അമിതമായാൽ ആപത്ത്; പോഷകസമ്പന്നമായ ഈ ‘സൂപ്പർഫുഡ്’ ​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകും

ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുന്ന പലർക്കും പറ്റുന്ന ഏറ്റവും വലിയ അബദ്ധമാണ് നല്ലതെന്ന് തോന്നുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത്. ഇത്തരത്തിൽ ‘ആരോഗ്യകരമായ’ ഭക്ഷണങ്ങൾ ചില സാഹചര്യത്തിൽ ദൂരവ്യാപകമായി പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. പറഞ്ഞുവരുന്നത് പോഷകങ്ങളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ ബ്രസീലിയൻ നട്സിനെ പറ്റിയാണ്.

രോ​ഗപ്രതിരോധത്തിനും തൈറോയ്ഡ് ആരോ​ഗ്യത്തിനുമെല്ലാം ബ്രസീൽ നട്സ് മികച്ചതാണ്. കൂടാതെ, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഇ, സിങ്ക്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.ഇത്രയധികം ​ഗുണങ്ങളുണ്ടെങ്കിലും കണക്കില്ലാതെ ബ്രസീൽ നട്സ് കഴിക്കുന്നത് ശരീരത്തിൽ സെലിനിയത്തിന്റെ അളവ് കൂട്ടാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നു. 55 മൈക്രോഗ്രാം സെലീനിയം മാത്രമേ ഓരോ ദിവസവും ഒരാൾക്ക് ആവശ്യമുള്ളൂ. ​ഗർഭിണികൾക്ക് ഇത് 60 മൈക്രോഗ്രാമും മുലയൂട്ടുന്ന സ്ത്രീകൾക്ക് 70 മൈക്രോഗ്രാം ആണെന്നുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നത്.

അതിനാൽ, ഈ അളവിലധികം സെലീനിയം ശരീരത്തിലെത്തുന്നത് സെലനോസിസിന് കാരണമായേക്കും. വായിൽ ലോഹത്തിന്റെ രുചി അനുഭവപ്പെടുക, ക്ഷീണം, വയറിളക്കം, സന്ധി വേദന എന്നീ ലക്ഷണങ്ങൾ സെലനോസിസ് മൂലം ഉണ്ടായേക്കാം. തീവ്രമാകുന്ന അവസ്ഥയിൽ ഹൈപ്പർ റിഫ്ലെക്സിയ, ചർമത്തിൽ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ, എന്നിവയും ബാധിച്ചേക്കാം.

അതായത് ഓരോ ദിവസം ഒന്നോ രണ്ടോ ബ്രസീൽ നട്സ് മാത്രം കഴിക്കുന്നതാണ് ശരിയായ രീതി. ഇതുവഴി ആവശ്യമായ സെലീനിയം ലഭിക്കും. രാവിലെ സ്മൂത്തിയിൽ ബ്രസീൽ നട്സ് ചേർക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, സാലഡിലും യോ​ഗർട്ടിലും നട്സ് അരിഞ്ഞ് വിതറിയും മറ്റ് നട്സിന്റേയും പഴങ്ങളുടേയും ഒപ്പവും ബ്രസീൽ നട്സ് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *