ബോക്സ് ഓഫീസ് തരംഗമായി പൃഥ്വിരാജിന്റെ ‘ഖലീഫ’; 

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’ മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ഒക്ടോബർ 9 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് ജിനു ഇന്നോവേഷൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയുമാണ്.

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 14.5 കോടി രൂപ കളക്ഷൻ നേടി ഗംഭീര ഓപ്പണിങ് സ്വന്തമാക്കിയ ചിത്രം കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ മികച്ച ആക്ഷൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. മാസ്സ് സിനിമകളെ സ്നേഹിക്കുന്ന യുവപ്രേക്ഷകരും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം എല്ലാത്തരം വിഭാഗം ആളുകളെയും രസിപ്പിക്കുന്ന ഒന്നാണ്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാലും, ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായി എത്തുന്ന ടൊവിനോ തോമസും ചിത്രത്തിന്റെ തിളക്കം കൂട്ടുന്നുണ്ട്. ഇവരെ കൂടാതെ നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് അണിയറ പ്രവർത്തകർ ഖലീഫയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തെ പോലെ തന്നെ സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് എന്റർടൈനർ ആയിരിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *