വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി തകർപ്പൻ വിജയം നേടിയ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെയും വിനീതിന്റെ പ്രകടനത്തെയും വാനോളം അഭിനന്ദിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത്. പ്രമുഖ സിനിമാ പ്ലാറ്റ്ഫോമായ ലെറ്റർബോക്സിലൂടെയാണ് അനുരാഗ് ചിത്രത്തെക്കുറിച്ചുള്ള ആവേശം പങ്കുവെച്ചത്. വളരെ മനോഹരമായി എഴുതപ്പെടുകയും വിഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണിതെന്നും, സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ വലിയൊരു ആരാധകനായി താൻ മാറിയെന്നും അനുരാഗ് കശ്യപ് കുറിച്ചു. കൂടാതെ, സംവിധായകനൊപ്പം ഇരുന്ന് സിനിമ കണ്ട് അദ്ദേഹത്തെ നാണിപ്പിച്ച അനുഭവം പുതിയ ഒന്നായിരുന്നുവെന്നും അനുരാഗ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ തന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാളിൽ നിന്ന് ലഭിച്ച ഈ അപ്രതീക്ഷിത അഭിനന്ദനത്തിന് വൈകാരികമായ മറുപടിയുമായാണ് വിനീത് ശ്രീനിവാസൻ എത്തിയത്. അനുരാഗിന്റെ വാക്കുകൾ വായിച്ചപ്പോൾ ഒരുപാട് വികാരങ്ങൾ ഉള്ളിലേക്ക് ഇരച്ചുകയറിയെന്നും, സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും വിനീത് പറഞ്ഞു. തന്റെ ഭാഗത്തുനിന്നുള്ള ഒരു ‘ഷോ ഓഫ്’ ആയി തോന്നിയേക്കാവുന്നതിനാൽ നാളെ ഒരുപക്ഷേ ഈ പോസ്റ്റ് താൻ ഡിലീറ്റ് ചെയ്തേക്കാമെന്നും, അനുരാഗ് കശ്യപിന്റെ ‘സത്യ’ എന്ന സിനിമ കണ്ട അന്നത്തെ ആ 13-കാരൻ കുട്ടിയാണ് ഇപ്പോൾ അത്ഭുതപ്പെട്ടിരിക്കുന്നതെന്നും വിനീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ തിയേറ്ററുകളിലും ഒടിടിയിലും വൻ സ്വീകാര്യതയാണ് നേടിയത്. വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച അഡ്വ. മുകുന്ദൻ ഉണ്ണി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. വിനീതിനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
