‘ജയിലർ 2’ ബുക്കിംഗിൽ ചരിത്ര വിപ്ലവം; 

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജയിലർ 2’ റിലീസിനൊരുങ്ങുമ്പോൾ അഡ്വാൻസ് ബുക്കിംഗിൽ വൻ റെക്കോർഡുകൾ. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 4 കോടിയോളം രൂപയുടെ പ്രീസെയിൽ ആണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ദിനത്തിൽ പ്രധാന തിയേറ്ററുകളിലെല്ലാം മാരത്തൺ ഷോകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററിൽ ഇതിനോടകം തന്നെ ആദ്യ ദിനം 24 മണിക്കൂർ മാരത്തൺ ഷോകൾ ചാർട്ട് ചെയ്തു കഴിഞ്ഞു.

ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 40,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുപോയപ്പോൾ, ‘ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ’ ആപ്പിലും ചിത്രം പുതിയ ചരിത്രം കുറിച്ചു. ആപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ 12,000-ത്തിലധികം ടിക്കറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴിയും കൗണ്ടർ സെയിലിലൂടെയും ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ആരാധകർ സ്വന്തമാക്കിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ഒക്ടോബർ 15-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ 800-ഓളം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്.ചിത്രത്തിന്റെ ബുക്കിംഗ് കുതിപ്പിന് പിന്നിൽ ‘മോഹൻലാൽ ഫാക്ടറും’ വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി വലിയ കൈയ്യടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും നിർണ്ണായക വേഷത്തിലെത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ട്രെയിലറിലെ മോഹൻലാലിന്റെ മാസ് ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും ഒപ്പം ചേരുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. കേരളത്തിൽ ഒക്ടോബർ 15-ന് പുലർച്ചെ ആറുമണിക്ക് തന്നെ ആദ്യ പ്രദർശനം ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *