അരാഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങൾ

മേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ മറവിൽ നടക്കുന്നത് വലിയൊരു നയതന്ത്ര നാടകമാണോ? പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും കൈകോർക്കുന്നുവെന്ന വാർത്തകൾക്കിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്വന്തം രാജ്യത്തെ മാധ്യമങ്ങളുടെ രൂക്ഷവിമർശനങ്ങൾക്കാണ് ഇരയായിരിക്കുന്നത്. അർത്ഥശൂന്യമായ പോസ്റ്റുകൾ ഇട്ട് ട്രംപിന് ഇറാനെ ആക്രമിക്കാൻ വക നൽകിയെന്നും, ട്രംപിന്റെ അജണ്ടയ്ക്കൊപ്പം നിൽക്കാനാണോ മന്ത്രിയുടെ ശ്രമമെന്നുമുള്ള കടുത്ത ചോദ്യങ്ങളാണ് ഇറാനിലെ മാധ്യമങ്ങൾ ഉയർത്തുന്നത്. ഒരു വലിയ കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും, അതെന്താണെന്ന് വ്യക്തമാക്കാൻ കഴിയാത്ത ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥയാണ് ഇവിടെ തെളിയുന്നത്.

പാകിസ്ഥാനിലുണ്ടായ ധാരണ അന്തിമഘട്ടത്തിലാണെന്നും, കരാർ പൂർത്തിയാകുന്നതുവരെ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കാണിച്ച് അരാഗ്ചി എക്സിൽ (X) കുറിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ, ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ മറുപടി നൽകി. ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട കരാർ വ്യവസ്ഥകൾക്ക് അമേരിക്കയുമായുള്ള രേഖാമൂലമുള്ള കരാറുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ചില വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഒരു ഒത്തുതീർപ്പിലേക്ക് എത്തിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇറാൻ ആണവായുധം ഉപേക്ഷിക്കുമെന്നും, ഹോർമുസ് കടലിടുക്ക് മുപ്പത് ദിവസത്തിനുള്ളിൽ പഴയപടിയാക്കുമെന്നും, അമേരിക്ക ഉപരോധങ്ങൾ നീക്കി മരവിപ്പിച്ച ഫണ്ട് തിരികെ നൽകുമെന്നുമാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഈ കരാർ വലിയ ആശങ്കയാണ്. ഇസ്രയേൽ ആവശ്യപ്പെട്ടത് പ്രകാരം ആണവ കേന്ദ്രങ്ങൾ തകർക്കാനോ പൂർണമായി ഉപേക്ഷിക്കാനോ ഇറാൻ തയ്യാറായിട്ടില്ല എന്നതാണ് മെഹർ ഏജൻസി പുറത്തുവിട്ട പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്. സമ്പുഷ്ടീകരണ തോത് ചർച്ചയാകുമ്പോഴും മേഖലയിലെ സായുധ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന പിന്തുണയും മിസൈൽ ശേഷിയും ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തിമ ധാരണയിൽ ഇതെല്ലാം ഇടംപിടിക്കുമോ അതോ കരാർ പാളിപ്പോകുമോ എന്നത് വരും ദിവസങ്ങളിൽ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *