കൊച്ചി: ജ്യോതി യരാജി, തജീന്ദർപാൽസിങ് ടൂർ, കിഷോർ ജെന തുടങ്ങിയ ലോകോത്തര അത്ലറ്റിക്‌സ് താരങ്ങൾ ആവേശം നിറയ്ക്കാൻ കൊച്ചിയിലെത്തിക്കഴിഞ്ഞു.ഇത്തവണത്തെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കും.
മഹാരാജാസിലെ സിന്തറ്റിക് ട്രാക്കും മറ്റ് സജീകരണങ്ങളും അതിനായി ഒരുങ്ങിക്കഴിഞ്ഞു. വർഷം തോറും നടന്നുവരുന്ന രാജ്യത്തെ ഏറ്റവും വലിയ ട്രാക്ക് ആൻഡ് ഫീൽഡ് മേള ഇത് രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്.
അടുത്ത മാസം കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്കുള്ള ഫൈനൽ റിഹേഴ്‌സലും യോഗ്യതാ നിർണയവും ഒരേ സമയം നടക്കുന്നുവെന്ന പ്രത്യേകത കൂടി നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ ഫെഡറേഷൻ കപ്പിൻ്റെ 28-ാം പതിപ്പിനുണ്ട്. ഏതാനും താരങ്ങൾ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു ഇനി പല ഇനങ്ങളിലും യോഗ്യത നേടിയെടുക്കാനുണ്ട്. ഇതുകഴിഞ്ഞാൽ പിന്നെ ഇത്രയും വലിയ മത്സരം സമ്മാനിക്കുന്നൊരു വേദി ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് മുമ്പ് ഭാരത താരങ്ങൾക്ക് ലഭിക്കാനില്ല.