ശബരിമല ശ്രീകോവിൽ കൊള്ളയടിച്ചത് സിപിഎം അറിഞ്ഞാണ്; വി മുരളിധരൻ

സിപിഎം അറിഞ്ഞാണ് ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് എന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥതല തട്ടിപ്പ് എന്ന് പറഞ്ഞ് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല. അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനാണ് എം.വി.ഗോവിന്ദന്‍ ശ്രമിക്കുന്നത്. അതിനര്‍ഥം അന്വേഷണം മുന്നോട്ടു പോയാല്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറസ്റ്റിലായാല്‍ മുൻ ദേവസ്വം മന്ത്രിക്കും ഇതില്‍ പങ്കുണ്ട് എന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്തു മാധ്യമങ്ങളെ കണ്ട വി മുരളീധരൻ പറഞ്ഞു.പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും സംരക്ഷിക്കാന്‍ ശ്രമിച്ച സിപിഎമ്മിന് എന്തുണ്ട് പറയാനെന്നും അദ്ദേഹം ചോദിച്ചു.കൊള്ളക്കാർക്ക് എതിരെ എന്ത് നടപടിയാണ് പിണറായിയും കൂട്ടരും സ്വീകരിക്കുന്നത് എന്നറിയാനാണ് ജനം ആഗ്രഹിക്കുന്നത് എന്നും വി മുരളീധരൻ ചോദിച്ചു.സിപിഎമ്മല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇത് ചെയ്യില്ല. ഭൂരിപക്ഷ സമുദായത്തിന്‍റെ വിശ്വാസത്തെയും ക്ഷേത്രങ്ങളെയും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *