മിഡിൽ ഈസ്റ്റിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വലിയ രാഷ്ട്രീയ നീക്കങ്ങൾ നമ്മൾ വിചാരിക്കുന്നതിലും എത്രയോ അപ്പുറത്താണ്. നമ്മൾ വാർത്തകളിൽ കാണുന്നതുപോലെയല്ല അതിന്റെ ഉള്ളറകൾ. ഇറാനെ ഒതുക്കാൻ ഡൊണാൾഡ് ട്രംപിന് ഒറ്റയ്ക്ക് സാധിക്കുന്നില്ല എന്നൊരു ശക്തമായ വിലയിരുത്തൽ ഇപ്പോൾ അന്താരാഷ്ട്ര തലത്തിലുണ്ട്. അതുകൊണ്ട് അദ്ദേഹം സൗദി അറേബ്യയെ കൂടി ഒപ്പം കൂട്ടി പുതിയൊരു തന്ത്രം പയറ്റുകയാണ് എന്നാണ് പുതിയ സൂചനകൾ വ്യക്തമാക്കുന്നത്.
ഇതിന്റെ ഏറ്റവും വലിയ തെളിവ് എന്താണെന്ന് വെച്ചാൽ? യമനിലെ സനാ വിമാനത്താവളത്തിന് നേരെ ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കൃത്യമായ നീക്കങ്ങൾ ഉണ്ടായത്. യഥാർത്ഥത്തിൽ കുറച്ചുകാലമായി ഇറാനും സൗദിയും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ, ഒരു സ്നേഹനാടകത്തിലൂടെ മുന്നോട്ട് പോകുകയായിരുന്നു. ചൈനയുടെയൊക്കെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നു. അങ്ങനെയുള്ളപ്പോൾ പെട്ടെന്ന് എന്താണ് ഇവർക്കിടയിൽ സംഭവിച്ചത്?
ഇവിടെയാണ് പലവിധത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്ക ചടങ്ങിൽ നിന്നാണോ ഈ പ്രശ്നങ്ങളുടെ യഥാർത്ഥ തുടക്കം? അവിടെ ചൊല്ലിയ ചില ഖുർആൻ സൂക്തങ്ങളാണോ സൗദിയെ പ്രകോപിപ്പിച്ചത്? അതോ ഇറാൻ വിമാനം സൗദിയുടെ വ്യോമവിലക്ക് ലംഘിച്ചതാണോ യഥാർത്ഥ കാരണം? അതുമല്ലെങ്കിൽ, ഇറാൻ തങ്ങളുടെ സഖ്യകക്ഷിയായ ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ പാത പൂർണ്ണമായും അടയ്ക്കുമെന്ന സൗദിയുടെ പേടിയാണോ ഇതിന് പിന്നിൽ? ഇതിന്റെ ഉള്ളറകളിലേക്ക് നമ്മൾ ഒന്ന് പോയി നോക്കേണ്ടതുണ്ട്.
യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ നമ്മൾ കൃത്യമായി മനസ്സിലാക്കണം. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ളതാണ് യമനിലെ സനാ വിമാനത്താവളം. അലി ഖമേനിയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ ഹൂദി leaders-ഉം ചികിത്സ കഴിഞ്ഞു മടങ്ങുന്നവരുമായി വന്ന ഒരു ഇറാൻ വിമാനം ഇവിടെ ഇറങ്ങാൻ ഇരിക്കുകയായിരുന്നു. എന്നാൽ ഈ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, സൗദി പിന്തുണയുള്ള യമൻ ഗവൺമെന്റ് സൈന്യം ആ വിമാനത്താവളത്തിന്റെ റൺവേ ബോംബിട്ട് തകർത്തു. വിമാനത്തിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. റൺവേ തകർത്തതോടെ ആ വിമാനത്തിന് ഹുദൈദ വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വന്നു. നേരിട്ട് സൗദിയല്ല ഇത് ചെയ്തതെങ്കിലും സൗദിയുടെ പൂർണ്ണ പിന്തുണയുള്ള യമൻ ഗവൺമെന്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
പക്ഷേ ഇതിനൊരു മുൻചരിത്രമുണ്ട്. ജൂലൈ മൂന്നാം തീയതി ഇതേ ഇറാൻ വിമാനം സൗദിയുടെ പത്തുവർഷത്തെ വ്യോമ ഉപരോധം കാറ്റിൽപ്പറത്തിക്കൊണ്ട് സനായിൽ വന്നിറങ്ങിയിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് ഇങ്ങനെ ഒരു വിമാനം അവിടെ ഇറങ്ങുന്നത്. അന്ന് സൗദി യുദ്ധവിമാനങ്ങൾ ഇതിനെ തടയാൻ ആകാശത്ത് വച്ച് പരമാവധി നോക്കിയതാണ്. പക്ഷേ, ഹൂതികൾ സൗദിക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സൗദി യുദ്ധവിമാനങ്ങൾക്ക് അന്ന് പിന്മാറേണ്ടി വന്നു. ഇത് സൗദിക്ക് വലിയൊരു നാണക്കേടായി മാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ പരസ്യമാകുന്നത്.
എന്നാൽ ഇതൊന്നുമല്ല യഥാർത്ഥത്തിൽ സൗദിയെ വല്ലാതെ പ്രകോപിപ്പിച്ചത്. അതിന് പിന്നിൽ ഇറാൻ കളിച്ച വളരെ തന്ത്രപരമായ ഒരു ‘ഖുർആൻ നയതന്ത്രം’ ഉണ്ട്. അത് നമ്മൾ പ്രത്യേകം മനസ്സിലാക്കണം. അലി ഖമേനിയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ടെഹ്റാനിൽ എത്തിയിരുന്നു. നയതന്ത്ര മര്യാദയുടെ ഭാഗമായാണ് അവർ വന്നത്. ആ സമയത്ത് ഇറാൻ സംഘാടകർ പശ്ചാത്തലത്തിൽ പ്ലേ ചെയ്ത ഖുർആൻ വചനം ബദർ യുദ്ധത്തെക്കുറിച്ചുള്ളതായിരുന്നു. ചെറിയൊരു സംഘം വലിയൊരു സൈന്യത്തെ ദൈവ സഹായത്തോടെ തോൽപ്പിച്ച ചരിത്രമാണത്. ഇത് തങ്ങളെയും തങ്ങളുടെ സഖ്യകക്ഷിയായ അമേരിക്കയെയും പരോക്ഷമായി വെല്ലുവിളിക്കുന്ന ഒന്നാണെന്ന് സൗദിക്ക് കൃത്യമായി മനസ്സിലായി. തങ്ങൾ സൗദിയെ തോൽപ്പിക്കുമെന്ന ഇറാന്റെ ധിക്കാരപരമായ സന്ദേശമായാണ് ഇതിനെ അവർ കണക്കാക്കിയത്.
ഇറാൻ വളരെ ആസൂത്രിതമായാണ് ഇത് ചെയ്തത്. കാരണം റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ വന്നപ്പോൾ സമാധാനത്തെക്കുറിച്ചുള്ള സൂക്തങ്ങളും, മധ്യസ്ഥ രാജ്യങ്ങളായ ഒമാനും ഖത്തറും വന്നപ്പോൾ വിജയ ഉടമ്പടികളെക്കുറിച്ചുള്ള വചനങ്ങളുമാണ് അവർ കേൾപ്പിച്ചത്. സൗദിയുടെ അമേരിക്കൻ അനുകൂല നിലപാട് മനസ്സിലാക്കി ഇറാൻ നൽകിയ ഈ ധിക്കാരപരമായ സന്ദേശമാണ് സൗദിയെ വല്ലാതെ ചൊടിപ്പിച്ചത്. ഇതോടെ ഇറാനുമായുള്ള സൗഹൃദ നാടകം അവസാനിപ്പിച്ച് പരമ്പരാഗത സഖ്യകക്ഷിയായ അമേരിക്കക്കൊപ്പം ഉറച്ചുനിൽക്കാൻ സൗദി തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡൊണാൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സനാ വിമാനത്താവളം ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ഫോൺ സംഭാഷണം നടന്നത്. യമനിലെ ഹൂദി കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടിക്ക് സൗദി അമേരിക്കയുടെ പിന്തുണ ആവശ്യപ്പെടുകയും ട്രംപ് അതിന് ഉടനടി സമ്മതം മൂളുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് സനാ വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
പക്ഷേ, ഇവിടെ സൗദിയെ അലട്ടുന്ന ഏറ്റവും വലിയ പേടി മറ്റൊന്നാണ്. ഹോർമൂസ് കടലിടുക്കിന് പിന്നാലെ ചെങ്കടലിലെ ബാബൽ മന്ദേബ് കടലിടുക്ക് കൂടി ഇറാൻ തങ്ങളുടെ സഖ്യകക്ഷിയായ ഹൂതികളെക്കൊണ്ട് അടപ്പിക്കുമോ എന്നതാണ് ആ പേടി. നിലവിൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള പ്രശ്നങ്ങൾ കാരണം സൗദി തങ്ങളുടെ ഭൂരിഭാഗം എണ്ണയും പൈപ്പ് ലൈൻ വഴി ചെങ്കടൽ തീരത്ത് എത്തിച്ചാണ് കപ്പൽ വഴി വിൽക്കുന്നത്. ഒരുപക്ഷേ ഹൂതികൾ ചെങ്കടൽ കൂടി അടച്ചാൽ സൗദിയുടെ എണ്ണവ്യാപാരം പൂർണ്ണമായി തകരും. എണ്ണ കയറ്റുമതി തടസ്സപ്പെട്ടാൽ അത് ആഗോള സാമ്പത്തിക രംഗത്തെ തന്നെ ഉലയ്ക്കും. ലോകവിപണിയിൽ എണ്ണവില 200 ഡോളർ വരെ കടക്കുമെന്നാണ് പല വിദഗ്ധരും ആശങ്കപ്പെടുന്നത്.
സനാ വിമാനത്താവളം ആക്രമിച്ചതിന് സൗദിക്ക് ഉടനടി തിരിച്ചടിയും കിട്ടി. സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ കനത്ത ആക്രമണം അഴിച്ചുവിട്ടു. മാത്രമല്ല സൗദി വ്യോമാതിർത്തിക്ക് മേൽ അവർ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ ട്രംപിന്റെ വാക്ക് കേട്ട് സൗദി വലിയൊരു കുരുക്കിലാണ് ചെന്ന് പെട്ടിരിക്കുന്നത് എന്ന് ചില സൗദി ഉദ്യോഗസ്ഥർ തന്നെ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം, മുൻപ് ഗാസ യുദ്ധസമയത്ത് അമേരിക്കയും സഖ്യസേനയും ഇത്രയൊക്കെ ശ്രമിച്ചിട്ടും ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം തടയുന്നതിൽ നിന്ന് ഹൂതികളെ തടയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഒരു കപ്പൽ പോലും കടത്തിവിട്ടിരുന്നില്ല. അങ്ങനെയുള്ളപ്പോൾ ചെങ്കടലിൽ അമേരിക്കയ്ക്ക് സൗദിയെ എത്രത്തോളം സംരക്ഷിക്കാൻ കഴിയും എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഹോർമൂസിൽ ഒന്നും ചെയ്യാൻ കഴിയാത്ത ട്രംപിന് ചെങ്കടലിൽ എന്ത് ചെയ്യാൻ കഴിയും എന്നാണ് ചോദ്യം. അതുകൊണ്ട് ഹൂതികളെ ചെറുതായി കാണാൻ കഴിയില്ല.
