അഞ്ചു മാസം മുൻപ് വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയിൽ,

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശിനിയായ ട്വിഷ ശർമ (33) ആണ് മധ്യപ്രദേശിലെ ഭോപാലിലുള്ള ഭർതൃവീട്ടിൽ മരണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനവും നിർബന്ധിത ഗർഭഛിദ്രവുമാണ് ട്വിഷയുടെ ആത്മഹത്യയ്ക്ക് കാരണണമെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർഥ് സിങ്, ഭർതൃമാതാവും റിട്ടയേർഡ് ജഡ്ജിയുമായ ഗിരിബാല സിങ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ട്വിഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചു മാസം മുൻപായിരുന്നു സമർഥ് സിങ്ങുമായുള്ള ട്വിഷയുടെ വിവാഹം. എന്നാൽ വിവാഹശേഷവും ഭർതൃവീട്ടിൽ നിന്ന് കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് ട്വിഷയ്ക്ക് നേരിടേണ്ടി വന്നതെന്ന് കുടുംബം ആരോപിക്കുന്നു. ട്വിഷയുടെ പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവും നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. അടുത്തിടെ ഗർഭിണിയായ ട്വിഷയ്ക്ക് കുഞ്ഞിന് ജന്മം നൽകാൻ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി ഭർതൃവീട്ടുകാർ ചേർന്ന് ട്വിഷയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കിയതായി കുടുംബം ആരോപിക്കുന്നു. ഇത് മകളെ മാനസികമായി വലിയ തകർച്ചയിലാഴ്ത്തിയിരുന്നു.മരണപ്പെടുന്നതിന് തൊട്ടുമുൻപ് ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് ഭർതൃവീട്ടിലെ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. സംഭാഷണത്തിനിടയിൽ ഭർത്താവ് മുറിയിലേക്ക് വന്നതോടെ ഫോൺ കട്ടായി. പിന്നീട് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഫോൺ എടുത്തില്ല. പത്ത് മിനിറ്റിന് ശേഷം ഫോണെടുത്ത ഭർതൃമാതാവിനോട് മകളുടെ മുറി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. അഞ്ച് മിനിറ്റിന് ശേഷം ട്വിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിക്കുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്വിഷയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ശരീരത്തിൽ ചിലയിടങ്ങളിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതായും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. യുവതിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് സമർഥ് സിങ്, ഭർതൃമാതാവ് ഗിരിബാല സിങ് എന്നിവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *