തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചതാണ് മഴ തുടരാൻ കാരണം. ഇത് വരും ദിവസങ്ങളിൽ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ജൂലൈ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. റോഡുകളിലെ വെള്ളക്കെട്ടും കാഴ്ച മങ്ങുന്നതും ഗതാഗതക്കുരുക്കിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി തുടരണമെന്ന് നിർദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
