ദേവസ്വം പ്ലീഡർ സ്ഥാനം കെ.ബി. പ്രദീപ് രാജിവെച്ചു

ബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപ്, ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവെച്ചു. ഇദ്ദേഹത്തിന്റെ നിയമനം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രദീപ് രാജി സമർപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹർജിയിൽ, സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ ഹാജരായത് കെ.ബി. പ്രദീപായിരുന്നു. സ്വർണം വേർതിരിച്ചിട്ടില്ല എന്ന വാദമാണ് അന്ന് അദ്ദേഹം മുന്നോട്ടുവെച്ചത്. പ്രതികൾക്ക് വേണ്ടി ഹാജരായ വ്യക്തിയെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് നിയമപരമായി തെറ്റല്ലെങ്കിലും, വലിയ ധാർമ്മികപ്രശ്നങ്ങൾ ഉയർത്തുന്നതാണെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചിരുന്നു. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും വിഷയത്തിൽ താൻ ഇടപെടുന്നില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രതികരണം. വിവാദങ്ങൾക്കിടയിലും ചുമതലയേറ്റ പ്രദീപ്, അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒടുവിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ അദ്ദേഹം സ്ഥാനമൊഴിയാൻ നിർബന്ധിതനാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *