‘മോട്ടോ ജി77 പവർ’ ഇന്ത്യയിൽ വിൽപന തുടങ്ങി!

സ്മാർട്ട്ഫോൺ വിപണിയിൽ വൻ ചലനം സൃഷ്ടിക്കാൻ കരുത്തൻ ബാറ്ററിയുമായി മോട്ടറോളയുടെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ‘മോട്ടോ ജി77 പവർ’ ഇന്ത്യയിൽ വിൽപനയ്ക്കെത്തി. കഴിഞ്ഞ ജൂലൈ 8-ന് അവതരിപ്പിച്ച ഈ ഫോൺ, ആകർഷകമായ ലോഞ്ച് ഓഫറുകളോടെയാണ് ഇപ്പോൾ വിപണിയിൽ ലഭ്യമായിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. 25,999 രൂപയാണ് ഫോണിന്റെ വില.

ലോഞ്ചിന്റെ ഭാഗമായി ബാങ്ക് കാർഡുകൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2,500 രൂപ വരെ തൽക്ഷണ വിലക്കിഴിവ് ലഭിക്കും. ഇതോടെ ഫോൺ 23,499 രൂപയ്ക്ക് സ്വന്തമാക്കാനാകും. ഇതിനുപുറമെ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി 18 മാസത്തേക്ക് 500 ജിബി ക്ലൗഡ് സ്റ്റോറേജും, ഗൂഗിളിന്റെ അത്യാധുനിക എഐ സേവനമായ ജെമിനി പ്രോ സൗജന്യമായും മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്‍കാർട്ട്, മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെ ഫോൺ വാങ്ങാം. പാന്റോൺ ഫ്യൂഷ്യ റെഡ്, പാന്റോൺ ഇംപെനെട്രബിൾ, പാന്റോൺ നോട്ടിക്കൽ ബ്ലൂ എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത ഇതിലെ 7,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ തുടർച്ചയായി 59 മണിക്കൂർ വരെ ഫോൺ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 30 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗിനൊപ്പം, മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാനായി 6 വാട്ട് റിവേഴ്സ് വയേർഡ് ചാർജിങ് സൗകര്യവും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യു.ഐയിലാണ് മോട്ടോ ജി77 പവർ പ്രവർത്തിക്കുന്നത്. ഒരു വർഷത്തെ പ്രധാന ഒഎസ് അപ്ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണിന് ലഭിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1,050 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള 6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 6 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച മീഡിയാടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പൊടിയിൽ നിന്നും ജലത്തുള്ളികളിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി64 റേറ്റിംഗും ഫോണിനുണ്ട്.

ക്യാമറ വിഭാഗത്തിലും മോട്ടോ ജി77 പവർ മുന്നിലാണ്. സോണിയുടെ LYT-600 സെൻസറോട് കൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഫോണിലുള്ളത്. ഇതിനൊപ്പം 120 ഡിഗ്രി വ്യൂ നൽകുന്ന 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയും ഒരുക്കിയിരിക്കുന്നു. സെക്കൻഡിൽ 30 ഫ്രെയിം വേഗതയിൽ 2കെ നിലവാരത്തിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറകൾക്കാകും. വശത്ത് ഘടിപ്പിച്ച വിരലടയാള സെൻസർ, ഫേസ് അൺലോക്ക് സംവിധാനം, 215 ഗ്രാം ഭാരം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Leave a Reply

Your email address will not be published. Required fields are marked *