വി.ഡി. സതീശൻ മന്ത്രിസഭയിൽ താൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ പട്ടിക വരുന്നത് വരെ ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കൊപ്പം നിൽക്കാനും അവർക്കായി പ്രവർത്തിക്കാനും തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും, ഏതെങ്കിലും പദവി വേണമെന്ന് ഒരു നിർബന്ധവുമില്ലെന്ന കാര്യം തിരഞ്ഞെടുപ്പിന് മുൻപേ വ്യക്തമാക്കിയതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താൻ എത്തിയതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി രമേശ് ചെന്നിത്തലയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ കാസർകോട് ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന ശക്തമായ ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. ഇത്തവണ ഇടതുപക്ഷ കോട്ടകൾ തകർത്താണ് കാസർകോട് ജില്ലയിൽ യുഡിഎഫ് വലിയ വിജയം നേടിയത്. അതിനാൽ ജില്ലയ്ക്ക് മന്ത്രിസ്ഥാനത്തിന് എല്ലാ അർഹതയുമുണ്ട്. കാസർകോടിനെ പരിഗണിച്ചില്ലെങ്കിൽ അത് ജില്ലയിലെ വോട്ടർമാരെ അവഹേളിക്കുന്നതിന് തുല്യമായിരിക്കുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് അറുതി വരുത്താൻ മന്ത്രിസ്ഥാനം അത്യാവശ്യമാണെന്നും കോൺഗ്രസ്-മുസ്ലിം ലീഗ് നേതൃത്വങ്ങൾ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
