സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് സാഹചര്യമൊരുക്കുന്നതിനു മുന്നോടിയായി നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നാക്കം പോകില്ലെന്ന് സൂചന. ബുധനാഴ്ച നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുമ്പോൾ നിർദേശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കാനാണ് സാധ്യത. നികുതി നിശ്ചയിച്ചതുകൊണ്ടുമാത്രം അത് വിൽപ്പനയ്ക്കുള്ള അന്തിമാനുമതിയാകുന്നില്ല. യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയം വന്നതിനുശേഷം സമവായത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്നാണ് ആലോചന.
മുൻ എൽ.ഡി.എഫ്. സർക്കാർ 0.5 ശതമാനം മുതൽ 20 ശതമാനംവരെ സ്പിരിറ്റുള്ളവ വീര്യംകുറഞ്ഞ മദ്യമെന്നനിലയിൽ പ്രത്യേക ഇനമാക്കി വിദേശമദ്യ ചട്ടത്തിലും ഭേദഗതിവരുത്തിയിരുന്നു. നികുതിഘടനയിൽ ധാരണയായെങ്കിലും അവസാനനിമിഷം നടപ്പാക്കിയില്ല. മുൻസർക്കാരിന്റെകാലത്ത് ഇതുസംബന്ധിച്ചുണ്ടായിരുന്ന ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. മുൻസർക്കാരിന്റെകാലത്ത് വീര്യംകുറഞ്ഞ മദ്യത്തിന് പൊതുവായി 175 ശതമാനം നികുതി എന്നായിരുന്നു ധാരണയെങ്കിൽ ഇപ്പോഴത്തെ ബജറ്റിൽ അതിനെ രണ്ട് വിഭാഗമാക്കി. 0.5 മുതൽ 10 ശതമാനം വരെ സ്പരിറ്റുള്ളതിന് 150-ഉം 10 മുതൽ 20 ശതമാനംവരെയുള്ളതിന് 200 ശതമാനവുമാണ് ബജറ്റിൽ നിർദേശിച്ച നികുതി.വീര്യംകുറഞ്ഞ മദ്യവിൽപ്പനയുമായി മുന്നോട്ടുപോകണമെങ്കിൽ യു.ഡി.എഫിലും പ്രത്യേകിച്ച് കോൺഗ്രസിലും പൊതുധാരണയുണ്ടാകണമെന്നതാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. മദ്യനയമുണ്ടാക്കുംവരെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പിടിച്ചുനിൽക്കേണ്ടിവരും. പ്രകടനപത്രികയിൽ മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് വാഗ്ദാനം. മദ്യനയത്തിന് രൂപംനൽകാത്ത സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായോ, മന്ത്രിസഭയിലെ സഹപ്രവർത്തകരുമായോ ആലോചിക്കാതെ നയപരമായ കാര്യത്തിൽ തീരുമാനമെടുത്തെന്നാണ് മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസിൽ ഉയരുന്ന ആക്ഷേപം. വീര്യംകൂടിയ മദ്യാസക്തിയിലേക്ക് കൂടുതൽ ആളുകൾ വീഴാതിരിക്കാൻ വിദേശത്തടക്കം നിലവിലുള്ള വീര്യംകുറഞ്ഞ മദ്യം ഗുണകരമാകുമെന്ന് മുഖ്യമന്ത്രിയുടെ നടപടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
അധികാരമേറ്റ് ഒരു മാസമാകുമ്പോഴേക്കും തിരുത്തലുകൾ കൂടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. നിയമസഭയിൽ കാര്യങ്ങൾ വിശദീകരിച്ചുകഴിയുമ്പോൾ എതിർപ്പിനെ മറികടക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ.
