികൾ, പോസ്റ്റർ കീറുന്നവർ, മാസ് എൻട്രി നടത്തുന്നവർ… സംഗതി ഉഷാറായിട്ടുണ്ട്. സ്വന്തം പാർട്ടിക്കാരെ പേടിച്ച് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയേണ്ടി വരുന്ന നേതാക്കളുടെ ഗതികേട് കൂടി കാണുമ്പോൾ ഈ ‘അധികാരക്കളി’ ശരിക്കും ഒരു കോമഡി ഷോ ആയി മാറിയിരിക്കുകയാണ്. ഒരു വ്യവസായി വിചാരിച്ചാൽ മഞ്ഞുരുകുന്ന മുസ്ലീം ലീഗും, 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കെ.സി പക്ഷവും കൂടി ആകുമ്പോൾ സംഗതി ജോറായി. നമുക്ക് നോക്കാം,മെയ് നാലാം തീയതി റിസൾട്ട് വന്നതാണ്. വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസിന് കിട്ടിയത് 102 സീറ്റെന്ന മാന്ത്രിക സംഖ്യ. ജനങ്ങൾ വിചാരിച്ചു, ‘ഇനി ഭരണം തുടങ്ങുമല്ലോ’ എന്ന്. പക്ഷേ, ജനങ്ങൾക്കറിയില്ലല്ലോ ഭരണം തുടങ്ങണമെങ്കിൽ ആദ്യം ആര് വാഴണം എന്ന കാര്യത്തിൽ ഒരു തീരുമാനമാകണമെന്ന്! ഇന്ന് മെയ് 9 ആയി. അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഒരു തീരുമാനമില്ല. ജനം ടിവിക്ക് മുന്നിൽ ആകാംക്ഷയോടെ ഇരിക്കുകയാണ്, നേതാക്കൾ ഡൽഹിയിൽ ഗുസ്തി പിടിക്കുകയാണ്. 102 സീറ്റ് കിട്ടിയ സന്തോഷത്തേക്കാൾ, ആര് മുഖ്യമന്ത്രിയാകും എന്ന വാശിയിലാണ് എല്ലാവരും.
സത്യം പറഞ്ഞാൽ, കേരളത്തിലെ ജനങ്ങൾക്ക് സിനിമ കാണേണ്ട ആവശ്യമില്ല, ഈ ചാനൽ ചർച്ചകൾ മാത്രം നോക്കിയാൽ മതി. ഇതിലും വലിയ എന്റർടൈൻമെന്റ് വേറെ എവിടെ കിട്ടാനാണ്? മെയ് 4 മുതൽ തുടങ്ങിയ ഈ ‘കസേര കളി’ ഇപ്പോൾ ഡൽഹിയിലെ തെരുവുകളിൽ എത്തി നിൽക്കുന്നു. ഉമ്മൻചാണ്ടിയുടെ പോസ്റ്റർ കീറാൻ കാണിച്ച അതേ ആവേശം ഇപ്പോൾ സ്വന്തം കെപിസിസി പ്രസിഡന്റിനെ കൂവി വിളിക്കാനും അണികൾ കാണിക്കുന്നുണ്ട്. ഇതാണല്ലോ കോൺഗ്രസിന്റെ ഒരു ലൈൻ! ജയിച്ചാൽ ജയിച്ചവരും തോറ്റാൽ തോറ്റവരും ഒരുപോലെ അടികൂടും.
ഈ ഗ്യാപ്പിലാണ് നമ്മുടെ കെ.സി. വേണുഗോപാലിന്റെ മാസ് എൻട്രി. 47 എംഎൽഎമാർ കൈയ്യിലുണ്ടെന്നാണ് അവകാശവാദം. അതായത് ജയിച്ച പകുതിയോളം പേരും കെ.സിയുടെ പോക്കറ്റിലാണെന്ന്! ഇത് കേട്ടപ്പോൾ സതീശൻ ക്യാമ്പിന് ഇരിക്കപ്പൊറുതിയില്ലാതായി. അങ്ങനെയാണ് വർഷങ്ങളായി മിണ്ടാതിരുന്ന സതീശനും ചെന്നിത്തലയും ഇപ്പോൾ ഒരേ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലെത്തിയത്. “കെ.സി വന്നാൽ നമുക്ക് രണ്ടിനും ഒന്നും കിട്ടില്ല, അതുകൊണ്ട് നീ മുഖ്യമന്ത്രിയായാൽ ഞാൻ ഉപമുഖ്യമന്ത്രിയാകാം” എന്ന സതീശന്റെ ആ വലിയ മനസ്സ് ഉണ്ടല്ലോ… അത് സമ്മതിച്ചു കൊടുക്കണം. സോണിയ ഗാന്ധി ഇടപെട്ട് കെ.സിയെ മാറ്റുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഇതിനിടയിൽ കോൺഗ്രസിലെ ഈ തല്ല് കണ്ട് അന്തം വിട്ടു നിൽക്കുകയാണ് മുസ്ലീം ലീഗ്. സതീശന് വേണ്ടി വാദിച്ച ലീഗിനെ ഒരു പ്രമുഖ വ്യവസായി ഫോൺ വിളിച്ച് ‘സെറ്റിൽ’ ആക്കിയത്രേ! രാഷ്ട്രീയത്തിൽ ഈ വ്യവസായികൾക്കുള്ള സ്വാധീനം നോക്കണേ. ലീഗിനെ ഒതുക്കി, സതീശനെ വെട്ടി, ചെന്നിത്തലയെ ഒപ്പം കൂട്ടി കെ.സി നടത്തുന്ന ഈ നീക്കങ്ങൾ കണ്ടാൽ നെറ്റ്ഫ്ലിക്സ് സീരീസ് പോലും തോറ്റു പോകും. തിരുവനന്തപുരത്ത് തുടങ്ങേണ്ട ഭരണം ഇപ്പോൾ ഡൽഹിയിലെ കേരള ഹൗസിന്റെ ഇടനാഴികളിൽ ശ്വാസം മുട്ടി നിൽക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും പറ്റാത്തവർ എങ്ങനെ 102 സീറ്റ് ഭരിക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *