അമേരിക്കയിലെ ഒഹായോയിലുള്ള ടൊലീഡോയിൽ നടന്ന പ്രശസ്തമായ ‘ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിനിടെ’ ഉണ്ടായ വെടിവെപ്പിൽ എട്ട് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 5:37-ഓടെയാണ് അജ്ഞാതരായ അക്രമികൾ ജനക്കൂട്ടത്തിന് നേർക്ക് നിറയൊഴിച്ചത്. വെടിയേറ്റ എട്ടുപേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആരുടെയും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും എല്ലാവരും അപകടനില തരണം ചെയ്തതായും ടോളിഡോ മേയർ വേഡ് കപ്‌സുകീവിച്ച് അറിയിച്ചു.
വെടിവെപ്പിനെത്തുടർന്ന് ഉത്സവപ്പറമ്പിൽ വൻ പരിഭ്രാന്തിയുണ്ടാവുകയും ജനങ്ങൾ ജീവനുംകൊണ്ട് ചിതറിയോടുകയും ചെയ്തു. സംഗീത പരിപാടികളും ഭക്ഷണ വിപണികളും സജീവമായിരുന്ന ഡെലൊവെയർ അവന്യൂ, റോബിൻവുഡ് അവന്യ എന്നീ തെരുവുകൾക്കിടയിലാണ് ആക്രമണം നടന്നത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മുൻ അമേരിക്കൻ നേവി ഉദ്യോഗസ്ഥൻ കെവിൻ ബെറി നിർണായക വിവരങ്ങൾ പങ്കുവെച്ചു. വെടിവെപ്പ് ഉണ്ടായ ഉടൻ ജനങ്ങൾ പരിഭ്രാന്തരായി നിലത്തു കിടക്കുകയായിരുന്നുവെന്നും, തനിക്ക് ഏകദേശം 50 അടി അകലെയായി അക്രമി തോക്ക് ഉപേക്ഷിച്ച് ഓടുന്നത് കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി. പരിക്കേറ്റ അഞ്ചോളം പേർക്ക് ഇദ്ദേഹം പ്രാഥമിക മെഡിക്കൽ സഹായം നൽകുകയും ചെയ്തു.ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒഹായോ ഗവർണർ മൈക്ക് ഡിവിൻ സംഭവത്തിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി. കുടുംബങ്ങൾ ഒത്തുചേരുന്ന ഇത്തരം ആഘോഷ സ്ഥലങ്ങൾ സുരക്ഷിതമായിരിക്കണമെന്നും ഇത്തരത്തിലുള്ള അക്രമങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ടോളിഡോയിലെ ഏറ്റവും വലിയ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളിൽ ഒന്നാണ് ഓൾഡ് വെസ്റ്റ് എൻഡ്. ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പ്രാധാന്യം ആഘോഷിക്കുന്നതിനായി വർഷം തോറും സംഘടിപ്പിക്കുന്ന രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഉത്സവമാണിത്.
