അരുണാചൽ പ്രദേശ് അതിർത്തിയിലെന്ത്സംഭവിക്കുന്നു?ചൈനീസ് പ്രകോപനത്തിന് പിന്നിലെ ലക്ഷ്യങ്ങൾ

ഇൻഡോ-ചൈന അതിർത്തി സംഘർഷങ്ങളെക്കുറിച്ച് ഇപ്പോൾ നിരവധി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ തോതിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കുകയാണോ? ചൈന 50-60 കിലോമീറ്റർ ഇന്ത്യയ്ക്കുള്ളിലേക്ക് വന്നു എന്നൊക്കെയുള്ള അതിശയോക്തിപരമായിട്ടുള്ള പല റിപ്പോർട്ടുകളും ചർച്ചകളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ നിജസ്ഥിതി എന്താണ്? എന്താണ് അരുണാചൽ പ്രദേശിൽ യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

അതോടൊപ്പം തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി നാം ചിന്തിക്കേണ്ടതുണ്ട്; ഈ വിഷയത്തിൽ കേന്ദ്രസർക്കാർ, പ്രത്യേകിച്ചും മോദി സർക്കാർ പാലിക്കുന്ന മൗനം എന്തുകൊണ്ടാണ്? ആ മൗനത്തിന് അർത്ഥം മോദി സർക്കാർ ഈ വിഷയത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്നോ അല്ലെങ്കിൽ ഈ ഇൻഡോ-ചൈന സംഘർഷത്തെ ലഘുവരിച്ചു കാണുന്നുവെന്നോ ആണോ? ഒരിക്കലുമല്ല. മറിച്ച്, വളരെ ശ്രദ്ധയോടുകൂടി ഓരോ നീക്കവും നടത്തുകയും, വളരെ കൃത്യമായി മാത്രം പ്രതികരിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. ചൈനീസ് വിഷയത്തിലായാലും പാകിസ്ഥാൻ വിഷയത്തിലായാലും നാം ഈയൊരു പക്വത കാണാറുണ്ട്.
ഈയൊരു വിഷയം വീണ്ടും വലിയ തോതിൽ ചർച്ചയാകാൻ കാരണം (ITBP) മേധാവി ശത്രുജിത് കപൂർ നടത്തിയ ഒരു പ്രസ്താവനയാണ്. അദ്ദേഹം ഐ.ടി.ബി.പി മേധാവി എന്ന നിലയിൽ ചൈന അതിർത്തിയിലെ സാഹചര്യങ്ങളെക്കുറിച്ചും ചൈനീസ് നീക്കങ്ങളെക്കുറിച്ചും സംസാരിച്ചപ്പോൾ, അത് മോദി സർക്കാരിനെതിരെയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് പലരും ഇവിടെ ശ്രമിക്കുന്നത്. അതായത്, ഇന്ത്യ അതിർത്തിയിൽ വളരെ പിന്നിലാണ്, ചൈന നാളെ നമ്മളെ ആക്രമിക്കും, അങ്ങനെ വന്നാൽ 1962 ലെ ദുരന്തം ഇന്ത്യക്ക് വീണ്ടും ഏറ്റുവാങ്ങേണ്ടി വരും എന്നൊക്കെയുള്ള രീതിയിൽ കാര്യങ്ങൾ വ്യാഖ്യാനിക്കപ്പെടുന്നു. സർക്കാരിനെതിരായി ഒരു പൊതുവികാരം ഉണ്ടാക്കിയെടുക്കാനാണ് ഇതിലൂടെ ചിലർ ശ്രമിക്കുന്നത്.
എന്നാൽ യാഥാർത്ഥത്തിൽ അങ്ങനെയല്ല കാര്യങ്ങൾ നടക്കുന്നത്. ഈ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വക്താക്കളുടെ പ്രതികരണമല്ലാതെ, മറ്റ് രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ആരുംതന്നെ അനാവശ്യ പ്രസ്താവനകൾ നടത്തിയിട്ടില്ല. അരുണാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി കിരൺ റിജിജു മാത്രമാണ് ഈ വിഷയത്തിൽ സംസാരിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞതാകട്ടെ സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ല, മറിച്ച് തന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണ്.
