വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്-ക്ഷേത്ര സമുച്ചയ തർക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് ഹിന്ദു-മുസ്ലീം വിഭാഗങ്ങൾ വിസമ്മതിച്ചതോടെ, ജുഡീഷ്യൽ വിധിയിലൂടെ മാത്രമേ ഇനി വിഷയത്തിൽ തീരുമാനമെടുക്കൂ എന്ന് വ്യക്തമായി. ഇന്ന് മുതൽ സുപ്രീം കോടതി ഈ വിഷയത്തിൽ വാദം കേൾക്കുന്നത് തുടരും.
സുപ്രീം കോടതിയുടെ ‘സമാധൻ സമരോഹ്’ സംരംഭത്തിന് കീഴിൽ, വാരണാസിയിലെ മധ്യസ്ഥ കേന്ദ്രത്തിൽ ഇരുവിഭാഗവും ഹാജരായിരുന്നു. ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കാനിരിക്കുന്ന പ്രത്യേക ലോക് അദാലത്തിന് മുന്നോടിയായി കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും ഇരുപക്ഷവും അത് നിരസിച്ചു. സമാനമായ നിരവധി കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ കോടതിയുടെ അന്തിമ വിധിക്ക് കാത്തിരിക്കാനാണ് താത്പര്യമെന്ന് മുസ്ലീം വിഭാഗം വ്യക്തമാക്കി.അതേസമയം, ഹിന്ദു വിഭാഗം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. ഗ്യാൻവാപിയിൽ നിലനിൽക്കുന്നത് യഥാർത്ഥ ജ്യോതിർലിംഗ സ്ഥലമാണെന്നും അവിടെ കാശി വിശ്വനാഥ ക്ഷേത്രം നിർമ്മിക്കുന്നതിനായി സ്ഥലം ഒഴിപ്പിക്കണമെന്നുമാണ് ഹിന്ദു പക്ഷത്തിന്റെ ആവശ്യം. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളി സമുച്ചയത്തിന്റെ സ്വഭാവത്തെ ചൊല്ലിയുള്ള തർക്കത്തിൽ, മുഗൾ കാലഘട്ടത്തിൽ നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് ഈ പള്ളി നിർമ്മിച്ചതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. എന്നാൽ പള്ളി നിയമപരമായി അംഗീകരിക്കപ്പെട്ട വഖഫ് സ്വത്താണെന്ന് മുസ്ലീം വിഭാഗം ശക്തമായി വാദിക്കുന്നു. സുപ്രീം കോടതിയുടെ ഇടപെടലോടെ ഇനി നിയമപരമായ തീർപ്പിലേക്കാണ് കേസ് നീങ്ങുന്നത്.
