CPM ൽ കൂട്ടത്തല്ല്പിണറായിയുടെ കള്ളം പൊളിഞ്ഞു

ജയിക്കുമ്പോൾ ചരിത്രം സൃഷ്ടിച്ച ‘ക്യാപ്റ്റൻ’, തോൽക്കുമ്പോൾ കുറ്റം ചുമക്കേണ്ടി വരുന്ന പാവം ‘അണികൾ’! ജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലെ എയർകണ്ടീഷണർ മുറിയിലേക്ക്, തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ വെയിലത്ത് കിടന്ന് ചോരനീരാക്കുന്ന താഴെത്തട്ടിലെ ലോക്കൽ സഖാക്കളുടെ തലയിലേക്ക്! എങ്ങനെയുണ്ട് ഈ ഒന്നൊന്നര കമ്മ്യൂണിസ്റ്റ് ജനാധിപത്യ ശൈലി? കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നുണ്ടാകും!
കേരളത്തിലെ സി.പി.എമ്മിൽ ഇപ്പോൾ നടക്കുന്ന ഈ ‘തെറ്റുതിരുത്തൽ നാടകം’ ഉണ്ടല്ലോ, അത് കണ്ടാൽ തോന്നും പാർട്ടിയിൽ വിമർശന സ്വാതന്ത്ര്യം അങ്ങ് ഒഴുകി നടക്കുകയാണെന്ന്. “അണികളേ… നിങ്ങൾ ഉള്ളത് പച്ചയ്ക്ക് തുറന്നു പറയൂ, നമ്മൾ ഒരുമിച്ച് ഇരുന്ന് തിരുത്തും” എന്ന് എം.എ ബേബി സഖാവ് മൈക്കിലൂടെ അങ്ങ് സിനിമാറ്റിക് ഡയലോഗ് അടിച്ചപ്പോൾ, പാവം താഴെത്തട്ടിലുള്ള സഖാക്കൾ വിചാരിച്ചു സംഗതി സത്യമാണെന്ന്. പാർട്ടി തങ്ങളെ കേൾക്കാൻ പോവുകയാണെന്ന് കരുതി അവർ ഉള്ളിലെ സങ്കടവും ദേഷ്യവുമൊക്കെ അങ്ങ് പച്ചയ്ക്ക് വിളിച്ചു പറഞ്ഞു! മുഖ്യമന്ത്രിയുടെ അമിത ധാർഷ്ട്യം, മാസപ്പടി വിവാദങ്ങൾ, തോന്ന്യാസങ്ങൾ, ജനങ്ങളെ ശത്രുക്കളാക്കുന്ന ശൈലി… അങ്ങനെ എണ്ണിയെണ്ണി അവർ പാർട്ടിയുടെ മുഖത്തുനോക്കി ചോദിച്ചു. പണ്ട് പാറശ്ശാലയിൽ സഖാവ് പിണറായി വിജയനെ ‘കാരണഭൂതൻ’ എന്ന് പാടി പുകഴ്ത്തി, മുറ്റത്ത് മുണ്ടുമടക്കിക്കുത്തി തിരുവാതിരക്കളി നടത്തിയ ഏരിയ സെക്രട്ടറി പോലും ഇത്തവണ കളം മാറി ചവിട്ടി! ഈ കനത്ത തകർച്ചയുടെയും പരാജയത്തിന്റെയും യഥാർത്ഥ ‘കാരണഭൂതൻ’ പിണറായി വിജയൻ എന്ന വ്യക്തി തന്നെയാണെന്ന് സ്വന്തം കമ്മിറ്റിയിൽ അണികളുടെ കയ്യടിയോടെ അദ്ദേഹം ആഞ്ഞടിച്ചു!

