തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിവർത്തനവും നവീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (BPT) വെറും ഖജനാവ് ചോർത്തൽ കേന്ദ്രമായി മാറിയെന്ന ആരോപണം ശക്തമാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് നീങ്ങുമ്പോഴും യാതൊരു ഗുണഫലവുമില്ലാത്ത സംവിധാനത്തിന് വേണ്ടി സർക്കാർ പ്രതിവർഷം 15 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് പാഴാക്കുന്നത്.
2023 സെപ്റ്റംബർ 5-ലെ സർക്കാർ ഉത്തരവ് (G.O.(Ms) No. 64/2023/ID) പ്രകാരം നിലവിലുണ്ടായിരുന്ന റിയാബ് (RIAB) പുനഃസംഘടിപ്പിച്ചാണ് BPT ക്ക് രൂപം നൽകിയത്. ജീവനക്കാരുടെ തൊഴിൽ കഴിവും സ്ഥാപനത്തിന്റെ ആവശ്യകതയും പുനപരിശോധിക്കണമെന്ന് ഉത്തരവിൽ വ്യക്തമായ നിർദ്ദേശമുണ്ടായിരുന്നെങ്കിലും BPT ഇത് കാറ്റിൽപ്പറത്തി.
ബിപിടി യെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന വീഴ്ചകൾ:
.യോഗ്യതയില്ലാത്തവർക്ക് തണലൊരുക്കി ബിപിടി l: ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ പ്രാവീണ്യമോ ഇല്ലാത്ത ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് BPT സ്വീകരിക്കുന്നത്. ഓഡിറ്റിംഗിലെ വൈകൽ മുതലെടുത്ത് ഇവർ നൽകുന്ന വ്യാജ കണക്കുകൾക്ക് സർക്കാർ കൂട്ടുമ നിൽക്കുന്നു.
.ധനവകുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചു: ധനവകുപ്പ് നിശ്ചയിച്ച ശമ്പള മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ ജീവനക്കാർക്ക് വൻ തുക പ്രതിമാസം അനുവദിക്കുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടും ഇവരെ സർവീസിൽ തുടരാൻ അനുവദിക്കുകയാണ്.
.പണം വാങ്ങി കോടതിയിലേക്ക്: കൃത്യമായ പ്രവർത്തന ഫലം കാണിക്കാത്ത ജീവനക്കാർ കൂടുതൽ സേവന ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് (WP (C)14583 OF 2026).
.നിയമനങ്ങളിലെ രാഷ്ട്രീയ താത്പര്യം: സ്ഥാപനങ്ങളിലെയുംbവ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെയും പൊതുമേഖലാ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി പൊതുമേഖലയിൽ പ്രവൃത്തിപരിചയമില്ലാതെ ജോലി കിട്ടിയ ശേഷം ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദം എടുത്തവരെ പുനരധിവാസം ഉറപ്പാക്കുകയാണ് BPT ചെയ്തത്.
പൊതുമേഖലയെ രക്ഷിക്കാനെന്ന പേരിൽ രൂപീകരിച്ച സംവിധാനം സ്വന്തം ജീവനക്കാരുടെ ഉപജീവന മാർഗ്ഗം മാത്രമായി മാറിയതിൽ ജനരോഷം ഇരമ്പുകയാണ്. ജനങ്ങളുടെ നികുതിപ്പണം വെറുതെ ധൂർത്തടിക്കുന്ന നടപടി നിർത്തിവെക്കണമെന്നും, ബിപിടി യെ ക്കുറിച്ച് സർക്കാർb സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ഉയർന്നുവരുന്ന പ്രധാന ആവശ്യം.
