അമേരിക്കയും ഇറാനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന തർക്കങ്ങളും സംഘർഷങ്ങളും നമ്മൾ എപ്പോഴും വാർത്തകളിൽ കേൾക്കുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂയോർക്കിൽ, അതായത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ നടന്ന വേദികളിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ വളരെ ആശങ്കാജനകമാണ്. ഒരുപക്ഷേ, ഇരുരാജ്യങ്ങളും തമ്മിൽ ഇനി ഒരു യുദ്ധവിരാമമോ സമാധാന ചർച്ചയോ സാധ്യമാണോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്.
സംഭവിച്ചത് എന്താണെന്ന് വ്യക്തമായി പരിശോധിക്കാം. അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കാൻ ഇറാന്റെ ഒരു ഉന്നതതല നയതന്ത്ര സംഘം ന്യൂയോർക്കിൽ എത്തിയിരുന്നു. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാച്ചിയുടെ , നേതൃത്വത്തിലുള്ള സംഘമായിരുന്നു അത്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അവർ അവിടെയെത്തിയത്. സമ്മേളനത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരാച്ചിയും അമേരിക്കയെയും ഇസ്രായേലിനെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. തങ്ങളുടേത് യുദ്ധം ആഗ്രഹിക്കാത്ത, എന്നാൽ ആരുടെയും മുന്നിൽ മുട്ടുമടക്കാത്ത രാജ്യമാണെന്ന ഉറച്ച നിലപാട് പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ പ്രതിനിധികൾ ആഗോള ശ്രദ്ധ നേടുകയും ചെയ്തു.
എന്നാൽ ഇതിനുപിന്നാലെ നടന്ന നാടകീയമായ നീക്കങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. ഇറാൻ പ്രതിനിധികൾ സംസാരിക്കുമ്പോൾ തന്നെ അമേരിക്കൻ പ്രതിനിധികൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് തിങ്കളാഴ്ചയായപ്പോഴേക്കും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ ഒരു ഉത്തരവുണ്ടായി — “ഇറാൻ ദൗത്യസംഘം എത്രയും പെട്ടെന്ന് അമേരിക്കൻ മണ്ണ് വിട്ടു പോകണം”!
സത്യത്തിൽ ഇതൊരു ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ ഒക്കെ കേൾക്കുന്ന നിർദ്ദേശം പോലെയായിപ്പോയി! “ഈ നമ്പറിലുള്ള വാഹനം ഉടൻ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്” എന്ന് പറയുന്നത് പോലെയാണ് ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രി ഉൾപ്പെടുന്ന ഔദ്യോഗിക സംഘത്തോട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പെരുമാറിയത്.
ഇവിടെ നമ്മൾ ചിന്തിക്കേണ്ട കാതലായ ഒരു കാര്യമുണ്ട്. ഏതൊരു രാജ്യവുമാകട്ടെ, അവർ ശത്രുവാകട്ടെ മിത്രമാകട്ടെ… അവർ UN യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗികമായി എത്തിയ അതിഥികളാണ് (Guests). മതിയായ വീസ കാലാവധിയും യാത്രാരേഖകളും അവർക്കുണ്ടായിരുന്നു. അങ്ങനെയുള്ളവരെ, കാലാവധി തീരുന്നതിന് മുൻപ് തന്നെ “കടക്ക് പുറത്ത്” എന്ന് പറഞ്ഞ് അസൗമ്യമായി തിരിച്ചയക്കുന്നത് നയതന്ത്രപരമായ വലിയൊരു പിഴവാണ് (Diplomatic Blunder). “അതിഥി ദേവോ ഭവ” എന്നൊരു അടിസ്ഥാന മര്യാദയൊക്കെയുണ്ട്. പക്ഷേ അത് പൂർണ്ണമായും കാറ്റിൽ പറത്തുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്.
ഇനി, ഇതിന്റെ മറുപുറം കൂടി നമുക്ക് നിഷ്പക്ഷമായി നോക്കാം. അമേരിക്ക എന്താണ് ഇതിന് ന്യായീകരണമായി പറയുന്നത്? ട്രംപ് ഭരണകൂടം നിയോഗിച്ച അമേരിക്കൻ മധ്യസ്ഥരായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ തുടങ്ങിയവർ ചർച്ചകൾക്കായി കാത്തിരുന്നിട്ടും ഇറാന്റെ അബ്ബാസ് അരാച്ചിയും സംഘവും വഴങ്ങിയില്ല, വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ചർച്ചകളിൽ നിന്ന് ഒളിച്ചോടി എന്നാണ് അമേരിക്ക ആരോപിക്കുന്നത്. “അങ്ങനെയെങ്കിൽ നിങ്ങൾ ഇവിടെ തുടരുന്നതിൽ അർത്ഥമില്ല” എന്ന് പറഞ്ഞാണ് അവരോട് മടങ്ങാൻ ആവശ്യപ്പെട്ടതെന്നാണ് അമേരിക്കൻ പക്ഷത്തിന്റെ വാദം.
എന്നാൽ ഇറാൻ നൽകുന്ന വിശദീകരണം തികച്ചും വ്യത്യസ്തമാണ്. തങ്ങളെ ആരും അപമാനിച്ച് പുറത്താക്കിയിട്ടില്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തിങ്കളാഴ്ച രാത്രി തന്നെ തങ്ങൾ മടങ്ങാൻ ഇരുന്നതാണെന്നുമാണ് അവർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട ഇറാന്റെ വിമാനം നേരെ പറന്നുയർന്നത് ഖത്തറിലെ ദോഹയിലേക്കാണ് — അതായത് ഇപ്പോഴും മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്ന പ്രധാന രാജ്യമായ ഖത്തറിലേക്ക്.
പക്ഷേ, മാധ്യമങ്ങളിൽ വന്ന ഈ വാർത്തകൾ തള്ളിക്കളയാനാവില്ല. ഖത്തറും പാകിസ്ഥാനുമൊക്കെ എത്രയോ കഷ്ടപ്പെട്ടാണ് ഈ ഇരുരാജ്യങ്ങളെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്താൻ ശ്രമിക്കുന്നത്! “അൽപം കൂടി ന്യൂയോർക്കിൽ നിൽക്കൂ, നമുക്കൊരു പരിഹാരമുണ്ടാക്കാം” എന്ന് മധ്യസ്ഥ രാജ്യങ്ങൾ ഇറാന്റെ പ്രതിനിധികളോട് അപേക്ഷിച്ച് നിർത്തമ്പോഴാണ് അമേരിക്ക ഇത്തരത്തിൽ അവരുടെ മുഖത്ത് നോക്കി വാതിലുകൾ അടയ്ക്കുന്നത്.
സത്യത്തിൽ രണ്ടു കൂട്ടരുടെയും ഭാഗത്ത് ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇറാൻ സൈന്യമോ അല്ലെങ്കിൽ അവിടുത്തെ ചില തീവ്ര നിലപാടുള്ള ഗ്രൂപ്പുകളോ അമേരിക്കൻ പതാക നിലത്തുവിറിച്ച് അതിലൂടെ നടക്കുക, അമേരിക്കൻ നേതാക്കളുടെ ചിത്രം കാർപെറ്റാക്കി മാറ്റി ചവിട്ടുക എന്നൊക്കെ ചെയ്യുന്നത് ആരോഗ്യകരമായ ഒരു ശൈലിയല്ല. മുൻപ് ഇറാഖിലെ സദ്ദാം ഹുസൈനൊക്കെ ചെയ്ത തരം രീതികളാണത്. ഒരു രാജ്യത്തോട് എത്ര വലിയ എതിർപ്പുണ്ടെങ്കിലും അത് അന്തസ്സോടെ, ഔദ്യോഗിക പ്രസ്താവനകളിലൂടെയാണ് തുറന്നുകാട്ടേണ്ടത്.