പക്ഷേ, അടിത്തട്ടിലെ ഈ കനൽത്തരികളുടെ ആക്രോശങ്ങളും വികാരങ്ങളുമൊക്കെ അടങ്ങിയ റിപ്പോർട്ട് നേരെ തിരുവനന്തപുരം എ കെ ജി സെന്ററിലെ വലിയ എയർകണ്ടീഷണർ മുറിയിലേക്ക് എത്തിയപ്പോഴാണ് ഒറിജിനൽ ട്വിസ്റ്റ് നടന്നത്. താഴെ നിന്ന് വന്ന കത്തുകളിലെ പിണറായിക്കെതിരെയുള്ള ഓരോ വരിയും, ഓരോ വിമർശനവും, നേതൃമാറ്റത്തിനായുള്ള അണികളുടെ മുറവിളികളും നമ്മുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇരട്ടച്ചങ്കോടെ അങ്ങ് ‘വെട്ടിനിരത്തി’! അണികൾ വിചാരിച്ചു തങ്ങൾ പാർട്ടിയെ തിരുത്തുകയാണെന്ന്, പക്ഷേ ഒടുവിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മനസ്സിലായി—മുകളിലിരിക്കുന്നവർ അണികളുടെ വായയാണ് തിരുത്തി അടപ്പിച്ചത് എന്ന്! അണികളെ പെരുവഴിയിലാക്കി എ കെ ജി സെന്ററും ക്ലിഫ് ഹൗസും നടത്തുന്ന ഈ ഒളിച്ചുകളിയുടെ അന്ത്യം എവിടെയാണ്? പിണറായിയും ഗോവിന്ദനും മാറുമോ, അതോ കേരളത്തിലും ബംഗാൾ ആവർത്തിക്കുമോ? വായ തുറന്ന അണികൾ ഒടുവിൽ ചെന്നെത്തുന്നത് എവിടെയായിരിക്കും? ഒട്ടും സമയം കളയുന്നില്ല, ബാക്കി കാര്യങ്ങൾ നമുക്കൊന്ന് വിശദമായി പൊളിച്ചടുക്കാം!
ഇവിടെയാണ് കളി ചിരിക്കേണ്ടതോ കരയേണ്ടതോ എന്ന് മനസ്സിലാകാത്ത അവസ്ഥയിലേക്ക് മാറുന്നത്. പരാജയത്തിന്റെ ഒന്നാം പ്രതി ക്യാപ്റ്റൻ തന്നെയാണെന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാം. കെ.കെ. ശൈലജ ടീച്ചറെപ്പോലെയുള്ള ജനകീയ മുഖങ്ങളെ മുന്നിൽ നിർത്തിയിരുന്നെങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് അണികൾ അലമുറയിട്ടു പറയുമ്പോഴും, മുകളിൽ ഇരിക്കുന്നവർക്ക് അതൊന്നും കേൾക്കാനുള്ള ചെവിയില്ല. പകരം അവർ കണ്ടെത്തിയ ഒരു ദിവ്യ ഔഷധമുണ്ട്—’കൂട്ടായ ഉത്തരവാദിത്തം’. എന്തൊരു മനോഹരമായ വാക്കാണത്! ജയിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ ഇരട്ടച്ചങ്കനും ക്യാപ്റ്റനും കാരണഭൂതനും മാത്രമായിരിക്കും. അതിന് വേണ്ടി പ്രത്യേകം പിആർ ഏജൻസികളും പാട്ടുകാരും തിരുവാതിരക്കളി കലാകാരന്മാരും റെഡിയായി നിൽപ്പുണ്ടാകും. പക്ഷേ തോൽക്കുമ്പോൾ മാത്രം അത് ക്യാപ്റ്റന്റെ തലയിൽ വരില്ല, അത് അണികളുടെ കൂട്ടായ ഉത്തരവാദിത്തമായി മാറും! അതായത്, വോട്ടു കുറഞ്ഞത് കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലുമുള്ള ലോക്കൽ സഖാക്കളുടെ പ്രവർത്തന വൈകല്യം കൊണ്ടാണത്രേ! മുകളിലിരിക്കുന്നവർ ചെയ്ത അഴിമതിയും ധാർഷ്ട്യവും താഴെയുള്ളവർ ചുമക്കണം.
സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ പത്രസമ്മേളനത്തിൽ വന്നിരുന്ന് ശാസ്ത്രീയമായി ഇത് വിശദീകരിക്കുന്നത് കാണുമ്പോൾ തന്നെ സഹതാപം തോന്നും. അദ്ദേഹത്തിന്റെ ഒടുവിലത്തെ കണ്ടെത്തൽ എന്താണെന്നോ? കേരളത്തിൽ സർക്കാരിനെതിരെ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല! മുഖ്യമന്ത്രിയുടെ അമിത ധാർഷ്ട്യത്തിൽ ജനങ്ങൾക്ക് ഒട്ടും എതിർപ്പുമില്ല! പിന്നെന്താ സംഭവിച്ചത് എന്ന് ചോദിച്ചാൽ, അങ്ങ് വോട്ട് ബാങ്കുകളിൽ ചെറിയ ചില അടിയൊഴുക്കുകൾ ഉണ്ടായി, പ്രതിപക്ഷം ബോധപൂർവ്വം ചില കുപ്രചാരണങ്ങൾ നടത്തി, അതുകൊണ്ട് പാവം ജനങ്ങൾ തെറ്റിദ്ധരിച്ചു! ജനങ്ങളുടെ പൾസ് അറിയാൻ ഇത്രയും വലിയൊരു പാർട്ടി മെഷിനറി ഉണ്ടായിട്ടും ഒടുവിൽ കുറ്റം മുഴുവൻ വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും കുപ്രചാരണം നടത്തിയ പ്രതിപക്ഷത്തിന്റെ തലയിലുമായി. പത്തു കൊല്ലത്തെ ഭരണം ജനങ്ങളെ സ്വാഭാവികമായി എതിരാക്കിയെന്നും ഭരണത്തിൽ ചില ‘തെറ്റായ പ്രവണതകൾ’ ഉണ്ടായെന്നും റിപ്പോർട്ടിൽ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. പക്ഷേ ആ തെറ്റായ പ്രവണതകൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ സെക്രട്ടറിക്ക് മിണ്ടാട്ടമില്ല. അത് തിരുത്താൻ പോയിട്ട് അതിന് കാരണക്കാരായവരെ ശിക്ഷിക്കാൻ പോലും പാർട്ടി മുതിരുന്നില്ല.
ഇതാണ് പണ്ട് പശ്ചിമ ബംഗാളിലും സംഭവിച്ചത്. അവിടെയും ഇതുപോലെ ബുദ്ധദേവ് ഭട്ടാചാര്യയുടെയും അവിടുത്തെ നേതാക്കളുടെയും കടുംപിടുത്തങ്ങളെ ചോദ്യം ചെയ്ത അണികളുടെ വായ മൂടിക്കെട്ടി. ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ സ്വന്തം നേതാക്കളെ സംരക്ഷിക്കാൻ പാർട്ടി മെഷിനറിയെ മുഴുവൻ ദുരുപയോഗം ചെയ്തപ്പോൾ ബംഗാളിലെ ജനങ്ങൾ ഒരു സുപ്രഭാതത്തിൽ പാർട്ടിയെ അങ്ങ് തൂത്തുവാരി ബംഗാൾ ഉൾക്കടലിൽ എറിഞ്ഞു! ഇന്ന് ബംഗാളിൽ സി.പി.എം വെറുമൊരു ബോർഡ് മാത്രമായി അവശേഷിക്കുമ്പോഴും, ആ ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ കേരളത്തിലെ നേതൃത്വം തയ്യാറല്ല എന്നതാണ് ഏറ്റവും വലിയ തമാശ. എം. വി. ഗോവിന്ദനും പിണറായി വിജയനും അവിടെത്തന്നെ കാണും, അവർക്ക് യാതൊരു മാറ്റവുമുണ്ടാകില്ല. കാരണം, അവർക്ക് തിരുത്തൽ എന്നാൽ അണികളെ തിരുത്തൽ മാത്രമാണ്, സ്വയം തിരുത്തലല്ല.

ഇപ്പോൾ ഇതാ ഈ തമ്മിലടി ഒതുക്കിത്തീർക്കാൻ ഓഗസ്റ്റ് മാസം വരെ സമയം നീട്ടി നൽകിയിരിക്കുകയാണ്. ഓഗസ്റ്റിൽ ഒരു വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുമത്രേ. അതിന് മുൻപ് അണികൾക്ക് ഒന്നുക്കൂടി വായ തുറക്കാൻ അവസരം കൊടുക്കും. എന്നിട്ട് എന്ത് ചെയ്യും? നേരത്തെ ചെയ്തതുപോലെ പിണറായിക്കെതിരെയുള്ള വരികൾ നോക്കി നോക്കി വെട്ടിമാറ്റും! ഈ നാടകം കാണുമ്പോൾ പാവം അണികൾക്ക് ഇപ്പോഴാണ് കാര്യം മനസ്സിലായത്—എം.എ ബേബിയെ വിശ്വസിച്ച് പിണറായിയെ വിമർശിച്ചവർ ഒടുവിൽ പെരുവഴിയിലാകുന്ന അവസ്ഥയാണ്. ഈ തമ്മിലല്ലിന് ഒരു അന്ത്യവുമില്ല, ഇതൊരു തുടർച്ചയായ പ്രഹസനമാണ്. ക്ലിഫ് ഹൗസും എ കെ ജി സെന്ററും വിചാരിക്കുന്നത് അവർ ചെയ്യുന്നതെല്ലാം ജനങ്ങൾ കണ്ണുമടച്ച് വിശ്വസിച്ചോളും എന്നാണ്. സർക്കാരിന്റെ നയങ്ങളിലോ മുഖ്യമന്ത്രിയുടെ ശൈലിയിലോ തെറ്റില്ല എന്ന് ആവർത്തിച്ചു പറയുമ്പോഴും, താഴെത്തട്ടിൽ പുകയുന്ന കനൽ എന്ന് കെടുമെന്ന് ആർക്കും അറിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാർഷ്ട്യവും, അഴിമതി ആരോപണങ്ങളും, വണ്ടിച്ചെക്ക് വിവാദങ്ങളും, മാസപ്പടിയും ഒക്കെ ജനങ്ങൾ മറന്നോളും എന്ന് കരുതുന്നത് എത്രത്തോളം വിഡ്ഢിത്തമാണ്!
ഈ കടുംപിടുത്തം തിരുത്തിക്കാൻ അണികൾക്ക് കഴിഞ്ഞില്ലെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിലും വലിയൊരു ‘ബംഗാൾ മോഡൽ’ ദുരന്തമായിരിക്കും ഈ പാർട്ടിയെ കാത്തിരിക്കുന്നത്. തിരുത്തൽ പ്രക്രിയ എന്നത് വെറും കണ്ണിൽപ്പൊടിയാണെന്ന് ജനങ്ങൾക്കും അണികൾക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോ ഓഗസ്റ്റിലെ വിപുലീകരിച്ച കമ്മിറ്റി കൂടി കഴിഞ്ഞാൽ ഗോവിന്ദൻ മാസ്റ്റർ അടുത്ത ക്യാപ്സൂളും കൊണ്ട് വരും. അതുകൊണ്ട് സഖാക്കളെ, മുകളിൽ ഇരിക്കുന്നവർക്ക് ഒരു മാറ്റവുമില്ല, അവർ അങ്ങനെയേ പോകൂ. താഴെയുള്ളവർ ഇനിയും തൊണ്ട പൊട്ടി നിലവിളിച്ചാലും എ കെ ജി സെന്ററിലെ എസിയുടെ തണുപ്പിൽ ആ ശബ്ദം അങ്ങ് ഇല്ലാതായിക്കോളും. ഈ തമ്മിലടി ഇവിടെയൊന്നും തീരില്ല, ഇത് തുടർന്നുകൊണ്ടേയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *