പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബഹ്‌റൈൻ, കുവൈത്ത് സെക്ടറുകളിലേക്കുള്ള സർവീസുകളെയാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിച്ചിരിക്കുന്നത്. സുരക്ഷ മുൻനിർത്തി ഇതിഹാദ്, എമിറേറ്റ്സ്, എയർ അറേബ്യ തുടങ്ങിയ പ്രമുഖ കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഇതിഹാദിന്റെ ബഹ്‌റൈനിലേക്കുള്ള ചില സർവീസുകൾ ആഗസ്റ്റ് 21 വരെ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്.
വേനലവധിക്കാലമായതിനാൽ വിമാനത്താവളങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി. യാത്രാതടസ്സങ്ങൾ നേരിടുന്നവർക്ക് അധിക നിരക്കില്ലാതെ തീയതി മാറ്റിനൽകാൻ എയർലൈനുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും സ്ഥിതിഗതികൾ സമാനമാണ്. ബ്രിട്ടീഷ് എയർവേയ്‌സ്, എയർ കാനഡ, എയർ ഫ്രാൻസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയോ പുനരാരംഭിക്കുന്നത് നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യ-യുഎഇ റൂട്ടിൽ യാത്ര ചെയ്യുന്ന പ്രവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി, മുംബൈ, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിൽ കർശന സുരക്ഷാ പരിശോധനകൾ തുടരുന്നു. പരിശോധനകൾക്കും ഇമിഗ്രേഷൻ നടപടികൾക്കും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ, യാത്രക്കാർ നിശ്ചിത സമയത്തിന് കുറഞ്ഞത് മൂന്നോ നാലോ മണിക്കൂർ മുമ്പേ എയർപോർട്ടിൽ എത്തണമെന്നും ഓൺലൈൻ ചെക്ക്-ഇൻ മുൻകൂട്ടി പൂർത്തിയാക്കണമെന്നും എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താൻ അധികൃതർ ഓർമ്മിപ്പിച്ചു.