അതുപോലെ തന്നെയാണ് അമേരിക്കയുടെ ഭാഗത്തും സംഭവിക്കുന്നത്. അമേരിക്കയുടെ ആ ഒരു പഴയ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽക്കുന്നുണ്ട്. കുടിയേറ്റക്കാരെ ക്രൂരമായി കൈകാര്യം ചെയ്യുന്നതും, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെപ്പോലും ചങ്ങലയ്ക്കിട്ട് തിരിച്ചയക്കുന്നതുമായ വാർത്തകൾ നമ്മൾ കണ്ടതാണ്. അതിനു പുറമെയാണ് അതിഥിയായി എത്തിയ ഉന്നത നയതന്ത്ര പ്രതിനിധികളോട് ഇത്തരം പ്രാകൃത രീതിയിൽ പെരുമാറുന്നത്. ഇത് ജനാധിപത്യത്തിന്റെ കാവലാളുകൾ എന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ വലിപ്പത്തെയും അന്തസ്സിനെയുമാണ് ചോദ്യം ചെയ്യുന്നത്.
ഇനി ഇതെല്ലാം ഭാവിയിലെ ചർച്ചകളെയും സമാധാന ശ്രമങ്ങളെയും എങ്ങനെ ബാധിക്കും? അതാണ് നമ്മൾ ഉറ്റുനോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം.
തീർച്ചയായും, അമേരിക്കയും ഇറാനും തമ്മിൽ ശേഷിച്ചിരുന്ന ആ ഒരു കുറഞ്ഞ “പരസ്പര വിശ്വാസം” (Trust) പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇനി ഒരു ചർച്ച നടക്കണമെങ്കിൽ തന്നെ അത് നേരിട്ടല്ലാതെ, മറ്റ് മധ്യസ്ഥ രാജ്യങ്ങൾ വഴി മാത്രമേ സാധ്യമാകൂ. എന്നാൽ, ഇത്രയും വലിയ അപമാനം നേരിട്ട ശേഷം ഇറാൻ ഇനി എത്രത്തോളം ചർച്ചകൾക്ക് വഴങ്ങും എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, മിസൈൽ പ്രയോഗങ്ങൾ, മേഖലയിലെ സുരക്ഷ തുടങ്ങിയ കാതലായ വിഷയങ്ങളിൽ ഇരുവിഭാഗത്തിനും “മുഖം രക്ഷിച്ചുകൊണ്ട്” കരാറിലെത്താവുന്ന ഒരു ഫോർമുല കണ്ടെത്താനാണ് മധ്യസ്ഥർ കഠിനാധ്വാനം ചെയ്യുന്നത്. എന്നാൽ ഒരു വശത്ത് ഇങ്ങനെയുള്ള വിദ്വേഷപരമായ നീക്കങ്ങളും പരിഹാസങ്ങളും തുടരുമ്പോൾ സമാധാനം എന്നത് വളരെ അകലെത്തന്നെ നിൽക്കും.
ചിലപ്പോൾ, വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇറാനെതിരെ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീക്കാനാണോ അമേരിക്കൻ ഭരണകൂടം ലക്ഷ്യമിടുന്നത് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതിനു മുന്നോടിയായിട്ടാണോ അവർ ചർച്ചകളുടെ വാതിലുകൾ ഇത്തരത്തിൽ അടയ്ക്കുന്നത്?
എന്തുതന്നെയായാലാകും, ഇത്തരം വിലകുറഞ്ഞ നയതന്ത്ര യുദ്ധങ്ങൾ പശ്ചിമേഷ്യയിൽ യുദ്ധഭീതി കൂട്ടാനേ ഉപകരിക്കൂ. വരും ദിവസങ്ങളിൽ മധ്യസ്ഥ രാജ്യങ്ങളുടെ നീക്കങ്ങൾ എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
പശ്ചിമേഷ്യയിൽ ഇനി പൂർണ്ണ യുദ്ധം?
