ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് നീക്കം;

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്റെ മേൽ ശക്തമായ സമ്മർദ്ദം. അദ്ദേഹത്തിന്റെ പാർട്ടി അംഗത്വം തന്നെ റദ്ദാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്ന ആരോപണമാണ് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിരിക്കുന്നത്.

ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. പരാതി പൊലീസിന് കൈമാറാൻ കോൺഗ്രസ് സിപിഐഎമ്മിനെ വെല്ലുവിളിച്ചിട്ടുണ്ട്. കൂടാതെ, സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ പാർട്ടി ഓഫീസുകൾ നേതാക്കൾ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ കുറ്റപ്പെടുത്തി. ലഭിച്ച പരാതി പൂഴ്ത്തിവെയ്ക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ പി.കെ. ശശി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും, കൊഴിഞ്ഞാമ്പാറയിൽ പാർട്ടിയിൽ ഭിന്നത ഉണ്ടായപ്പോഴും നേതൃത്വം സുരേഷ് ബാബുവിനെ സംരക്ഷിച്ചിരുന്നു. എന്നാൽ വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയും, ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയോടും സമാന രീതിയിൽ പെരുമാറിയെന്ന ആക്ഷേപവുമാണ് അദ്ദേഹത്തിന് ഇപ്പോൾ തിരിച്ചടിയായത്. ഇതിനുപുറമേ, പാർട്ടി ഓഫീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യങ്ങൾ പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരേഷ് ബാബുവിനെതിരെ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുകയാണെങ്കിൽ, അതിന്റെ കാരണങ്ങൾ പാർട്ടിക്ക് പൊതുമധ്യത്തിൽ വിശദീകരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *