കെ.ജി.എഫിന് ശേഷം യഷ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ടോക്സിക്കി’നെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ച് താരം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വൈൽഡ് റോളർ-കോസ്റ്റർ റൈഡ് പോലെയായിരിക്കുമെന്നും, തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന പ്രേക്ഷകർ ‘ഇതെന്തായിരുന്നു’ എന്ന് അമ്പരന്നുപോകുമെന്നും യഷ് പറഞ്ഞു. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിലെത്തുന്നത്.
യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ടോക്സിക് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളെ തുടർന്ന് വലിയ രീതിയിലുള്ള അന്താരാഷ്ട്ര റിലീസാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഏറ്റവും വലിയ സ്കെയിലിൽ ചിത്രം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റിലീസ് പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്.
