പിഎസ്‌സി പരീക്ഷാ ക്രമക്കേട്! അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്;

 കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ശക്തമാക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നിയമനടപടികളിലേക്ക് കടക്കാനാണ് നീക്കം. ഹൈക്കോടതിയിൽ നിന്ന് അന്വേഷണ സംഘത്തിന് അനുകൂലമായ നിലപാട് ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നടപടി.

ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷകളിൽ ഉൾപ്പെടെ വലിയ തോതിലുള്ള തട്ടിപ്പുകൾ നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ അംഗങ്ങൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും പലതവണ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായിരുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകില്ലെന്നും, പകരം പിഎസ്‌സി ആസ്ഥാനത്ത് വെച്ച് മൊഴി നൽകാമെന്നുമാണ് അഞ്ച് അംഗങ്ങൾ നിലപാടെടുത്തത്.ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ പിഎസ്‌സി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിഷയത്തിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. പരീക്ഷയിലെ 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രത്യക്ഷത്തിൽ തന്നെ അഴിമതി വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണത്തോട് പിഎസ്‌സി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോൾ, അതിന് അനുമതിയില്ലെന്ന വിചിത്ര വാദമാണ് പിഎസ്‌സി അഭിഭാഷകൻ ഉന്നയിച്ചത്. എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പിഎസ്‌സിയിൽ വലിയ തോതിലുള്ള അഴിമതിയും ഗൂഢാലോചനയുമാണ് നടന്നിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

“എന്തുകൊണ്ടാണ് പിഎസ്‌സി അന്വേഷണവുമായി സഹകരിക്കാത്തത്? യഥാർത്ഥ വസ്തുതകൾ പിഎസ്‌സിക്ക് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താമല്ലോ,” എന്ന് കോടതി ചോദിച്ചു. നാട്ടിലെ യുവാക്കളുടെ ഭവിഷ്യത്ത് സംരക്ഷിക്കപ്പെടണമെന്നും കോടതി ഓർമിപ്പിച്ചു. പിഎസ്‌സിയുടെ ഹർജിയിൽ സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *