അധികാരം കൈവിട്ടുപോയാൽ ചില നേതാക്കൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഉണ്ടല്ലോ, അതിപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ നമ്മൾ കൃത്യമായി കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാളിലെ ഭരണം പോയി, മുഖ്യമന്ത്രി കസേരയും നഷ്ടപ്പെട്ട്, രാഷ്ട്രീയമായി പൂർണ്ണമായി ഒറ്റപ്പെട്ടു നിൽക്കുന്ന മമത ബാനർജിക്ക് ഇപ്പോൾ എങ്ങനെയെങ്കിലും വാർത്തകളിൽ നിറഞ്ഞുനിൽക്കണം. മാധ്യമങ്ങൾ തന്നെമാത്രം ചർച്ച ചെയ്യണം എന്ന വാശിയോടെ ഓരോ അടവുകൾ ഇറക്കി, ഒടുവിൽ സ്വന്തം പാളയത്തിൽ നിന്ന് തന്നെ മുഖത്തടച്ചപോലെയുള്ള തിരിച്ചടികൾ വാങ്ങി നാണംകെട്ടു നിൽക്കുകയാണ് ദീദി. ബംഗാൾ പിടിച്ചടക്കിയ ബിജെപിയെയും നരേന്ദ്ര മോദിയെയും അമിത് ഷായെയും തോൽപ്പിക്കാൻ പുതിയ ആയുധങ്ങളുമായി ഇറങ്ങുന്ന മമതയുടെ എല്ലാ കണക്കുകൂട്ടലുകളും ഒന്നിനു പുറകെ ഒന്നിനായി പാളുകയാണ്. ഭരണം നഷ്ടപ്പെട്ടതിന്റെ വിറളിയിൽ, ലൈംലൈറ്റ് നിലനിർത്താൻ വേണ്ടി മാത്രം ആലോചിച്ചുണ്ടാക്കുന്ന പദ്ധതികളെല്ലാം ഒടുവിൽ മമതയ്ക്ക് തന്നെ തിരിഞ്ഞുകൊട്ടുന്നു. ഏറ്റവും ഒടുവിൽ, ബിജെപിയെ വീഴ്ത്താൻ ഡൽഹിക്ക് വണ്ടി കയറാൻ നോക്കിയ മമതയെ സ്വന്തം പാർട്ടിയിലെ എംപിമാർ പോലും തള്ളിപ്പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ കൊൽക്കത്തയിലെ തൃണമൂൽ പാളയത്തിൽ സംഭവിച്ചത്? മമതയ്ക്ക് എവിടെയാണ് പിഴച്ചത്? നമുക്ക് വിശദമായി നോക്കാം.
കാര്യം മറ്റൊന്നുമല്ല, തന്റെ തട്ടകമായിരുന്ന ബംഗാൾ മോദിയും അമിത് ഷായും ചേർന്ന് തകർത്ത് അവിടെ ബിജെപി ഭരണം പിടിച്ചെടുത്തതോടെ മമത കടുത്ത നിരാശയിലാണ്. ഇതിന് പ്രതികാരം ചെയ്യാൻ അവരുടെ സ്വന്തം കേന്ദ്രമായ ഡൽഹിയിൽ ചെന്ന് സമരം നയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മമത വലിയ വായ്ത്താരിയോടെ പ്രഖ്യാപിച്ചത്. ബംഗാളിൽ ഭരണം പോയെങ്കിലും ഡൽഹിയിൽ ചെന്ന് അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്താൻ മമത കണ്ടെത്തിയ പുതിയ വഴിയായിരുന്നു പാർലമെന്റിലേക്ക് എംപിയായി മത്സരിച്ചു ജയിക്കുക എന്നത്. എംപിയായി ഡൽഹിയിൽ പോയി പുതിയ കളി കളിക്കാമെന്ന് ദീദി അങ്ങ് ഉറപ്പിച്ചു. പക്ഷേ, അതിനൊരു ചെറിയ സാങ്കേതിക തടസ്സമുണ്ടായിരുന്നു. നിലവിൽ മമത എംപിയല്ല. അപ്പോൾ പിന്നെ തൃണമൂലിന്റെ ഏതെങ്കിലും ഒരു സിറ്റിംഗ് എംപിയെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ രാജിവെപ്പിക്കുക, ആ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടത്തി മമതയ്ക്ക് മത്സരിച്ച് ജയിക്കുക. ഇതായിരുന്നു ദീദിയുടെ മനസ്സിലിരുന്ന ബ്രഹ്മാണ്ഡ പ്ലാൻ.
ഈ ഒരു ചതിക്കുഴിക്കായി മമത തിരഞ്ഞെടുത്തത് മറ്റാരെയുമല്ല, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തൃണമൂൽ എംപി യൂസഫ് പാനെയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അതിശക്തനായ അധീർ രഞ്ജൻ ചൗധരിയെ ബെഹ്റാംപൂർ മണ്ഡലത്തിൽ അട്ടിമറിച്ച് കയറിയ പത്താന്റെ സീറ്റ് തട്ടിയെടുക്കാൻ മമത നീക്കങ്ങൾ തുടങ്ങി. പത്താൻ ഒരു പാവമല്ലേ, പറഞ്ഞാൽ ഉടനെ കസേരയൊഴിഞ്ഞ് സലാം വെച്ച് പൊയ്ക്കോളും എന്നായിരുന്നു മമതയുടെ വിചാരണം. ഇതിനായി ഇടനിലക്കാരനായി മമത രംഗത്തിറക്കിയത് ബംഗാളിന്റെ സ്വന്തം ദാദ സൗരവ് ഗാംഗുലിയെ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഗാംഗുലി വഴി പത്താനോട് സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെയാണ് മമതയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ എട്ടിന്റെ പണി കിട്ടുന്നത്.
