പിഎം ശ്രീ; വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിലെത്തി അനുമോദിച്ച് എബിവിപി പ്രവർത്തകർ

പിഎം ശ്രീ ഒപ്പിട്ടതിന്‍റെ പേരിൽ വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിലെത്തി അനുമോദിച്ച് എബിവിപി പ്രവർത്തകർ. ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ചയാണ് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്‍റെ നേതൃത്വത്തിൽ മന്ത്രിയെ അഭിനന്ദിച്ചത്. പിഎംശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് തങ്ങളുടെ സമര വിജയമാണെന്നും എബിവിപി അവകാശപ്പെട്ടു.

ഇടതു-വലതുപ്രസ്ഥാനങ്ങളുടെ എതിർപ്പുകൾ മുഖവിലക്കെടുക്കാതെ പിഎംശ്രീയുടെ ഭാഗമായതുമൂലം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം ഉണ്ടാകുമെന്ന് ഇ.യു. ഈശ്വരപ്രസാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏപ്രിൽ 18- വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് പോയി കണ്ട് പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെക്കണമെന്ന് പറയുകയുണ്ടായി. സിപിഐയുടെ എതിർപ്പുകൊണ്ട് മാത്രമാണ് ഒപ്പുവെക്കാത്തതെന്നും തനിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഒപ്പുവെക്കാത്തതിനെത്തുടർന്ന് എബിവിപി സമരവുമായി മുന്നോട്ട് പോയി. പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്ന സമയത്ത് വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് പോയി അഭിനന്ദനം അറിയിക്കുകയായിരുന്നെന്നും ഇ.യു. ഈശ്വർ പറഞ്ഞു.

അതിനിടെ, പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്ന് എഐഎസ്എഫ് സെക്രട്ടറി എ. അധിൻ ആരോപിച്ചു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിലെ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെയാണ് മുൻ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വഞ്ചിച്ചതെന്ന് എ. അധിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എബിവിപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രവും അധിൻ എഫ്ബിയിൽ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *