ബലാത്സംഗ- ഗര്‍ഭച്ഛിദ്രക്കേസില്‍ ഒളിവിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴി. കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള് പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. രണ്ടാമത്തെ എഫ്ഐആറില്‍ പരാതിക്കാരി ആരാണെന്നുപോലും അറിയില്ലെന്ന രാഹുലിന്റെ വാദം ഇതോടെ പൊളിഞ്ഞു.
കഴിഞ്ഞദിവസം എസ്പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റല്‍ തെളിവുകളും ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ നല്കി. ഹര്‍ജി വിധിപറയാന്‍ 10ലേക്ക് മാറ്റി. അതുവരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി പോലീസിന് നിര്‍ദേശം നല്കി.
ബെംഗളൂരു സ്വദേശിനി കെപിസിസി പ്രസിഡന്റിന് ഇമെയിലില്‍ നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിലാണ് രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കിയിരുന്നില്ല. ഇത് പ്രതിഭാഗം ആയുധമാക്കിയിരുന്നു. പരാതിക്കാരി വ്യക്തമായ മൊഴി നല്കിയ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസക്യൂഷന് വാദിച്ചിട്ടുണ്ട്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയില്‍ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്.
രണ്ടാമത്തെ പരാതിയില്‍ കൂടുതല്‍ കുരുക്ക്; കരഞ്ഞ് കാലുപിടിച്ചിട്ടും മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചെന്ന് മൊഴി