ക്രിക്കറ്റ് മൈതാനത്ത് സിക്സറുകൾ അടിച്ചു പറത്തുന്ന യൂസഫ് പത്താൻ രാഷ്ട്രീയത്തിലും മമതയെ അടിച്ചു ബൗണ്ടറിക്ക് പുറത്താക്കി. താൻ എംപി സ്ഥാനം രാജിവെയ്ക്കില്ലെന്നും, ജനങ്ങൾ തനിക്ക് തന്ന ഉത്തരവാദിത്വം കാലാവധി തീരുന്നത് വരെ കാത്തുസൂക്ഷിക്കുമെന്നും പത്താൻ പരസ്യമായി പ്രഖ്യാപിച്ചു. മമതയ്ക്ക് വേണ്ടി സീറ്റ് ഒഴിയാൻ തനിക്കൊട്ടും സൗകര്യമില്ലെന്ന് പത്താൻ തറപ്പിച്ചു പറഞ്ഞതോടെ മമതയുടെ മുഖം പൂർണ്ണമായും നഷ്ടപ്പെട്ടു. പുറമേക്ക് ഇത് കെട്ടിച്ചമച്ച വാർത്തയാണെന്ന് പത്താൻ പറയുന്നുണ്ടെങ്കിലും, തൃണമൂൽ കോൺഗ്രസിനുള്ളിൽ മമതയുടെ ഈ ആവശ്യത്തെ പത്താൻ പുച്ഛിച്ചു തള്ളി എന്നാണ് കേൾക്കുന്നത്.
നാണക്കേട് അവിടെയും തീർന്നില്ല. ബിജെപിയോട് എപ്പോഴും ഒരു മൃദുസമീപനം കാണിക്കുന്ന സൗരവ് ഗാംഗുലി മമതയ്ക്ക് വേണ്ടി ചാരപ്പണിക്ക് ഇറങ്ങിയോ എന്ന ചോദ്യം ഉയർത്തി ബിജെപി കേന്ദ്രങ്ങൾ രംഗത്തെത്തി. ഗാംഗുലി ബിജെപിയെ ചതിച്ചോ എന്ന രീതിയിൽ വലിയ ചർച്ചകൾ ഉയർന്നതോടെ ദാദയും കളി മാറ്റി. പത്താനോട് രാജിവെയ്ക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും, ഇതിലൊന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നും പറഞ്ഞ് ഗാംഗുലിയും മമതയെ പാതിവഴിയിൽ കൈവിട്ട് ഓടി രക്ഷപ്പെട്ടു.
യഥാർത്ഥത്തിൽ അധികാരം നഷ്ടപ്പെട്ടതിന്റെ വിറളിയും ഭയവും പിടിച്ചാണ് മമത ഇപ്പോൾ ഓരോന്ന് കാണിച്ചുകൂട്ടുന്നത്. താൻ എന്ത് കാണിച്ചാലും ജനങ്ങളും പാർട്ടി നേതാക്കളും കയ്യടിക്കുമെന്ന ദീദിയുടെ അഹങ്കാരത്തിനാണ് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ ഇപ്പോൾ തിരിച്ചടി നൽകിയിരിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ പുതിയ ആയുധവുമായി ഇറങ്ങിയ മമതയ്ക്ക് സ്വന്തം അണികളെപ്പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന നാണംകെട്ട സത്യമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടി മാത്രം ഓരോ കോമാളിത്തരങ്ങൾ ആസൂത്രണം ചെയ്യുകയും, ഒടുവിൽ അത് സ്വന്തം തലയിൽ തന്നെ വന്നു വീഴുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ന് മമത ബാനർജി.
സ്വന്തം തട്ടകത്തിൽ ഭരണം നഷ്ടപ്പെട്ട് പാടുപെടുമ്പോഴാണ് ഡൽഹി പിടിക്കാൻ മമത ബാനർജി വണ്ടി ഒപ്പിച്ചത്. എന്നാൽ യൂസഫ് പത്താനും സൗരവ് ഗാംഗുലിയും ചേര്ന്ന് ആ വണ്ടിയുടെ കാറ്റ് പൂർണ്ണമായും അഴിച്ചുവിട്ടു എന്ന് പറയുന്നതാകും ശരി. സ്വന്തം പാർട്ടിയിലെ ഒരു എംപി പോലും മുൻ മുഖ്യമന്ത്രിക്ക് വേണ്ടി ഒരു സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മമതയുടെ രാഷ്ട്രീയ സ്വാധീനം എത്രത്തോളം തകർച്ചയിലാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ
അല്ലെങ്കിലും ദീദിയുടെ ഒരു കാര്യം നമ്മൾ സമ്മതിച്ചു കൊടുക്കണം. പ്ലാൻ എ പാളിയാൽ പ്ലാൻ ബി, അത് പാളിയാൽ പ്ലാൻ സി… അങ്ങനെ പ്ലാനുകളുടെ ഒരു ഘോഷയാത്ര തന്നെ മമതയുടെ കയ്യിലുണ്ടാകും. പക്ഷേ കഷ്ടകാലം എന്ന് പറയട്ടെ, ഇപ്പോൾ ഇറക്കുന്ന എല്ലാ പ്ലാനുകളും നേരെ ചെന്ന് വീഴുന്നത് സ്വന്തം നെറ്റിയിൽ തന്നെയാണ്! ‘ഡൽഹിക്ക് വണ്ടി കയറാൻ നോക്കിയ മമതയ്ക്ക് സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ ടിക്കറ്റ് നഷ്ടപ്പെട്ടു’
