സഖ്യകക്ഷികൾ എല്ലാം മന്ത്രിസഭയിൽ വേണം! തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്;

മുഖ്യമന്ത്രി വിജയ് നയിക്കുന്ന പുതിയ തമിഴ്‌നാട് മന്ത്രിസഭയിൽ എല്ലാ സഖ്യകക്ഷികളും പങ്കാളികളാകണമെന്ന് ഭരണകക്ഷിയായ തമിഴക വെട്രി കഴകം ആവശ്യപ്പെട്ടു. ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് പാർട്ടി നിലപാട് മാധ്യമങ്ങളെ അറിയിച്ചത്. സാമൂഹ്യനീതിയിലും മതേതര നയങ്ങളിലും ഉറച്ചുവിശ്വസിക്കുന്ന എല്ലാ നേതാക്കളും പാർട്ടികളും പുതിയ സർക്കാരിന്റെ ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നത്. വിടുതലൈ ചിരുതൈഗൽ കക്ഷി നേതാവ് തിരുമാവളവൻ, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവരെയെല്ലാം മന്ത്രിസഭയിലേക്ക് പാർട്ടി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെ എല്ലാ സഖ്യകക്ഷികളെയും ഉൾപ്പെടുത്തി ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. മന്ത്രിസഭാ രൂപീകരണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ആധവ് അർജുന വ്യക്തമാക്കി.

അതേസമയം, സഖ്യത്തിലെ ഇടതുപക്ഷ പാർട്ടികൾ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ആ തീരുമാനത്തെ പാർട്ടി പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ഭരണ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികൾ പ്രത്യേക യോഗം ചേർന്ന് തങ്ങളുടെ അന്തിമ തീരുമാനം സർക്കാരിനെ അറിയിക്കുമെന്നാണ് സൂചന. ഒരു മതേതര-സാമൂഹ്യനീതി സർക്കാർ എന്ന ലക്ഷ്യത്തോടെയാണ് ടിവികെ സഖ്യകക്ഷികളെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുന്നത്. ഈ പുതിയ രാഷ്ട്രീയ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *