ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യാത്രാ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളിയും തമ്മില്‍ പരിചയമുണ്ടെന്നും അവര്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം. ഇതു സംബന്ധിച്ച് ചില ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു. ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യവും ഉറവിടവും തിരയുന്നുണ്ട്.
കൂടാതെ പോറ്റിയുമൊത്ത് കടകംപള്ളി വിദേശ യാത്ര നടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കും. ചോദ്യം ചെയ്യലില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ളവ പരിശോധിച്ചേക്കും.ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് എസ്‌ഐടി സംഭവത്തില്‍ സര്‍ക്കാരിന്റെ പങ്ക് അന്വേഷിച്ചു തുടങ്ങിയത്.
പാളികള്‍ സ്വര്‍ണം പൂശാന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദമുണ്ടായെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായതോടെ സര്‍ക്കാര്‍ തലത്തില്‍ എസ്‌ഐടിക്കു മേല്‍ സമ്മര്‍ദം മുറുകി. അതിനാലാണ് അന്വേഷണം മെല്ലെയായത്. മന്ത്രിയായിരിക്കേ കടകംപള്ളി വെഞ്ഞാറമൂട് പുളിമാത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പല തവണയെത്തിയിരുന്നു. പത്മകുമാറും പോറ്റിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി എസ്‌ഐടിക്ക് വിവരം ലഭിച്ചു.
