ഒടുവിൽ ഹിമാചലിൽനിന്ന് വൈദ്യുതി എത്തി, കേരളത്തിലെ നിയന്ത്രണം ഒഴിവായി

വൈദ്യുതി ക്ഷാമത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം നേരിട്ട കേരളത്തിന് താൽക്കാലിക ആശ്വാസം. ഹിമാചൽപ്രദേശിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിത്തുടങ്ങിയതോടെയാണ് സംസ്ഥാനത്തെ വൈദ്യുതിനിയന്ത്രണം ഒഴിവായത്. പ്രസരണലൈനിൽ തടസ്സങ്ങളുണ്ടാകാതിരിക്കുകയും വൈദ്യുതി ഉപഭോഗം അസാധാരണമായി ഉയരാതിരിക്കുകയും ചെയ്താൽ ഒക്ടോബറിൽ നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. പകലും രാത്രിയുമായി 800 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് ഹിമാചൽ പവർ കോർപ്പറേഷനുമായി കരാർ.

യൂണിറ്റിന് 14.5 രൂപയാണ് ഹിമാചലിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില. ഈ വില 12.5 രൂപയായി കുറയ്ക്കാൻ കഴിഞ്ഞാൽ കൂടുതൽ കാലത്തേക്ക് വൈദ്യുതി വാങ്ങാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകളും നടക്കുന്നുണ്ട്. സെപ്റ്റംബർ ആദ്യംതന്നെ ഹിമാചലിൽനിന്ന് വൈദ്യുതി എത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഉയർന്ന വില കണക്കിലെടുത്ത് അന്ന് വാങ്ങേണ്ടതില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി. എന്നാൽ വൈദ്യുതിനിയന്ത്രണത്തിനെതിരായ ജനരോഷം ശക്തമായതോടെയാണ് തീരുമാനം മാറ്റിയത്.ആദ്യഘട്ടത്തിൽ പകലും രാത്രിയിലും ഏതാണ്ട് തുല്യ അളവിൽ വൈദ്യുതി നൽകാമെന്നായിരുന്നു ഹിമാചലിന്റെ വാഗ്ദാനം. അങ്ങനെ വന്നാൽ ശരാശരി യൂണിറ്റിന് 30 രൂപ വരെ ചെലവാകുമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടൽ. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വൈദ്യുതിയുടെ 95 ശതമാനവും രാത്രിയിലാണ്. ഈ മാസം മാത്രം ഹിമാചൽ പവർ കോർപ്പറേഷനിൽനിന്ന് 28 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാനാണ് തീരുമാനം. കേരളത്തിലെ വൈദ്യുതി ആവശ്യകത ഉയരുന്ന രാത്രിയിൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കും. യൂണിറ്റിന് 14.5 രൂപ കണക്കാക്കിയാൽ ഈ മാസത്തെ കെ.എസ്.ഇ.ബി.യുടെ അധിക ചെലവ് ഏകദേശം 410 കോടി രൂപയാകും. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഹിമാചലിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറിലെത്തിയത്.

അതേസമയം, പരമാവധി 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷൻ നേരത്തേ അനുമതി നൽകിയിരുന്നത്. ഇതിന് മുകളിലുള്ള നിരക്കിൽ വൈദ്യുതി വാങ്ങാൻ കമ്മിഷന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി വാങ്ങിത്തുടങ്ങിയ ശേഷം 10 ദിവസത്തിനകം കമ്മിഷനെ സമീപിച്ചാൽ മതിയെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. ഉയർന്ന വില നൽകിയാണെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമ്പോൾ, അധിക ചെലവിന്റെ ബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാന ചോദ്യമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *