കേരളത്തിൽ ഇപ്പോൾ ആകാശത്തുകൂടി പറക്കുന്നത് വിമാനങ്ങൾ മാത്രമല്ല, ഒന്നിനുപുറകെ ഒന്നായി പുറത്തുവരുന്ന കള്ളങ്ങളും പൊളിഞ്ഞ വീണ ന്യായീകരണങ്ങളുമാണ്
നമ്മുടെ സ്വന്തം മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം ഇപ്പോൾ ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന ഒരു വലിയ തമാശയായി മാറിയിരിക്കുകയാണ്. അഴിമതിക്കെതിരെയും ആഡംബരത്തിനെതിരെയും പ്രസംഗിക്കാൻ വായ തുറന്നാൽ വലിയ വലിയ വാക്കുകളാണ്. എന്നാൽ കാര്യങ്ങൾ വരുമ്പോൾ, ഖജനാവിൽ നിന്ന് ഇരുപത് ലക്ഷം രൂപ പൊടിപൊടിച്ച് ആകാശത്ത് പറക്കാനും, അത് ചോദ്യം ചെയ്യുമ്പോൾ കല്ലുവെച്ച നുണകൾ പറയാനും യാതൊരു മടിയുമില്ലാത്ത ഇരട്ടത്താപ്പാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വന്നു വന്ന് ഭരണത്തിലിരിക്കുന്നവർ എന്ത് തോന്ന്യവാസവും കാണിക്കാം, ജനങ്ങൾ അതൊക്കെ കണ്ണടച്ച് വിശ്വസിച്ചോളും എന്നൊരു അഹങ്കാരം വന്നിട്ടുണ്ടെങ്കിൽ, ആ ധാരണയൊക്കെ ഇപ്പോൾ കണ്ട് കണ്ട് പൊളിഞ്ഞു വീണിരിക്കുകയാണ്. കള്ളം പറഞ്ഞും ഒളിച്ചുകളിച്ചും ഇനി കേരളത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കാൻ ഇനിയും എത്ര കാലം വേണം?
മുഖ്യമന്ത്രി വി.ഡി. സതീശന് മലപ്പുറത്തേക്ക് ചാര്‍ട്ടേഡ് വിമാനത്തിലുള്ള യാത്ര സ്പോണ്സര് ചെയ്ത, മുഖ്യമന്ത്രി പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത അജ്ഞാതന്‍ ചിപ്സണ്‍ ഏവിയേഷന്‍ എന്ന് രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്.തന്റെ പരിചയക്കാരനാണ് സ്പോണ്‍സറെന്നും സംസ്ഥാനത്തിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലല്ലോ എന്നും പറഞ്ഞ് പേരുവെളിപ്പെടുത്തുന്നതില് മുഖ്യമന്ത്രി ഒളിച്ചുകളിച്ചെങ്കിലും ചിപ്സണ്‍ ഏവിയേഷനാണ് യാത്രയുടെ ബില്‍ അടച്ചതെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. .ഇതോടെ വി.ഡി. സതീശന് സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് നുണയായിരുന്നെന്നതും വ്യക്തമായി. ഹെലികോപ്ടര്‍ വാടക കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ സ്വാധീനിച്ച് ഖജനാവില്‍ നിന്ന് വന്‍തുകയ്ക്ക് കരാര്‍ പുതുക്കുന്നതിനായിരുന്നു വിമാനം സ്പോണ്സര് ചെയ്തതെന്നാണ് സൂചന.
സംഭവം എന്താണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇതിന്റെ ആനന്ദം ഒന്ന് വേറെയാണ്. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ വെറുമൊരു ഔദ്യോഗിക വാഹനം പോരാ, കർണാടകയിലെ കോൺഗ്രസ് മന്ത്രിയായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ വകയായ കേളചന്ദ്ര ഗ്രൂപ്പിന്റെ ലക്ഷ്വറി ചാർട്ടേഡ് വിമാനം തന്നെ വേണം! കർണാടകയിലെ ബെല്ലാരിയിൽ നിന്ന് വിമാനം പറന്നുയർന്ന് തിരുവനന്തപുരത്ത് വന്ന് മുഖ്യമന്ത്രിയെയും കയറ്റി കോഴിക്കോട്ടേക്ക് പറക്കുന്നു.മണിക്കൂറോളമാണ് ഈ വിമാനം മുഖ്യമന്ത്രിക്കായി ആകാശത്ത് വട്ടമിട്ട് പറന്നത്. ഇതിന്റെ ബില്ല് എത്രയാണെന്ന് അറിയാമോ? കൃത്യം ഇരുപത് ലക്ഷം രൂപ. ഇത്രയും വലിയൊരു തുകയുടെ ബില്ല് വന്നപ്പോൾ നമ്മുടെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ വെച്ച നടത്തിയ ഒരു വാര്‍ത്താസമ്മേളനം ഉണ്ടല്ലോ, അതൊരു ക്ലാസിക്കൽ കോമഡി പീസായിരുന്നു. ഒരു ലജ്ജയുമില്ലാതെ ക്യാമറയ്ക്ക് മുന്നിൽ വന്ന് പറഞ്ഞു, ‘അതൊക്കെ എന്റെ ഒരു സുഹൃത്ത് സ്പോൺസർ ചെയ്തതാണ്, അതുകൊണ്ട് സർക്കാരിന് ഒരു നഷ്ടവും വന്നിട്ടില്ലല്ലോ’ എന്ന്! ആഹാ, എന്ത് നല്ല സുഹൃത്ത്! ഇരുപത് ലക്ഷം രൂപ വെറുതെ ഒരു സൗഹൃദത്തിന് വേണ്ടി എറിഞ്ഞു കൊടുക്കാൻ തക്കവണ്ണം വലിയ മനസ്കനായ ആ അജ്ഞാത സുഹൃത്ത് ആരാണെന്ന് അറിയാൻ കേരളത്തിലെ പാവം ജനങ്ങൾ വല്ലാതെ കൊതിച്ചുപോയി.
എന്നാൽ നമ്മുടെ നാട്ടിൽ മാധ്യമങ്ങളും വിവരാവകാശവും ഒക്കെ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ സൗകര്യത്തിനല്ലല്ലോ. രേഖകൾ ഒക്കെ ഓരോന്നായി പുറത്തുവന്നപ്പോൾ ആ അജ്ഞാത സുഹൃത്തിന്റെ കള്ളത്തരം പൊളിഞ്ഞു വീണു. ആകാശത്തുനിന്ന് വീണത് ആരുടെയെങ്കിലും സുമനസ്സല്ല, സാക്ഷാൽ ചിപ്സൺ ഏവിയേഷൻ! അതെ, കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയിരുന്ന അതേ കമ്പനി! മുഖ്യമന്ത്രിയുടെ ആകാശയാത്ര സ്പോൺസർ ചെയ്തത് മറ്റാരോ അല്ല, സർക്കാരുമായി കോടികളുടെ കരാർ ഉണ്ടാക്കുന്ന അതേ കമ്പനി തന്നെയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ വാറോലകളും ന്യായീകരണങ്ങളും എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. കയ്യോടെ പൊക്കപ്പെട്ടപ്പോൾ പിന്നെ ചിപ്സൺ ഏവിയേഷൻ തന്നെ നേരിട്ട് ഇറങ്ങി വന്നു ന്യായീകരണം പറയേണ്ട ഗതികേടായി. കരാറും വിമാനയാത്രയും തമ്മിൽ യാതൊരു ബന്ധവുമില്ലത്രേ! എന്ത് മനോഹരമായ വിശദീകരണം! കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ഇറങ്ങിയിരിക്കുന്ന ഈ കൊള്ളസംഘത്തിന്റെ ബുദ്ധി സമ്മതിക്കണം.
ഇതിന്റെ പിന്നിലെ കളി എന്താണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കാണ് മനസ്സിലാകാത്തത്? ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ വാടക കരാർ അവസാനിച്ച സമയമാണിത്. കോടികളുടെ ആദായമുള്ള ഈ കരാർ വീണ്ടും ആർക്ക് കൊടുക്കണം എന്ന ചർച്ചകൾ സെക്രട്ടേറിയറ്റിൽ തകൃതിയായി നടക്കുന്ന അതേ സമയത്താണ്, അതേ കമ്പനി മുഖ്യമന്ത്രിക്ക് ഇരുപത് ലക്ഷം രൂപയുടെ ആഡംബര വിമാനയാത്ര സൗജന്യമായി സ്പോൺസർ ചെയ്യുന്നത്! അധികാരക്കസേരയിലിരിക്കുന്ന ഒരാൾ ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്നത് അഴിമതി നിരോധന നിയമപ്രകാരം അക്ഷരാർത്ഥത്തിൽ കുറ്റകരമാണ്. ഒരു വശത്ത് കരാർ പുതുക്കാൻ ചർച്ച, മറുവശത്ത് അതേ കമ്പനിയുടെ ചിലവിൽ രാജകീയ പറക്കൽ! എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ധാർഷ്ട്യത്തോടെ പറയുകയാണ്, ‘ഞാൻ ഇനിയും സൗജന്യങ്ങൾ സ്വീകരിക്കും’ എന്ന്. ഇതൊക്കെ കേൾക്കുമ്പോൾ ജനങ്ങൾക്ക് പുച്ഛം തോന്നിയെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റുമോ? സത്യപ്രതിജ്ഞാ ലംഘനത്തിന്റെ അങ്ങേത്തലക്കൽ എത്തിനിൽക്കുന്ന ഈ ഭരണാധികാരികളെ ഓർത്ത് സഹതപിക്കാനേ കഴിയൂ.
ഇതൊക്കെ കാണുമ്പോൾ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അവസ്ഥയോർത്ത് കഷ്ടം തോന്നുന്നുണ്ട്. അഴിമതിക്കെതിരെയും അലമാരയിലെ കള്ളന്മാരെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന ഉന്നതർ ഉള്ള പാർട്ടിയാണിത്. എന്നാൽ വി.ഡി. സതീശൻ ഇങ്ങനെ കയ്യോടെ പൊക്കപ്പെട്ട്, പച്ചക്കള്ളം പറഞ്ഞ് ജനങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുമ്പോൾ, പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കൾക്ക് അന്തംവിട്ടിരിക്കുകയാണ്. പരസ്യമായി ഒന്നും പറയാൻ പറ്റാത്ത അവസ്ഥ, എന്നാൽ ഉള്ളിൽ കടുത്ത അമർഷവും. കാരണം, നാളെ വോട്ടു ചോദിക്കാൻ ജനങ്ങളുടെ അടുത്ത് ചെല്ലേണ്ടത് അവരും കൂടിയാണല്ലോ. മുഖ്യമന്ത്രിയുടെ ഈ ധാർഷ്ട്യവും ഒളിച്ചുകളിയും കാരണം കോൺഗ്രസ് പാർട്ടി മൊത്തത്തിൽ കേരളത്തിൽ നാലോണം കളി ആയി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന ഭരണകൂട അഴിമതിക്കെതിരെ ശബ്ദിക്കേണ്ടവർ സ്വന്തം നേതാവിന്റെ അഴിമതി യാത്രയെ ന്യായീകരിക്കാൻ പാടുപെടുന്നത് കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്ക്.
ചുരുക്കത്തിൽ പറഞ്ഞാൽ, കുറച്ചൊക്കെ ഒതുക്കത്തിലും മര്യാദയിലും ഒക്കെ പ്രവർത്തിച്ചില്ലെങ്കിൽ ഭരണാധികാരികൾക്ക് ഇനിയും ഇതുപോലെ തലകുനിക്കേണ്ടി വരും. സുതാര്യത എന്ന് പറയുന്നത് പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല, അത് പ്രവൃത്തിയിലും കാണിക്കണം. രേഖകൾ സഹിതം കള്ളങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ, ന്യായീകരണ തൊഴിലാളികളായി എത്രപേർ വരിനിന്നാലും സത്യം മൂടിവെക്കാൻ കഴിയില്ല. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ഇനിയെന്തൊക്കെ നാടകങ്ങൾ അരങ്ങേറും, ഖജനാവ് കൊള്ളയടിച്ച ഈ കളിയിൽ കോൺഗ്രസ് നേതൃത്വം എന്ത് നിലപാടെടുക്കും എന്നൊക്കെ നമുക്ക് കാത്തിരുന്ന് കാണാം
ഇവിടെയാണ് മുഖ്യമന്ത്രിയുടെ ആദ്യ വിശദീകരണവും ഇപ്പോൾ പുറത്തുവന്ന രേഖകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും തമ്മിലുള്ള വ്യത്യാസം ജനങ്ങളിൽ ചർച്ചയാകുന്നത്. ഒരു വശത്ത് “ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിയത്” എന്ന വിശദീകരണം. മറുവശത്ത് ഒരു കമ്പനിയുടെ പേരിലുള്ള ഇൻവോയ്സ്. ഇനി ആ കമ്പനിയാണ് ആ പരിചയക്കാരനോ, പരിചയക്കാരൻ കമ്പനിക്ക് വേണ്ടി പണം കൊടുത്തതോ, മറ്റാരെങ്കിലും ഇടനിലക്കാരനായോ—ഇതൊന്നും ഊഹിച്ച് പറയേണ്ട കാര്യമില്ല. വളരെ ലളിതമായി മുഖ്യമന്ത്രി തന്നെ പറയട്ടെ. ആരാണ് വിമാനം ഏർപ്പെടുത്തിയത്? ആരാണ് ബിൽ അടച്ചത്? മുഖ്യമന്ത്രിക്ക് യാത്രയ്ക്കു മുമ്പ് തന്നെ ആരാണ് പണം നൽകുന്നതെന്ന് അറിയാമായിരുന്നോ? അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് ആദ്യം വ്യക്തമായ പേര് പറയാതിരുന്നത്? ഇത്രയും പറഞ്ഞാൽ മതി. പക്ഷേ ഇതിന് പകരം വിശദീകരണങ്ങൾ ഓരോ ഘട്ടത്തിലും മാറുന്നതായി ജനങ്ങൾക്ക് തോന്നിയാൽ പിന്നെ സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ?
ഇതിലാണ് ഇപ്പോൾ വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും കോൺഗ്രസിനെയും കുറിച്ചുള്ള പരിഹാസം തുടങ്ങുന്നത്. കാരണം പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസ് നേതാക്കൾ എന്തൊക്കെയായിരുന്നു പറയുന്നത്? സുതാര്യത വേണം, ഭരണാധികാരികൾ കണക്കു പറയണം, പൊതുജനങ്ങളോട് ഒന്നും മറച്ചുവയ്ക്കരുത്, അധികാരവും സ്വകാര്യ താൽപര്യങ്ങളും തമ്മിൽ കലരരുത് എന്നൊക്കെയായിരുന്നു. ആ വാക്കുകളൊക്കെ അന്ന് കേൾക്കാൻ നല്ല രസമായിരുന്നു. പക്ഷേ അധികാരത്തിന്റെ കസേര ഒന്ന് മാറി കിട്ടിയപ്പോൾ അതേ ചോദ്യങ്ങൾ തിരിച്ച് ചോദിച്ചാൽ മറുപടി പറയുന്നതിന് പകരം “മുൻ സർക്കാർ എന്ത് ചെയ്തു?” എന്ന് ചോദിച്ചാൽ എങ്ങനെയാണ്? സാർ, മുൻ സർക്കാർ എന്ത് ചെയ്തു എന്നതും പരിശോധിക്കാം. അതിൽ ആർക്കും എതിർപ്പില്ല. പക്ഷേ ഇപ്പോഴത്തെ ചോദ്യത്തിന് അതൊരു മറുപടിയാകുമോ? നിങ്ങൾക്ക് ലഭിച്ച വിമാനത്തിന്റെ പണം ആരാണ് കൊടുത്തത് എന്ന് ചോദിച്ചപ്പോൾ “അവർ മുമ്പ് ഹെലികോപ്റ്ററിൽ പോയിട്ടുണ്ട്” എന്ന് പറഞ്ഞാൽ അതാണോ കണക്കുപറയൽ?
രാഷ്ട്രീയത്തിൽ ഈ ഒരു പരിപാടി കുറേ കാലമായി നടക്കുന്നുണ്ട്. സ്വന്തം ആളെക്കുറിച്ച് ചോദിച്ചാൽ പഴയ സർക്കാരിന്റെ കഥ തുറക്കും. സ്വന്തം സർക്കാരിനെക്കുറിച്ച് ചോദിച്ചാൽ മുൻ സർക്കാരിന്റെ ഫയൽ പുറത്തുവരും. പക്ഷേ ജനങ്ങൾക്ക് വേണ്ടത് പഴയ കഥകളുടെ പുനഃസംപ്രേഷണമല്ല. ഇപ്പോഴത്തെ കാര്യത്തിന്റെ കണക്കാണ്. നിങ്ങൾ മറ്റൊരാളോട് ചോദിച്ച അതേ ചോദ്യം നിങ്ങളോടും ചോദിക്കുമ്പോൾ അതിന് നേരിട്ട് മറുപടി പറയാനുള്ള ധൈര്യമാണ് ജനങ്ങൾ നോക്കുന്നത്. കാരണം പ്രതിപക്ഷത്തിരിക്കുമ്പോൾ സുതാര്യത ആവശ്യപ്പെടുന്നത് എളുപ്പമാണ്. അധികാരത്തിൽ ഇരിക്കുമ്പോൾ സ്വന്തം കാര്യത്തിൽ അതേ സുതാര്യത കാണിക്കുകയാണോ എന്നതാണ് യഥാർത്ഥ പരീക്ഷണം.
ഇനി സംഭവത്തിന്റെ മറ്റൊരു വശത്തേക്ക് വരാം. ഒരു മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ച് ഇത്രയും ചോദ്യങ്ങൾ ഉയർന്നിട്ട്, അതിന് വളരെ ലളിതമായി മറുപടി പറയുന്നതിന് പകരം ഓരോ ഘട്ടത്തിലും ഓരോ ന്യായീകരണം വരുന്നത് തന്നെയാണ് ഇപ്പോൾ ഏറ്റവും വലിയ പരിഹാസമായി മാറുന്നത്. ആദ്യം കേൾക്കുന്നത് സൗജന്യ യാത്രയെന്നാണ്. പിന്നെ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിയതെന്ന് പറയുന്നു. ആ പരിചയക്കാരന്റെ പേര് ചോദിച്ചാൽ പറയാൻ കഴിയില്ല. പിന്നെ രേഖകൾ പുറത്തുവരുന്നു. അവിടെ മറ്റൊരു കമ്പനിയുടെ പേര്. അതും സർക്കാരുമായി നേരത്തെ കരാർ ബന്ധമുണ്ടായിരുന്ന കമ്പനി. അപ്പോൾ സ്വാഭാവികമായി ജനങ്ങൾ ചോദിക്കില്ലേ—“ചേട്ടാ, ഈ കഥയിൽ ഞങ്ങൾ ആദ്യം കേട്ട കഥാപാത്രം എവിടെ പോയി?” ഇത്രയും ലളിതമായൊരു ചോദ്യത്തിന് ഇത്രയും ചുറ്റിക്കറങ്ങിയുള്ള വിശദീകരണം എന്തിനാണ്? നേരെ പറഞ്ഞാൽ പോരേ? പണം കൊടുത്തത് ആരാണെന്ന് പറയൂ. എന്തിനാണ് കൊടുത്തതെന്ന് പറയൂ. തീർന്നില്ലേ?അതിനേക്കാൾ വലിയൊരു പ്രശ്നം രാഷ്ട്രീയ സംസ്കാരത്തിനാണ്. ഒരു വിഷയത്തിൽ ചോദ്യം ഉയർന്നാൽ അതിനെ നേരിട്ട് നേരിടുന്നതിന് പകരം ചോദ്യം ചോദിക്കുന്നവനെ രാഷ്ട്രീയ എതിരാളിയാക്കുക. മാധ്യമങ്ങളെ കുറ്റപ്പെടുത്തുക. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക. സോഷ്യൽ മീഡിയയെ കുറ്റപ്പെടുത്തുക. ഒടുവിൽ എല്ലാവരും കുറ്റക്കാരാണ്, പക്ഷേ ചോദ്യം ചോദിക്കപ്പെട്ടയാൾ മാത്രം നിരപരാധി എന്നൊരു വിചിത്രമായ സമവാക്യം ഉണ്ടാക്കുക
