സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ട്. മറ്റന്നാൾ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണത്തെ തെക്ക്-പടിഞ്ഞാറൻ കാലവർഷം നിശ്ചിത സമയത്തിനും മുൻപേ കേരളത്തിൽ എത്തിച്ചേരുമെന്നാണ് പ്രവചനം. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളതെങ്കിലും, ഇക്കുറി മെയ് 26-ഓടെ തന്നെ മഴയെത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാഹചര്യം അനുസരിച്ച് ഇതിൽ നാല് ദിവസത്തെ മുന്നേറ്റമോ താമസമോ ഉണ്ടായേക്കാം. കഴിഞ്ഞ വർഷം മെയ് 24-നായിരുന്നു കേരള തീരത്ത് കാലവർഷം എത്തിയത്.