സത്യത്തിൽ ഇതിന്റെയെല്ലാം പിന്നിൽ കളിക്കുന്നത് ഇസ്രയേലാണ് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. ഇറാനെതിരെ ഒറ്റയ്ക്ക് യുദ്ധം ചെയ്ത് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ള ഇസ്രയേൽ, ഇറാനോടുള്ള ശത്രുതയെ ഗൾഫ് രാജ്യങ്ങളുടെ കൂടി പൊതുശത്രുതയാക്കി മാറ്റാൻ പല തന്ത്രങ്ങളും പയറ്റുകയാണ്. ഈ കെണിയിലാണ് ഇപ്പോൾ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീണിരിക്കുന്നത്. ഒരു വശത്ത് ഇസ്രയേൽ ഗൾഫ് രാജ്യങ്ങളെ വിഴുങ്ങാൻ കാത്തിരിക്കുന്നു, മറു വശത്ത് ഇറാൻ. ഇറാന്റെ നേതൃത്വം അല്ലെങ്കിൽ ആധിപത്യം അംഗീകരിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് താല്പര്യവുമില്ല. ഇറാൻ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമോ എന്നാണ് അവരുടെ പ്രധാന ഭയം.
ഈ സാഹചര്യമാണ് ട്രംപും അമേരിക്കയും മുതലെടുക്കുന്നത്. അമേരിക്കൻ വിധേയത്വം കാരണം ആത്യന്തികമായി നഷ്ടം സഹിക്കുന്നത് ഗൾഫ് രാജ്യങ്ങൾ മാത്രമാണ്. ആദ്യം അമേരിക്കൻ സൈനിക താവളങ്ങൾക്കായി ഭൂമി നൽകി അവർ നഷ്ടം സഹിച്ചു, ഇപ്പോൾ ഇറാൻ യുദ്ധഭീതി കാരണം എണ്ണ കയറ്റുമതി പാത അടയുമെന്ന അവസ്ഥയിലാണ്. യുദ്ധഭീതി കാരണം അവരുടെ വലിയ വ്യവസായങ്ങൾ പൂട്ടിപ്പോകുന്നു, ഗൾഫിന്റെ സാമ്പത്തിക പുരോഗതി തടസ്സപ്പെടുന്നു. സുരക്ഷിത നിക്ഷേപ കേന്ദ്രം എന്ന ഗൾഫിന്റെ പദവിക്ക് അത് വലിയ മങ്ങലേൽപ്പിക്കുന്നുണ്ട്.
അതേസമയം ഇറാൻ വളരെ ആലോചിച്ചാണ് തങ്ങളുടെ കരുക്കൾ നീക്കുന്നത്. തങ്ങളുടെ മുഴുവൻ ശക്തിയും ഒന്നിച്ച് പുറത്തെടുക്കാതെ, അമേരിക്കൻ സൈനിക താവളങ്ങളെ മാത്രം ലക്ഷ്യമിട്ട് വളരെ തന്ത്രപരമായ നീക്കങ്ങളാണ് അവർ നടത്തുന്നത്. തങ്ങളുടെ ശക്തി ഭാവിയിലേക്കായി അവർ കാത്തുസൂക്ഷിക്കുന്നു. ഇറാൻ മിസൈലുകൾ സൗദിയിലെ എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട് നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഇത്രയും വലിയൊരു റിസ്ക് എടുത്തുകൊണ്ട് സൗദി മുന്നോട്ട് പോകുമോ? വരും ദിവസങ്ങളിൽ മാത്രമേ ഇതിന്റെ പൂർണ്ണമായ ചിത്രം നമുക്ക് ലഭിക്കൂ.
ചെങ്കടൽ പൂട്ടാൻ ഇറാനും ഹൂതികളും; സൗദി വൻ കെണിയിലോ?
