ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കണോ? ഇവ കൃത്യമായി പിന്തുടരൂ

ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായ ഘടകമാണ്.എങ്കിൽ മാത്രമേ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുകയുള്ളൂ. ഓരോ മാസവും നല്ല രീതിയിൽ വരുമാനം ഉള്ള ഒരു വ്യക്തിക്ക് മാസാവസാനം ആകുമ്പോൾ വായ്‌പകൾ വാങ്ങേണ്ടി വരുന്നത് സാമ്പത്തിക അച്ചടക്കം ഇല്ലാത്തത്‌ മൂലം കൂടിയാണ്.മെഡിക്കൽ അടിയന്തരാവസ്ഥകൾ, ജോലിയില്‍ നിന്ന് പെട്ടെന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യം, ജീവിതത്തിലെ അവിചാരിത ചെലവുകൾ തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. ഈ സന്ദര്‍ഭങ്ങളിലാണ് അടിയന്തര ഫണ്ടിന്റെ (എമര്‍ജന്‍സി ഫണ്ട്) ആവശ്യകത വലിയ തോതില്‍ ഉണ്ടാകുന്നത്. ഒരു കാര്യം പറയട്ടെ നമ്മുടെ രാജ്യത്തെ 75 ശതമാനം വരുന്നവർക്കും ശരിയായ എമര്‍ജന്‍സി ഫണ്ടില്ല എന്നതാണ് സത്യം.അടുത്തിടെ നടത്തിയ ഒരു സർവേയിൽ ആണ് ഇത് കണ്ടെത്തിയത്.

കൃത്യം ഒരു വർഷത്തിനുള്ളിൽ തന്നെ അടിയന്തിര ആവശ്യങ്ങൾക്കുള്ള സുരക്ഷാ ഫണ്ട് സൃഷ്ടിക്കാൻ കഴിയുമോ?ഇതിനായി ആദ്യം വേണ്ടത്, പ്രതിമാസ ചെലവുകൾ വാടക, യൂട്ടിലിറ്റികൾ, പലചരക്ക് സാധനങ്ങൾ, വൈദ്യുതി ബില്ലുകൾ, തീർപ്പാക്കാത്ത വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് ഇഎംഐ കൾ എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ പ്രതിമാസ ചെലവുകൾ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കുക എന്നതാണ്.കൂടാതെ പ്രതിമാസ ചെലവുകള്‍ കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം വരെ ആസൂത്രിതമായ രീതിയിൽ നിര്‍വഹിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇതാണ് എത്ര പണം നിങ്ങൾക്ക് സമ്പാദ്യത്തിനായി നീക്കിവെക്കാന്‍ സാധിക്കുമെന്ന ധാരണ നൽകുന്നത്.ശേഷം നിങ്ങൾ പരിഗണന നൽകേണ്ടത് ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ ആണ്. പതിവ് ചെലവുകളുമായി പണം കൂട്ടിക്കലർത്തുന്നത് ഒഴിവാക്കാനായി ആണ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നത് . ഇത് നിങ്ങളെ എമര്‍ജന്‍സി ഫണ്ട് വേർതിരിച്ച് സൂക്ഷിക്കാൻ സഹായിക്കും. ഈ അക്കൗണ്ടിലേക്ക് പണം ഓട്ടോമേറ്റ് ചെയ്യുന്നത് സമ്പാദ്യം സുഗമമാക്കും.

തുടർന്ന് അവശ്യ ചെലവുകൾ ആസൂത്രണം ചെയ്യുകയും മുൻഗണന നൽകുകയും ചെയ്യുക. വില കൂടിയ വാച്ചുകള്‍, ആഡംബര വസ്ത്രങ്ങള്‍ തുടങ്ങിയ പര്‍ച്ചേസ് ചെലവുകള്‍ കുറക്കുക. ഈ പണം നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടിലേക്ക് നല്‍കുക.ശമ്പള ദിവസം തന്നെ അടിച്ചു പൊളിച്ചു ആഡംബര സാധനകൾ വാങ്ങുന്നത് കുറക്കുക എന്ന് സാരം.നമുക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യമാണ് വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തുക എന്നത് . നിങ്ങളുടെ വരുമാനം ഫ്രീലാൻസിംഗ്, സൈഡ് ബിസിനസുകള്‍, സൈഡ് ജോലികൾ തുടങ്ങിയവയിലൂടെ വർദ്ധിപ്പിക്കാന്‍ ശ്രമിക്കുക. ചെറിയ അധിക വരുമാനം പോലും കാലക്രമേണ നിങ്ങളുടെ സമ്പാദ്യത്തെ വലിയ തോതില്‍ ത്വരിതപ്പെടുത്തുമെന്നു പ്രത്യേകം മനസിലാക്കുമല്ലോ. ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്നാണ് കൃത്യമായി നിങ്ങളുടെ സമ്പാദ്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുക എന്നത്. കൂടാതെ ആവശ്യമെങ്കിൽ കൂടുതല്‍ പണം സമ്പാദ്യത്തിനായി മാറ്റിവെക്കുക. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യം നേടുന്നതിനായി ശരിയായ പാതയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനും തുടര്‍ച്ചായ ട്രാക്കിംഗ് നിങ്ങളെ സഹായിക്കും.ഇങ്ങനെ ശ്രദ്ധാപൂർവ്വം ഓരോ കാര്യങ്ങളും നടപ്പാക്കുന്ന മുറക്ക് നിങ്ങൾക്ക് എളുപ്പത്തിൽ ഒരു എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *