ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിനുകളിലൊന്നാണ് വൈറ്റമിൻ ഡി. കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗിരണത്തിന് വൈറ്റമിന്‍ ഡി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യവും ഫോസ്ഫറസും ആവശ്യമാണ്. പേശികളുടെ പ്രവർത്തനത്തിനും ഹോർമോൺ സന്തുലനത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വൈറ്റമിൻ ഡി സഹായിക്കും. വൈറ്റമിൻ ഡിയുടെ അളവ് നമ്മുടെ മൂഡിനെയും ഊർജത്തെയും എല്ലാം ബാധിക്കും. വൈറ്റമിൻ ഡി യുടെ അളവ് കുറഞ്ഞാൽ എല്ലുകൾ ദുർബലമാവുകയും ക്ഷീണം തോന്നുകയും അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തിന് ഏറെ പണിപ്പെടേണ്ടി വരുകയും ചെയ്യും. ഇത്രയും അറിഞ്ഞപ്പോൾ തന്നെ വൈറ്റമിൻ ഡി നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലായിക്കാണുമല്ലോ? നമ്മുടെ ചർമം സൂര്യപ്രകാശവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശരീരം വൈറ്റമിൻ ഡി ഉൽപാദിപ്പിക്കുന്നത്. ഇത് വേനൽക്കാലത്ത് എളുപ്പമാണ്. എന്നാൽ പകലിന് ദൈർഘ്യം കുറയുകയും ആകാശം മൂടിക്കെട്ടി ഇരിക്കുകയും ചെയ്യുമ്പോൾ പുറത്തിറങ്ങിയുള്ള പ്രവൃത്തികൾ കുറയും.
വീട്ടിനകത്തു തന്നെ ഇരിക്കുമ്പോൾ സൂര്യപ്രകാശം ലഭിക്കാതെ വരും. അതുകൊണ്ടു തന്നെ തണുപ്പുകാലങ്ങളിൽ വൈറ്റമിൻ ഡിയുടെ അളവ് കുറയും. കടുത്ത ശൈത്യകാലം അനുഭവപ്പെടുന്ന രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവും. പ്രായമായവർ, ഇരുണ്ട നിറത്തിലുള്ള ചർമം ഉള്ളവർ, രാത്രി ഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവർ, കൂടുതൽ സമയവും മുറികൾക്കുള്ളിൽ ചെലവിടുന്നവർ ഇവരെയെല്ലാം വൈറ്റമിൻ ഡിയുടെ അഭാവം കൂടുതലായി ബാധിക്കും. വീഗൻ ഭക്ഷണരീതി പിന്തുടരുന്നവർക്കും സീലിയാക് ഡിസീസ്, വൃക്കരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും വൈറ്റമിൻ ഡി കുറയുന്നതു മൂലമുള്ള പ്രയാസങ്ങൾ ഉണ്ടാകും. വൈറ്റമിൻ ഡിയുടെ അഭാവം ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
- വെയിൽ കൊള്ളാം
വൈറ്റമിൻ ഡി ലഭിക്കാനുള്ള സ്വാഭാവികമായി മാർഗമാണ് സൂര്യപ്രകാശം ഏൽക്കുക എന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ ചർമത്തിലടിക്കുമ്പോഴാണ് ശരീരം, വൈറ്റമിൻ ഡി ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ട് തണുപ്പുകാലമാണെങ്കിൽ പോലും ആഴ്ചയിൽ മൂന്നോ നാലോ തവണ 10 മുതൽ 30 മിനിറ്റ് വരെ പുറത്തിറങ്ങണം. കഴിയുമെങ്കിൽ സൂര്യൻ ശക്തമായിരിക്കുന്ന ഉച്ചസമയത്തു തന്നെ പുറത്തിറങ്ങണം. മുഖം, കൈകൾ, കാലുകൾ ഇവിടങ്ങളിൽ വെയിൽ കൊള്ളാൻ അനുവദിക്കണം. ചെറിയ സമയത്തേക്ക് സൺസ്ക്രീൻ ഒന്നും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദീർഘനേരം പുറത്ത് ചെലവഴിക്കുന്നുണ്ടെങ്കിൽ മാത്രം സൺസ്ക്രീൻ ഉപയോഗിക്കാം.
.2 കൊഴുപ്പുള്ള മത്സ്യങ്ങൾ ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ വൈറ്റമിൻ ഡി ധാരാളമുണ്ട്. ചെമ്പല്ലി കുറച്ചു കഴിച്ചാൽ തന്നെ ഒരു ദിവസം ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കും. ഇതുകൂടാതെ ഈ മത്സ്യങ്ങളിൽ ഒമേഗ 3 ധാരാളമുണ്ട്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയിൽ ഒന്നോ രണ്ടോ മൂന്നോ തവണ ഈ മത്സ്യങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം
- മുട്ട, കൂൺ മുട്ടയുടെ മഞ്ഞക്കരുവിൽ കുറച്ചെങ്കിലും വൈറ്റമിൻ ഡി ഉണ്ട്. മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം. കൂണും വൈറ്റമിൻ ഡിയുടെ ഉറവിടമാണ്. ചിലയിനം കൂണുകൾ അൾട്രാവയലറ്റ് വികിരണങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ വൈറ്റമിൻ ഡി 2 ഉൽപാദിപ്പിക്കും. സസ്യാഹാരികൾക്ക് വൈറ്റമിൻ ഡി ലഭിക്കാൻ മികച്ച ഒരു ഭക്ഷണമാണ് കൂൺ.