ഇനി എന്താണ് അവിടെ നടക്കുന്ന സംഘർഷത്തിന്റെ യഥാർത്ഥ സ്ഥിതി? തീർച്ചയായും ആ മേഖലയിൽ സംഘർഷമുണ്ട് എന്നത് സത്യമാണ്. അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിലാണ് ഇപ്പോൾ സംഘർഷം നടക്കുന്ന പ്രദേശം. അഫസില, അതുപോലെ ടാക്സിങ് എന്ന് പറയുന്ന ഗ്രാമത്തിന് തൊട്ടടുത്തുള്ള പ്രദേശമാണിത്. ഇത് സ്ഥിതിചെയ്യുന്നത് ‘ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ’ (LAC) അഥവാ യഥാർത്ഥ നിയന്ത്രണ രേഖയിലാണ്. അതൊരു അന്താരാഷ്ട്ര അതിർതിയല്ല, മറിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മാത്രമാണ്. ഇവിടെ വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം, ചൈന ഭാരതത്തിനുള്ളിലേക്ക് 50 കിലോമീറ്റർ പ്രവേശിച്ചു എന്ന് പറയുന്നതെല്ലാം തികച്ചും തെറ്റായ കാര്യങ്ങളാണ്. കഴിഞ്ഞ ജൂലൈ മുതൽ അവിടെ നടക്കുന്ന ചില ചെറിയ സംഘർഷങ്ങളുടെ തുടർച്ച മാത്രമാണിത്.
ജൂലൈ മാസത്തിൽ നമ്മുടെ പട്ടാളക്കാർ പെട്രോളിങ്ങിന് പോകുമ്പോൾ ചൈനീസ് പട്ടാളക്കാരുമായി മുഖാമുഖം വരികയുണ്ടായി. അത് ചെറിയൊരു സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് ചൈനീസ് പട്ടാളക്കാർ തിരിച്ചുപോയെങ്കിലും, പിന്നീട് അവർ തിരിച്ചുവന്നത് വലിയ അംഗബലത്തോടുകൂടിയാണ്. അന്ന് ഇതേ പ്രദേശത്ത് അവർ ടെന്റുകൾ കെട്ടാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നം വരുന്നത്. എന്നാൽ നമ്മൾ അവരെ പിന്നോട്ടുപോകാൻ അനുവദിക്കുകയോ ആ പ്രദേശം വിട്ടുകൊടുക്കാൻ തയ്യാറാകുകയോ ചെയ്തില്ല.
ഇന്ന് ഭാരതത്തിന്റെയും നമ്മുടെ സൈന്യത്തിന്റെയും മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടത്തെപ്പോലെയുള്ള ഒരു ‘ഡിഫൻസീവ് പോസ്റ്റർ’ അല്ല ഇന്നുള്ളത്. നമ്മൾ ഇങ്ങോട്ട് ആക്രമിക്കപ്പെട്ടാൽ തിരിച്ച് ആക്രമിക്കാൻ നമ്മുടെ പട്ടാളക്കാർക്ക് വലിയ തലപ്പത്തുനിന്നുള്ള പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ട അവസ്ഥ ഇപ്പോഴില്ല. ഫീൽഡിലുള്ള ലോക്കൽ കമാൻഡർമാർക്ക് തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് നൽകിയിട്ടുണ്ട്. അതിനാൽത്തന്നെ നമ്മുടെ പട്ടാളക്കാർ വളരെ കൃത്യമായി തിരിച്ചടിക്കുന്നുമുണ്ട്. നിലവിലെ ലേറ്റസ്റ്റ് വിവരങ്ങൾ അനുസരിച്ച് ചൈനീസ് പട്ടാളക്കാർ ആ മേഖലയിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
പക്ഷേ, അതുകൊണ്ട് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുമോ? ഒരിക്കലുമില്ല. എന്തുകൊണ്ടാണ് ഈ പ്രശ്നം വീണ്ടും വീണ്ടും അവിടെ ആവർത്തിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥ ചിത്രം നമുക്ക് ബോധ്യമാവുകയുള്ളൂ. ഈ കാരണങ്ങൾ കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ഭാരത സർക്കാർ അനാവശ്യ ബഹളങ്ങളിലേക്ക് പോകാതെ സംയമനം പാലിക്കുന്നത്. സർക്കാരിന്റെ മൗനം എന്നാൽ ഒന്നും ചെയ്യാതിരിക്കലല്ല, മറിച്ച് കൃത്യമായ നടപടികൾ കൃത്യസമയത്ത് എടുക്കുക എന്നതാണ്.
എന്തുകൊണ്ടാണ് ചൈന ഹിമാലയൻ മേഖലയിൽ ഇത്രയധികം സംഘർഷങ്ങൾ ഉണ്ടാക്കുന്നത്? ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. നമുക്കറിയാം, ഇന്ത്യ-ചൈന അതിർത്തി എന്ന് പറയുന്നത് ഏതാണ്ട് മൂവായിരത്തോളം കിലോമീറ്റർ നീളമുള്ള ഒന്നാണ്. അതിൽ ആയിരത്തോളം കിലോമീറ്റർ അരുണാചൽ പ്രദേശ് തന്നെയാണ്. ഈ അരുണാചൽ പ്രദേശ് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് ചൈന പലതവണ പ്രസ്താവനകളിലൂടെ അവകാശപ്പെട്ടിട്ടുണ്ട്. അവർ അതിനെ ‘സൗത്ത് ടിബറ്റ്’ അഥവാ ദക്ഷിണ ടിബറ്റ് എന്നാണ് വിളിക്കുന്നത്. ഉത്തര ടിബറ്റ് അവർ ഇതിനോടകം തന്നെ കൈക്കലാക്കി വിഴുങ്ങി കഴിഞ്ഞു. എന്നാൽ ടിബറ്റ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ ചൈനയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരവും ജനതയും ജീവിതരീതികളുമുള്ള മറ്റൊരു പ്രദേശമാണ്.

    അരുണാചൽ പ്രദേശിനെ കൈവശപ്പെടുത്താൻ സാധിക്കുമായിരുന്നെങ്കിൽ ചൈന എന്നേ അത് ചെയ്തേനെ. എന്നാൽ അത് നടക്കില്ലെന്ന്       ചൈനയ്ക്ക് നന്നായി അറിയാം. ഭാരതത്തിന്റെ ശക്തി എന്താണെന്ന് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ് അവർ അതിന് മുതിരാത്തത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ചൈന ആറിലധികം പ്രാവശ്യം അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്. വില്ലേജുകളും ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് ഉൾപ്പെടെ 112 സ്ഥലങ്ങൾക്ക് സ്വന്തം പേരിട്ട് അവകാശവാദമുന്നയിക്കുകയാണ് അവർ ചെയ്തത്. മാക്സിമം അവർക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം മാനസിക യുദ്ധങ്ങൾ മാത്രമാണ്.
   ഇനി എന്തുകൊണ്ടാണ് ചൈന ഈ പ്രദേശത്ത് നിരന്തരം സംഘർഷം ഉണ്ടാക്കുന്നത് എന്നതിന്റെ മനശാസ്ത്രം പരിശോധിച്ചാൽ, ഒന്നാമത്തെ കാരണം 'ദലൈലാമ'യാണ്. ടിബറ്റൻ ബുദ്ധിസത്തിന്റെ ആത്മീയ നേതാവായ ദലൈലാമ ഇന്ന് ഭാരതത്തിലെ ധർമ്മശാലയിലാണ് രാഷ്ട്രീയ അഭയം നേടിയിരിക്കുന്നത്. അദ്ദേഹം ധർമ്മശാലയിൽ ഇരുന്ന് ഒളിവിലുള്ള ടിബറ്റൻ സർക്കാരിനെ നയിക്കുകയും ചെയ്യുന്നുണ്ട്. ഇത് ചൈനീസ് ഭരണകൂടത്തിന് ഒരിക്കലും സഹിക്കാനാവാത്ത കാര്യമാണ്.
      ഇപ്പോൾ 91 വയസ്സായ ദലൈലാമയ്ക്ക് ശേഷം അടുത്ത ദലൈലാമ ആര് എന്ന ചോദ്യം പ്രധാനമാണ്. ബുദ്ധമത വിശ്വാസപ്രകാരം ദലൈലാമ പുനർജനിക്കുന്നു എന്നാണ് വിശ്വാസം. ഇപ്പോഴത്തെ ദലൈലാമ തന്നെ തന്റെ അനന്തരാവകാരിയെക്കുറിച്ച് ഒരു പ്രവചനം നടത്തിയിട്ടുണ്ട്; പുതിയ ദലൈലാമ ജനിക്കുന്നത് ഫ്രീ വേൾഡിൽ (സ്വാതന്ത്ര്യമുള്ള സ്ഥലത്ത്) ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ടിബറ്റിനെയും ഭാരതത്തെയും വേർതിരിക്കുന്ന ഹിമാലയൻ പ്രദേശങ്ങളിൽ, ടിബറ്റൻ ബുദ്ധിസത്തിന് വലിയ സ്വാധീനമുള്ള ഈ മേഖലയിൽ അദ്ദേഹം ജനിക്കാനാണ് സാധ്യത. ഇത് തടയാൻ ചൈന സ്വന്തം നിലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയി ദലൈലാമയായി വാഴിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ടിബറ്റൻ ജനത അത് അംഗീകരിക്കുന്നില്ല. ഇത് ചൈനയെ കട്ടപ്രാന്തിലാക്കുന്നുണ്ട്.

രണ്ടാമത്തെ കാരണം കുറച്ചുകൂടി തന്ത്രപരമാണ്; അത് ‘മലാക്ക കടലിടുക്കുമായി’ (Malacca Strait) ബന്ധപ്പെട്ടിരിക്കുന്നു. ചൈനയിലേക്കുള്ള എണ്ണവിഭവങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ 70 മുതൽ 80 ശതമാനം വരെ കടന്നുപോകുന്നത് ഈ മലാക്ക കടലിടുക്കിലൂടെയാണ്. ലക്ഷദ്വീപിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഭാരതത്തിന്റെ നാവിക സാന്നിധ്യം ശക്തമാകുന്നത് ചൈനയ്ക്ക് വലിയ ഭീഷണിയാണ്. ചൈന എവിടെയെങ്കിലും ഒരു പ്രശ്നം ഉണ്ടാക്കിയാൽ, ചൈനയുടെ കഴുത്തിന് പിടിക്കാൻ ഇന്ത്യക്ക് ഈ മലാക്ക കടലിടുക്ക് മതിയാകും എന്ന് അവർക്കറിയാം. അതിനാൽ, ആ സമുദ്രമേഖലയിൽ നിന്നുള്ള ഭാരതത്തിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അവർ ഹിമാലയൻ അതിർത്തിയിൽ നിരന്തരം സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്.
ചൈനയ്ക്ക് ഇന്ത്യക്കുള്ളിലേക്ക് വലിയൊരു യുദ്ധം നടത്താൻ യാതൊരു ഉദ്ദേശവുമില്ല. ഗൽവാനിൽ കണ്ടതുപോലെയുള്ള ഒരു ലോക്കലൈസ്ഡ് സംഘർഷം പോലും അവർക്ക് ഇന്ന് ദോഷം ചെയ്യും. അതുകൊണ്ട് അവർ ചെയ്യുന്നത് യഥാർത്ഥ നിയന്ത്രണ രേഖയിൽ പെട്രോളിങ് പാറ്റേണുകൾ മനപ്പൂർവ്വം തെറ്റിച്ച് ഇരുവിഭാഗവും മുഖാമുഖം വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.
എന്നാൽ ഓർക്കേണ്ട മറ്റൊരു പ്രധാന കാര്യം, 2014-ന് ശേഷവും 2017-ലെ ഡോക്ലാമിന് ശേഷവും ഭാരതം അതിർത്തിയിൽ വരുത്തിയ അടിസ്ഥാന സൗകര്യ വികസനമാണ്. ഇന്ന് തവാങ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ നമ്മുടെ സൈന്യത്തിന് റോഡുകളും മറ്റ് അത്യാധുനിക സൗകര്യങ്ങളും സ്വന്തമായുണ്ട്. തവാങ്ങിലാണ് ദലൈലാമയുമായി ബന്ധപ്പെട്ട പ്രധാന ബുദ്ധിസ്റ്റ് തീർത്ഥാടന കേന്ദ്രമുള്ളത്. അവിടേക്കൊക്കെ അതിവേഗം സൈന്യത്തിന് എത്തിച്ചേരാൻ ഇന്ന് സാധിക്കുന്നുണ്ട്.
ചുരുക്കത്തിൽ, മാധ്യമങ്ങൾ പറയുന്നതുപോലെ ഒരു യുദ്ധഭീതിയുടെയോ അടിയന്തിരാവസ്ഥയുടെയോ യാതൊരു ആവശ്യവുമില്ല. ചൈനീസ് പട്ടാളം അങ്ങോട്ട് കയറിവരാൻ പോകുന്നില്ല, ഒരുപക്ഷേ കയറിയാൽ തന്നെ അവരെ വെറുതെ വിടുന്ന നിലപാടിലല്ല ഇന്നത്തെ ഇന്ത്യൻ സൈന്യം ഉള്ളത്. ചൈനയുടെ ഇത്തരം കുതന്ത്രങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി ശക്തമായ പ്രതിരോധം തീർക്കാൻ ഭാരത സർക്കാരിനും സൈന്യത്തിനും ഇന്ന് സാധിക്കുന്നുണ്ട്. അതിനാൽ ഇൻഡോ-ചൈന യുദ്ധം നടക്കുമെന്നോർത്ത് ആരും തൽക്കാലം ആശങ്കപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *