കോർപ്പറേഷൻ ഭരണം സുഗമമായി മുന്നോട്ടുപോകുമെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അടുത്ത അഞ്ച് വർഷം യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ സുഗമമായി മുന്നോട്ട് പോകുമെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നിലവിൽ സങ്കീർണ്ണമായ യാതൊരു സാഹചര്യവുമില്ലെന്നും ഈ ടേമിൽ ആരും അയോഗ്യരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണസമിതി അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷം നിരന്തരം വിമർശിക്കുകയാണെന്നും, തോൽവി മാനസികമായി അംഗീകരിക്കാൻ അവർ തയ്യാറാകണമെന്നും വി.വി. രാജേഷ് പരിഹസിച്ചു. കോടതി നിർദേശപ്രകാരമുള്ള സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ ഔദ്യോഗിക തയ്യാറെടുപ്പുകളും പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.

കാപ്പ കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ച് നടക്കും. ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതന്റെ മുൻപത്തെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് ജനവിധി മാനിക്കാനും ജനാധിപത്യം സംരക്ഷിക്കാനുമായി കോടതി ഇടപെട്ടാണ് ഇപ്പോൾ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അസാധാരണ അനുമതി നൽകിയത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *