83ാം വയസ്സിലും സിനിമയിലും ടെലിവിഷനിലും തിരക്കോടെയാണ് അമിതാഭ് ബച്ചന്റെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നാൽ ഈ തിരക്കിനിടയിൽ ഇപ്പോൾ ഉറക്കത്തിനുള്ള സമയം കണ്ടെത്താൻ പോലും ബുദ്ധിമുട്ടുകയാണെന്നാണ് ബിഗ് ബി പറയുന്നത്. ‘കോൻ ബനേഗ ക്രോർപതി’യുടെ ചിത്രീകരണത്തിനായി മണിക്കൂറുകളോളം സെറ്റിൽ ചെലവഴിക്കേണ്ടിവരുന്നതാണ് ഉറക്കം കുറയാൻ കാരണമാകുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ പങ്കുവച്ചു. 1969ൽ ‘സാത് ഹിന്ദുസ്ഥാനി’യിലൂടെ ആരംഭിച്ച ബച്ചന്റെ അഭിനയജീവിതം നാലര പതിറ്റാണ്ടിലേറെ പിന്നിട്ടു. 1975ലെ ‘ഷോലേ’, ‘ദീവാർ’ തുടങ്ങിയ ചിത്രങ്ങളിൽ നിന്ന് 2024ലെ ‘കൽകി 2898 എ.ഡി’ വരെ 200ലേറെ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
ഉറക്കം മനുഷ്യശരീരത്തിന് ഊർജം വീണ്ടെടുക്കാനുള്ള സംവിധാനമാണെന്ന് പറഞ്ഞ ബച്ചൻ, അത് പാലിക്കാൻ സമയം കണ്ടെത്താൻ താൻ ശരിക്കും പ്രയാസപ്പെടുകയാണെന്നും കുറിച്ചു. നേരത്തേ കിടന്ന് നേരത്തേ എഴുന്നേൽക്കാൻ ശ്രമിക്കണമെന്നും, അതൊരു വേറിട്ട അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയായാലും ഉറങ്ങാൻ കിടക്കയിലേക്ക് ഓടേണ്ടതുണ്ടെന്നായിരുന്നു ബച്ചന്റെ കുറിപ്പ്. 83ാം വയസ്സിലും തുടരുന്ന തിരക്കേറിയ അഭിനയ-ടെലിവിഷൻ ജീവിതത്തിനിടെയാണ് ഉറക്കക്കുറവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ പരാമർശം.ദിവസങ്ങൾക്കുമുമ്പ് ‘കോൻ ബനേഗ ക്രോർപതി’യുടെ സെറ്റിൽ വീണ് കാൽമുട്ടിന് പരിക്കേറ്റതും വാർത്തയായിരുന്നു. പരിപാടി അവതരിപ്പിക്കാനെത്തിയ ബച്ചൻ ഉടൻ കസേരയിൽ ഇരുന്നതും പരിക്കിനെ തുടർന്നായിരുന്നു. പരിക്ക് അത്ര ഗുരുതരമല്ലെന്ന് പിന്നീട് വിശദീകരിക്കുകയും അദ്ദേഹം വീണ്ടും പരിപാടികളിൽ സജീവമാകുകയും ചെയ്തു. ഇതിനിടെയാണ് ഉറക്കത്തിനായി സമയം കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ചുള്ള ബച്ചന്റെ പുതിയ പ്രതികരണം.
ടെലിവിഷനിലെ ബിഗ് ബിയെക്കാൾ വെള്ളിത്തിരയിലെ ബച്ചനെയാണ് ആരാധകർ കൂടുതൽ കാത്തിരിക്കുന്നത്. പ്രഭാസ്, കമൽ ഹാസൻ എന്നിവർക്കൊപ്പം അഭിനയിച്ച ‘കൽകി 2898 എ.ഡി’യുടെ രണ്ടാം ഭാഗവും ഉടൻ തിയറ്ററുകളിലെത്താനുണ്ട്. ‘ആംഖേൻ 2’യും താരത്തിന്റേതായി വരാനുണ്ട്. അതിനാൽ 83ാം വയസ്സിലും സിനിമയും ടെലിവിഷനും ഒരുപോലെ സജീവമാക്കി മുന്നോട്ട് പോകുന്ന ബച്ചന്റെ തിരക്കിന് ഉടൻ കുറവുണ്ടാകാനുള്ള സാധ്യതയില്ല.
